ADVERTISEMENT

ന്യൂഡൽഹി∙ നടി ലീന മരിയ പോൾ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയത് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ. 10 കോടി രൂപയുടെ സമ്മാനങ്ങളിൽ 52 ലക്ഷം രൂപ വിലയുള്ള കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. വായ്പാ തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽനിന്ന് സുകാഷ് 200 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഈ വർഷം ജനുവരിയിൽ സുകാഷും ജാക്വിലിനും സംസാരിക്കാൻ തുടങ്ങിയെന്നും പിന്നീട് സുകാഷ് ജാക്വിലിനു സമ്മാനങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സമ്മാനങ്ങളിൽ ആഭരണങ്ങളും പാത്രങ്ങളും നാലു പേർഷ്യൻ പൂച്ചകളും ഉൾപ്പെടുന്നു. അവയിലൊന്നിന് 9 ലക്ഷം രൂപ വില വരും. 52 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കുതിരയും സമ്മാനമായി നൽ‌കി. സുകാഷ് ജയിലിലായിരിക്കുമ്പോൾ ജാക്വിലിന്‍ സുകാഷുമായി ഫോണിൽ സംസാരിക്കുമായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

സുകാഷിന് ജാമ്യം ലഭിച്ചതിനുശേഷം, ജാക്വിലിനുവേണ്ടി മുംബൈയിൽനിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽനിന്ന് ചെന്നൈയിലേക്കും ചാർട്ടേഡ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ ചാർട്ടേഡ് വിമാനം വഴിയുള്ള യാത്രയ്ക്കായി സുകാഷ് എട്ട് കോടി രൂപ ചെലവഴിച്ചു. ജാക്വിലിന്റെ ബന്ധുക്കൾക്ക് സുകാഷ് വൻതുക അയച്ചതായും ഇഡി കോടതിയെ അറിയിച്ചു.

ജാക്വിലിനെയും സഹായികളെയും നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. ജാക്വിലിനൊപ്പം ചോദ്യം ചെയ്യപ്പെട്ട നടി നോറ ഫത്തേഹിയെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. സുകാഷ് ഒരു കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറും ഐഫോണും നോറ ഫത്തേഹിക്ക് സമ്മാനിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. നോറയ്ക്ക് ഒരു കാർ സമ്മാനമായി നൽകിയതായി സുകാഷ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

English Summary: Rs 9 Lakh Cat For Bollywood Actor In Conman's Gifts Worth Crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com