ADVERTISEMENT

തിരുവനന്തപുരം∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനെതിരായ പ്രതിഷേധം മുസ്‌ലിം ലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായി മാറി. കോഴിക്കോട് നടന്ന സമ്മേളനം വെറും സമരപ്രഖ്യാപനം മാത്രമാണെന്ന് ലീഗ് വ്യക്തമാക്കിയതോടെ പ്രക്ഷോഭം ശക്തിപ്പെടുമെന്ന് ഉറപ്പായി. അതേസമയം മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി ആക്ഷേപിക്കുക കൂടി ചെയ്തതോടെ പെട്ടെന്നൊരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാരും തയാറായേക്കില്ല.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിലായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി വിവാദ പരാമര്‍ശം നടത്തിയത്. ഇതെത്തുടർന്നു സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി ലീഗിനെ കടന്നാക്രമിച്ചു. ‘നിങ്ങൾ ആദ്യം നിങ്ങൾ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാർട്ടിയാണോ അതോ മതസംഘടനയോ?’– പിണറായി ചോദിച്ചു.

മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ കടുത്തവിമര്‍ശനമുയര്‍ത്തി. മന്ത്രി റിയാസിനെയും ഭാര്യ വീണയെയും അപമാനിച്ചു നടത്തിയ പ്രസംഗം അപരിഷ്കൃതവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

പ‌രാമര്‍ശം വിവാദമായതിനു പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഖേദം പ്രകടിപ്പിച്ചു. അബ്ദുറഹ്മാന്‍ കല്ലായിയുടെ പരാമര്‍ശനത്തിനെതിരെ ഹരിത മുന്‍ ഭാരവാഹികളും രംഗത്തെത്തി.

English Summary: Waqaf Board: Muslim League and Government Face to Face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com