അനൂപ് രാമകൃഷ്ണന് അന്ത്യാഞ്ജലി; വിട പറഞ്ഞത് വിഷ്വല്‍ ഡിസൈനിങ് പ്രതിഭ

anoop
അനൂപ് രാമകൃഷ്ണൻ
SHARE

കോഴിക്കോട് ∙ പ്രമുഖ വിഷ്വൽ ഡിസൈനറും മലയാള മനോരമ മുൻ ഡിസൈൻ കോ–ഓർഡിനേറ്ററുമായ പാവങ്ങാട് സരോവരത്തിൽ അനൂപ് രാമകൃഷ്ണൻ (52)  അന്തരിച്ചു. മൈൻഡ്‌വേ ഡിസൈൻസിന്റെ ഡയറക്ടറും ചീഫ് ക്രിയേറ്റീവ് ഓഫിസറും ആണ്. ഡിപിഐ ഓഫിസ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി വിരമിച്ച പുത്തൻവീട്ടിൽ രാമകൃഷ്ണന്റെയും മലബാർ ക്രിസ്ത്യൻ കോളജ് മുൻ അധ്യാപിക ഗ്ലാഡിസ് രാമകൃഷ്ണന്റെയും മകനാണ്.

പത്രരൂപകൽപ്പനയിലും ടൈപ്പോഗ്രഫിയിലും മൾട്ടിമീഡിയ രംഗത്തും ആധുനിക സങ്കേതങ്ങൾ പരീക്ഷിച്ച അനൂപ് ഗ്രാഫിക് ഡിസൈനിങ്ങിലും പുതുമകൾ അവതരിപ്പിച്ചു. മീഡിയ, ബ്രാൻഡിങ് രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പുകൾക്കുടമയാണ്. സിൽവർ സൈനിന്റെ ഡിസൈൻ എൻജിനീയർ, ഇൻഫോസിസിൽ പ്രിൻസിപ്പൽ എൻജിനീയർ ഓഫിസർ തുടങ്ങിയ  നിലകളിൽ പ്രവർത്തിച്ചു. 

കണ്ണൂർ എൻജിനീയറിങ് കോളജിലെ ബിടെക് പഠനത്തിനു ശേഷം ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജിയിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദം നേടി. മനോരമ ബുക്സ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അനൂപ്  എഡിറ്റ് ചെയ്ത ‘എംടി, അനുഭവങ്ങളുടെ പുസ്തകം’ എം.ടി.വാസുദേവൻ നായരുടെ എഴുത്തുജീവിതത്തെയും ചലച്ചിത്ര സപര്യയെയും അതിന്റെ വൈപുല്യത്തിൽ അടയാളപ്പെടുത്തുന്നതാണ്. 

മനോരമ തന്നെ പുറത്തിറക്കിയ എംടിയുടെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കിയുള്ള ‘എംടിയുടെ ലോകം’,  മലയാള ഭാഷാ പ്രചാരണത്തിന്റെ ഭാഗമായ  ‘എന്റെ മലയാളം’ എന്നീ സിഡി റോമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളെ അണിനിരത്തിയ ‘വേഷങ്ങൾ’ എന്ന മൊബൈൽ‍ ആപ്ലിക്കേഷനും ഏറെ സ്വീകാര്യത നേടി. 

സിംബയോസിസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷന്റെ യുവപ്രതിഭാ പുരസ്‌കാരം, യുഎസ് ആസ്‌ഥാനമായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈനിന്റെ (എസ്എൻഡി) ഇന്ത്യ ചാപ്‌റ്റർ നൽകുന്ന ബെസ്‌റ്റ് ഓഫ് ഇന്ത്യൻ ന്യൂസ് ഡിസൈൻ പുരസ്കാരം, മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെലോഷിപ് എന്നിവ നേടിയിട്ടുണ്ട്. ഭാര്യ മീന അനൂപ് കെഎസ്ഇബിയിൽ അസി. എക്സിക്യുട്ടീവ് എൻജിനീയറാണ്. പ്ലസ്‌ വൺ വിദ്യാർഥിനിയായ ശിവകാമിയാണ് മകൾ. സംസ്കാരം നടത്തി. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ അന്ത്യോപചാരമർപ്പിച്ചു.

English Summary: Anoop Ramakrishnan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS