ADVERTISEMENT

‘ഇന്നലെ ഞാൻ നന്നായി ഉറങ്ങി’– പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ തിങ്കളാഴ്ച രാവിലത്തെ പ്രസ്താവനയാണ് ഇപ്പോൾ ജപ്പാനിലെ ചൂടൻ ചർച്ചാവിഷയം. 10 വർഷങ്ങൾക്കിടെ, ഔദ്യോഗിക വസതിയായ ‘കാന്റേയി’ൽ അന്തിയുറങ്ങിയ ആദ്യ പ്രധാനമന്ത്രി എന്ന നിലയിൽ വാർത്തകളിൽ നിറ‍ഞ്ഞതിനു പിന്നാലെയായിരുന്നു കിഷിദയുടെ ഈ പ്രഖ്യാപനം. 

‘പ്രേതങ്ങളുടെ ഭവനം’ എന്നു കുപ്രസിദ്ധി നേടിയ ഈ വസതിയിൽ തങ്ങാൻ ഭൂരിഭാഗം ജപ്പാൻ പ്രധാനമന്ത്രിമാരും ഇഷ്ടപ്പെട്ടിരുന്നില്ല. ഇവിടെ താമസിക്കാൻ പല പ്രധാനമന്ത്രിമാരും ഭയപ്പെട്ടിരുന്നു. ഔദ്യോഗിക വസതി ദൗർഭൗഗ്യം കൊണ്ടുവരും എന്നു മറ്റു ചിലരും കരുതി.  

കിഷിദയുെടെ മുൻഗാമികളായിരുന്ന യോഷിഹിദെ സുഗ, ഷിൻസോ ആബെ എന്നിവർ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്നില്ല. 1936ൽ നടന്ന പട്ടാള അട്ടിമറിയിൽ, ധനകാര്യ മന്ത്രി അടക്കം ഒട്ടേറെ ആളുകൾ ദുർമരണപ്പെട്ട ഈ വസതിയിൽ പ്രേതങ്ങൾ അലഞ്ഞു നടക്കുന്നതായി ഒട്ടേറെപ്പേർ ഇപ്പോഴും വിശ്വസിക്കുന്നു. 

താൻ സുഖമായി ഉറങ്ങി എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ അഭ്യൂഹങ്ങൾക്കു താൽക്കാലിക ശമനമായിരിക്കുകയാണിപ്പോൾ. വസതിയിൽ പ്രേതങ്ങളോടു സാദൃശ്യമുള്ള എന്തിനെയെങ്കിലും കണ്ടിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ, ‘ഇതുവരെയില്ല’! ‘പ്രേതഭവനം’ എന്ന് ഒട്ടേറെ ജാപ്പനീസ് പൗരൻമാരും പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന ഈ ഔദ്യോഗിക വസതിയുടെ ചരിത്രം ഒന്നു പരിശോധിക്കാം. 

10 വർഷങ്ങൾക്കിടെ ആദ്യം

നീണ്ട 10 വർഷങ്ങൾക്കിടെ, ആദ്യമായാണ് ഒരു ജാപ്പനീസ് പ്രധാനമന്ത്രി തന്റെ താമസത്തിനായി ഔദ്യോഗിക വസതിതന്നെ തിരഞ്ഞെടുക്കുന്നത്. 100 വർഷത്തോളം പഴക്കമുള്ള, അതിമനോഹരമായ നിർമിതിയായ ഈ ‘കൊട്ടാരത്തെ’ ചുറ്റിപ്പറ്റി പണ്ടുമുതലേ ഒട്ടേറെ നിഗൂഢതകളുമുണ്ട്. 

55,790 ചതുരശ അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തൃതി. രണ്ടു നിലകളുള്ള ഈ കൊട്ടാരം 1929ലാണ് ആദ്യമായി തുറന്നത്. 20–ാം നൂറ്റാണ്ടിലേക്കും ആധുനികതയിലേക്കുമുള്ള ജപ്പാന്റെ കാൽവയ്പ്പിന്റെ മുദ്രയായാണ് കൊട്ടാരം കരുതപ്പെട്ടിരുന്നത്. 1923ൽ ഉണ്ടായ അതിഭീകര ഭൂമികുലുക്കത്തിന്റെ തകർച്ചകള്‍ 3 വർഷം പിന്നിടുമ്പോഴാണ് ഔദ്യോഗിക വസതിയും അനുബന്ധ ഓഫിസും പ്രവർത്തന സ‍ജ്ജമായത് എന്നതും ശ്രദ്ധേയമാണ്.

