ADVERTISEMENT

കൂനൂർ∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം സംഭവിച്ചതെന്ന് റിപ്പോർട്ട്. ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകട സ്ഥലത്ത് നിന്ന് എടുത്തപ്പോൾ അദ്ദേഹം സ്വന്തം പേര് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഊട്ടി കൂനൂരിന് അടുത്ത് കാട്ടേരി ഹോട്ടികൾചർ പാർക്കിനു സമീപം നഞ്ചപ്പസത്രത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14ൽ 13പേരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറൽ റാവത്തിനു നിർദേശമുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവന്നിരുന്നു.

രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു. റോഡ് മാർഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള സന്നാഹങ്ങളും ഒരുക്കിയിരുന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. യാത്രയുമായി മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകുകയായിരുന്നോ എന്നു വ്യക്തമല്ല.

English Summary: General Bipin Rawat was found alive died on the way to hospital says rescuer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com