ADVERTISEMENT

ന്യൂഡൽഹി∙ ‘പപ്പ എന്റെ എല്ലാ കാര്യങ്ങളും കേൾക്കുമായിരുന്നു. ഇപ്പോൾ പേടിയാവുന്നു. പപ്പ ഒരുപാട് കൊഞ്ചിച്ചു വളർത്തിയ മകളാണു ഞാൻ. പപ്പയായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. അദ്ദേഹം എല്ലാവരെയും പ്രചോദിപ്പിച്ചു, സന്തോഷിപ്പിച്ചു. ഇതു വിധിയാകാം. അദ്ദേഹത്തിന് ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നില്ലെന്നോർക്കുമ്പോൾ ആശ്വാസമുണ്ട്. അച്ഛനൊപ്പമുള്ള നല്ല ഓർമകളുമായി ഞാൻ ജീവിക്കും. പപ്പ എന്റെ ഹീറോ ആയിരുന്നു; ഏറ്റവും നല്ല സുഹൃത്തും.’– കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ലഖ്‌വിന്ദർ സിങ് ലിഡ്ഡറുടെ മകൾ ആഷ്ന ലിഡ്ഡറുടെ വാക്കുകളാണ് ഇത്.

വെള്ളിയാഴ്ച രാവിലെ എൽ.എസ്. ലിഡ്ഡറുടെ മൃതശരീരം ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനം ഏറ്റുവാങ്ങുമ്പോൾ, സങ്കടം ഉള്ളിലൊതുക്കി തലയെടുപ്പോടെ ആഷ്നയും അമ്മ ഗീതികയും നിന്നപ്പോൾ കണ്ടുനിന്ന പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ദുഃഖഭരിതമായ അന്തരീക്ഷത്തിലാണ് ബ്രിഗേഡിയർക്കു വിട നൽകിയത്. പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ദേശീയപതാക ആവരണം ചെയ്തതുമായ മൃതദേഹ പേടകത്തിന് അരികെ ഏറെനേരം കരച്ചിലടക്കി പിടിച്ചുനിന്ന ആഷ്‌ന ഏവരെയും നൊമ്പരപ്പെടുത്തി.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ആഷ്നയുടെ  ‘ഇൻ സെർച് ഓഫ് എ ടൈറ്റിൽ’ എന്ന കവിതാസമാഹാരം കഴിഞ്ഞ വർഷമാണു പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ, അപകടത്തിൽ മരിച്ച മധുലിക റാവത്തും പങ്കെടുത്തിരുന്നു. ‘എനിക്ക് 17 വയസ്സ് ആകാൻ പോവുകയാണ്. ഈ 17 വർഷവും അച്ഛൻ കൂടെ ഉണ്ടായിരുന്നു. ആ ഓർമകളുടെ സന്തോഷവുമായി ഞങ്ങൾ മുൻപോട്ട് പോകും. ഇതൊരു ദേശീയ നഷ്ടമാണ്. എന്റെ അച്ഛൻ ഒരു നായകൻ ആണ്. എന്റെ ഉറ്റ ചങ്ങാതിയും കൂടെയാണ്. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദകൻ. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങളുടെ വിധി. കൂടുതൽ നല്ല കാര്യങ്ങൾ ഭാവിയിൽ ഞങ്ങളെ തേടിയെത്തിയേക്കാം’- ദേശീയ വാർത്താ ഏജൻസിയോട് ആഷ്ന പറഞ്ഞു.

Aashna-Lidder-Geetika-1248
ലിഡ്‌ഡറുടെ മൃതദേഹ പേടകത്തെ ചുംബിക്കുന്ന ഭാര്യ ഗീതിക (ഇടത്), അദ്ദേഹത്തെ പുതപ്പിച്ച ദേശീയപതാക ചുംബിക്കുന്ന ആഷ്ന (വലത്)

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു എൽ.എസ്. ലിഡ്ഡർ. ജനറൽ ബിപിൻ റാവത്തിന്റെ ഓഫിസ് സ്റ്റാഫ് അംഗമായിരുന്ന ലിഡ്ഡർ, അദ്ദേഹത്തിന്റെ യാത്രയുടെ മുഖ്യ ചുമതലക്കാരനായിരുന്നു. ഏതാനും ദിവസം മുൻപ് മേജർ ജനറൽ റാങ്കിലേക്കു സ്ഥാനക്കയറ്റം കിട്ടിയിരുന്നു. റാവത്തിന്റെ സ്റ്റാഫംഗമായുള്ള അവസാന ചടങ്ങുകളിലൊന്നായിരുന്നു വെല്ലിങ്ടണിലേത്.

English Summary: 'My Hero': Ashna Lidder About Brigadier LS Lidder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com