യുഎസ് ആർക്കിടെക്ട് ഫ്രാങ്ക് ലോയ്ഡ് റൈറ്റ് രൂപകൽപന ചെയ്ത ഇംപീരിയിൽ ഹോട്ടലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഔദ്യോഗിക വസതിയുടെയും രൂപകൽപന. ടോക്കിയോ നഗരത്തെയും ജപ്പാനെയും തകർത്തെറിഞ്ഞ ഭൂകമ്പം നടന്ന അതേ ദിവസമാണ് ഇംപീരിയൽ ഹോട്ടലും തുറന്നത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടമാകുകയും നൂറുകണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്ത ആ ഭൂമികുലുക്കത്തിൽ പക്ഷേ, ഹോട്ടൽ ഇംപീരിയൽ മാത്രം തല ഉയർത്തി നിന്നു.

ഇതോടെയാണു ഇംപീരിയൽ ഹോട്ടലിനെ മാതൃകയാക്കി പുതിയ കെട്ടിടം രൂപീകരിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അങ്ങനെ, വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, 1929ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി തുറന്നു.

visesharangom-fumio-kishida-japan-prime-minister-cabinet-meeeting
ഫുമിയോ കിഷിദ.

∙ വിട്ടൊഴിയാതെ ദുരന്തങ്ങൾ

പ്രധാനമന്ത്രിയുടെ കെട്ടിടത്തിലെയും അനുബന്ധ ഓഫിസിലെയും സമാധാന അന്തരീക്ഷത്തിനു പക്ഷേ, 3 വർഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. 1932ൽ കൊട്ടാരത്തിൽ നുഴഞ്ഞുകയറിയ യുവ നാവിക സേന ഓഫിസർമാരുടെ ഒരു സംഘം അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകായിയെ വധിച്ചു. 

നാലു വർഷങ്ങൾക്കു ശേഷം മറ്റൊരു സൈനിക അട്ടിമറിക്കും പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക വസതി വേദിയായി. പക്ഷേ, പ്രധാനമന്ത്രി കെയ്സുകെ ഒകാദയ്ക്ക് ഒപ്പമായിരുന്നു അന്നു ഭാഗ്യം. കെട്ടിടത്തിൽ ഒളിച്ചിരുന്ന അദ്ദേഹം മരണത്തിൽനിന്നു രക്ഷപ്പെട്ടു.

അന്നുണ്ടായ വെടിവയ്പ്പിൽ ധനകാര്യമന്ത്രി അടക്കം അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്. വെടിയുണ്ടയേറ്റ് വസതിയുടെ പ്രവേശന കവാടത്തിലും ഒരു അടയാളം ഉണ്ടായി. ആക്രമണത്തിനു പിന്നാലെ, ജപ്പാനിൽ പട്ടാള ഭരണവും വന്നു. പട്ടാള അട്ടിമറിയിൽ മരിച്ചവരുടെ ആത്മാക്കൾ കെട്ടിടത്തിൽ അലഞ്ഞുതിരിയുന്നതായി അന്നു മുതൽ അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. 

വസതി വിട്ടൊഴിഞ്ഞ് പ്രധാനമന്ത്രിമാർ

രണ്ടാം ലോക മഹായുദ്ധത്തിന്റെ തകർച്ചയിൽനിന്നു ജപ്പാൻ ഉയർത്തെഴുന്നേറ്റ 1940 കളിലും, പിന്നീടുള്ള ഏതാനും ദശാബ്ദങ്ങളിലും പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക വസതിയിൽ യാതൊരു നവീകരണവും നടത്തിയില്ല. 

