ADVERTISEMENT

ജനീവ∙ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ കോവിഡ് വാക്സീന്റെ ഫലം കുറയ്ക്കും. ഒമിക്രോൺ വകഭേദം ഡെൽറ്റയെക്കാൾ വേഗത്തിൽ കൂടുതൽ ആളുകളിലേക്കു പടരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡിസംബർ 9 വരെയുള്ള കണക്കനുസരിച്ച് ഒമിക്രോൺ വകഭേദം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഡെൽറ്റ വകഭേദം ഏറ്റവും കുറവുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലും ഏറ്റവും കൂടുതൽ ഗുരുതരമായി ബാധിച്ച ബ്രിട്ടനിലും ഒമിക്രോൺ വളരെ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. ഡെൽറ്റയെക്കാൾ അതിവേഗം ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വളരെ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങൾ മാത്രമാണ് ഒമിക്രോൺ ബാധിതർ പ്രകടിപ്പിക്കുന്നത്. 

എന്നാൽ ഈ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് പറയാൻ ഇപ്പോഴത്തെ ഡേറ്റ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒമിക്രോൺ തീവ്രത കുറഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സമയമായിട്ടില്ലെന്നും വ്യാപന ശേഷി കൂടുന്നതു മൂലം അണുബാധയുടെ തീവ്രത കുറയുമെന്ന് കരുതുന്നില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ബ്രിട്ടനിൽ ഒമിക്രോൺ തരംഗം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കാനും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടെലിവിഷൻ അഭിമുഖത്തിൽ ആഹ്വാനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാൽ എന്തു സംഭവിക്കുമെന്നുള്ളതിന് മുൻകാല അനുഭവങ്ങൾ പാഠമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഒമിക്രോൺ കേസുകൾ രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സീനേഷൻ ബ്രിട്ടൻ വേഗത്തിലാക്കിയിരുന്നു. ബൂസ്റ്റർ ഡോസുകൾ രോഗതീവ്രത നിയന്ത്രിച്ചു നിർത്തുമെന്നാണ് പ്രതീക്ഷയെങ്കിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കാൻ അദ്ദേഹം നിർദേശം നൽകി. 

നിയന്ത്രണങ്ങൾ കർശനമാക്കിയില്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ ബ്രിട്ടനിൽ ഒമിക്രോൺ തരംഗമുണ്ടായേക്കാമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ (എൽഎസ്എച്ച്ടിഎം) മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത വർഷം ഏപ്രിലോടെ 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാൻ ഇടയുണ്ടെന്നും എൽഎസ്എച്ച്ടിഎം പ്രവചിച്ചിരുന്നു. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും എൽഎസ്എച്ച്ടിഎം മുന്നറിയിപ്പ് നൽകുന്നു. ക്രിസ്മസും പുതുവത്സര ആഘോഷങ്ങളും പിന്നിടുന്നതോടെ പ്രതിദിനം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

English Summary: Omicron Reduces Vaccine Efficacy, Spreads Faster, Says WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com