കെട്ടിടത്തിനോട് അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന ക്യാബിനറ്റ് ഓഫിസിലെ ജീവനക്കാർ കെട്ടിടം ശോകമൂകമെന്ന് അഭിപ്രായപ്പെട്ടു തുടങ്ങിയതിനു പിന്നാലെ, താൻ ആ കെട്ടടത്തിൽ പ്രേതങ്ങളെ കണ്ടിരുന്നെന്നു മുൻ പ്രധാനമന്ത്രി യോഷിറോ മോരി വെളിപ്പെടുത്തിയതായി ഒരു ജാപ്പനീസ് ദിനപത്രം റിപ്പോർട്ടു ചെയ്തു. ഇതോടെ കെട്ടിടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കൂടുതൽ കരുത്തു കൈവന്നു

എന്നാൽ, ഇതിനിടയിലും കെട്ടിടത്തിന്റെ ആഡംബര ഹാളാണു വിദേശ രാജ്യങ്ങളിൽനിന്നുള്ള പല പ്രതിനിധികൾക്കും ആതിഥ്യമരുളിയിരുന്നത്. യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. 1992ൽ നടന്ന വിരുന്നിനിടെ ഇവിടെനിന്നു ജോർജ് ബുഷിനും ‘പണി’ കിട്ടി. പ്രധാനമന്ത്രി കീച്ചി മിയാസാവയുടെ മടിയിൽ ഛർദിച്ചതിനുശേഷം ബുഷ് അന്നു ബോധം കെട്ടുവീണു.

∙ ഒടുവിൽ പുനർനിർമാണം

വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തെ വീടിനു സമാനമായ രീതിയിൽ സജ്ജീകരിക്കാൻ, 8.6 ബില്യൻ യെൻ ആണ് ജപ്പാൻ പിന്നീടു മുടക്കിയത്. കെട്ടിടത്തിലെ മുറികളും മറ്റ് അമൂല്യ വസ്തുക്കളും അധികൃതർ പരിഷ്കരിച്ചെടുത്തു. 2005ൽ നവീകരണം പൂർത്തിയാക്കിയതിനു ശേഷം കെട്ടിടത്തിലെ ‘ദുരാത്മാക്കളെ’ ഉന്മൂലനം ചെയ്യാൻ ഷിന്റോ സന്യാസിയെക്കൊണ്ട് ഉച്ചാടന കർമങ്ങൾ വരെ ചെയ്യിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളോളം ഭാഗികമായി അടഞ്ഞുകിടന്നതിനാൽ ഇവിടം പ്രേതങ്ങളുെടെ താവളമായിട്ടുണ്ടാകുമെന്നു രാഷ്ട്രീയക്കാർ അടക്കം പലരും ഉറച്ചു വിശ്വസിച്ചു. 

∙ 2012നു ശേഷം ആദ്യമായി കിഷിദ

JAPAN-POLITICS
മുൻ പ്രധാനമന്ത്രി യോഷിഹിദോ സുഗ.

രണ്ടു മാസങ്ങൾക്കു മുൻപു മാത്രം അധികാരമേറ്റ കിഷിദയാണ് 2012നു ശേഷം ഔദ്യോഗിക വസതിയിൽ താമസമാക്കുന്ന ആദ്യ പ്രധാനമന്ത്രി. യോഷിഹിക്കോ നോഡയാണ് ഇതിനു മുൻപു വസതിയിൽ താമസിച്ചിരുന്നത്. ‌കിഷിദയ്ക്കു മുൻപു പ്രധാനമന്ത്രിയായിരുന്ന യോഷിഹിദെ സുഗ പാർലമെന്റ് അംഗങ്ങൾക്കായുള്ള ഹൗസിങ് ക്ലോംപ്ലക്സിലാണു താമസിച്ചിരുന്നത്. മാധ്യമങ്ങളിൽനിന്നും മറ്റും കൃത്യമായ അകലം പാലിച്ച് നിയമ നിർ‌മാണം നടത്താൻ ഹൗസിങ് കോംപ്ലക്സിലെ താമസം അദ്ദേഹത്തെ സഹായിച്ചിരുന്നതായാണു വിലയിരുത്തപ്പെടുന്നത്. 

സുഗയ്ക്കു മുൻപു പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയാകട്ടെ, ഓഫിസിൽനിന്ന് അൽപം അകലെയുള്ള സ്വകാര്യ വസതിയിലാണു താമസിച്ചിരുന്നത്. ഇവിടെനിന്നു 15 മിനിറ്റ് സമയം കാറോടിച്ചാണ് അദ്ദേഹം ഓഫിസിലെത്തിയിരുന്നത്. കഴിഞ്ഞ ദിവസംവരെ ഈ ഔദ്യോഗിക വസതിയിൽ ആരും താമസിച്ചിരുന്നില്ലെങ്കിലും, പ്രതിവർഷ നികുതിയിൽനിന്നു 160 ദശലക്ഷം യെൻ ആണ് കെട്ടിടത്തിന്റെ ദൈനംദിന ചെലവുകൾക്കായി സർക്കാർ നീക്കിവച്ചിരുന്നതെന്നാണു ജാപ്പനീസ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയതിനു പിന്നാലെ, 2006–2007 വർഷങ്ങൾക്കിടെ, 10 മാസക്കാലം ആബെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണു താമസിച്ചിരുന്നത്. കഷ്ടിച്ച് ഒരു വർഷം മാത്രം അധികാരത്തിലിരുന്ന 6 പ്രധാനമന്ത്രിമാരാണ് ഈ കാലഘട്ടത്തിൽ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിമാർക്കു ദൗർഭാഗ്യം നൽകുന്ന വസതിയാണിതെന്നു പലരും വിധിയെഴുതി. 

∙ വസതി വേണ്ടേ വേണ്ട

2012ൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആബെ ഔദ്യോഗിക വസതിയിലേക്കു മടങ്ങിപ്പോയില്ല. അധികാരം ഏറ്റിട്ടും ഔദ്യോഗിക വസതിയിലേക്കു താമസം മാറ്റാൻ ആബെ തയാറാകാഞ്ഞതോടെ, ‘വസതി’ വീണ്ടും വാർത്തകളിൽ നിറഞ്ഞു. സ്വകാര്യ വസതിയിൽവച്ചു നടത്തിയ ചടങ്ങിലാണ് അദ്ദേഹം അധികാരമേറ്റത്. 

HEALTH-CORONAVIRUS/JAPAN
ഷിൻസോ അബെ.

പ്രേതങ്ങളോടുള്ള ഭയം മൂലമാണ് ആബെ ഔദ്യോഗിക വസതി നിരാകരിച്ചതെന്ന ആരോപണം പിന്നാലെ അധികൃതർ തള്ളി. 2007ൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആബെയുടെ രാജി. വസതിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളെ കുറിച്ചു യാതൊന്നും അറിയില്ലെന്ന പ്രഖ്യാപനത്തോടെ വിഷയത്തിൽ ആബെയും കൈമലർത്തി. 

11 മുറികളുള്ള കൂറ്റൻ വസതിയുടെ ആവശ്യം തനിക്കില്ലെന്നാണു ആബെ പിന്നീടു നൽകിയ വിശദീകരണം. അതേ സമയം, ഔദ്യോഗിക വസതിയിൽ സഹപ്രവർത്തകരുമൊത്തുള്ള അത്താഴ വിരുന്നിനിടെ, ആബെ ഇങ്ങനെ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു: ‘ഇവിടെ താമസിക്കാൻ എനിക്ക് ഒട്ടുംതന്നെ താൽപര്യമില്ല. ഇവിടെ പ്രേതങ്ങളുണ്ട്, വിശ്വാസമില്ലെങ്കിൽ നമുക്ക് എല്ലാവർക്കും ഇവിടെ ഒരുമിച്ചു താമസിക്കാം.’ 

ഏതായാലും വിരുന്നിനു ശേഷവും സ്വന്തം വസതിയിൽത്തന്നെയാണ് ആബെ തുടർന്നും താമസിച്ചത്. ഏറ്റവും അധികം ദിവസം രാജ്യത്തെ സേവിച്ച പ്രധാനമന്ത്രി എന്ന നേട്ടം ആബെ സ്വന്തമാക്കിയതും ഔദ്യോഗിക വസതിക്കു പുറത്തു താമസിച്ച ഈ കാലയളവിലാണ്. ഔദ്യോഗിക വസതിയിൽ താമസം തുടങ്ങിയ കിഷിദയെ ദൗർഭാഗ്യം പിടികൂടുമോ? വസതിയുടെ നിഗൂഢതകൾ സംബന്ധിച്ച കഥകൾ വെറും കെട്ടുകഥകളാണെന്നു സമർഥിക്കാൻ അദ്ദേഹത്തിന്റെ മനസ്സാന്നിധ്യത്തിനു കഴിയുമോ? കാത്തിരിക്കാം.‌ 

English Summary: Japan PM Kishida moving into haunted official residence with grisly history of murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com