ADVERTISEMENT

തിരുവനന്തപുരം∙ പോത്തൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തിയശേഷം കാൽപാദം റോഡിൽ വലിച്ചെറിഞ്ഞ കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷിനെ കുടുക്കിയത് ഫോൺ കോളുകൾ. കേസിലെ 10 പ്രതികളും ദിവസങ്ങൾക്കുള്ളിൽ പിടിയിലായെങ്കിലും രാജേഷിനെ പിടികൂടാൻ സാധിക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു.

വർക്കലയിൽ കായലിനു നടുവിലെ തുരുത്തിൽ രാജേഷിനു വേണ്ടി തിരച്ചിൽ നടത്താൻപോയ സംഘത്തിലെ പൊലീസുകാരൻ മുങ്ങിമരിച്ചതോടെ കേസ് പൊലീസിനു വൈകാരിക വിഷയവുമായി. അൻപതിലധികം പേരടങ്ങുന്ന പൊലീസ് സംഘം റൂറൽ ഷാഡോ സംഘത്തോടൊപ്പം അന്വേഷണം വ്യാപകമാക്കി. ഇതിനിടെ, തമിഴ്നാട് നമ്പരിൽനിന്ന് കേരളത്തിലേക്കെത്തിയ ഫോണ്‍ കോളാണ് ഒട്ടകം രാജേഷിലേക്കു പൊലീസിനെ എത്തിച്ചത്.

രാജേഷുമായി ബന്ധമുള്ള ആളുകളുടെ ഫോൺ നമ്പരുകളെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിലൊരു നമ്പരിലേക്കാണ് തമിഴ്നാട്ടിൽനിന്ന് വിളി എത്തിയത്. രാജേഷ് പൈസ ആവശ്യപ്പെട്ടെങ്കിലും പരിചയക്കാരൻ ഫോൺ കട്ടു ചെയ്തു. നമ്പർ പളനിയിലേതാണെന്ന് മനസിലാക്കിയ റൂറൽ ഷാഡോ സംഘം അവിടേയ്ക്കു തിരിച്ചു. പളനി സ്വദേശിയുടെ ഫോൺ ഉപയോഗിച്ചാണ് വിളിച്ചതെന്നു മനസിലായി.

അയാളുടെ സഹായത്തോടെ രാജേഷ് പോയ സ്ഥലങ്ങൾ കണ്ടെത്തി സിസിടിവികൾ പരിശോധിച്ചു. കേരളത്തിലേക്കു ദീർഘദൂര ബസുകൾ സർവീസ് നടത്തുന്ന സ്റ്റാൻഡിലേക്ക് രാജേഷ് പോകുന്ന ദൃശ്യങ്ങൾ കിട്ടി. കെഎസ്ആർടിസിയുടെ സഹായത്തോടെ കേരളത്തിലെ വിവിധയിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ മനസിലാക്കി. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും രാജേഷിന്റ വിവരങ്ങളും ഫോട്ടോയും കൈമാറി.

കോയമ്പത്തൂർ സ്റ്റാൻഡിന്റെ പരിസരത്തുനിന്ന് ഒരു കോൾ വീണ്ടും രാജേഷിന്റെ പരിചയക്കാരന്റെ നമ്പരിലേക്കെത്തി. പൊലീസ് ഫോണിന്റെ ഉടമയെ കണ്ടെത്തി. നാട്ടിലേക്കു കോൾ ചെയ്യാൻ ഒരാൾ ഫോൺ ചോദിച്ചെന്നും അനുവദിച്ചെന്നുമായിരുന്നു മറുപടി. പിന്നീട് എറണാകുളം സ്റ്റാൻഡിൽനിന്നും വേറൊരാളുടെ ഫോൺ ഉപയോഗിച്ച് നാട്ടിലുള്ള ആളിനെ രാജേഷ് വിളിച്ചു. ഇതോടെ പോത്തൻകോടു പൊലീസ് എറണാകുളത്തേക്കു തിരിച്ചു. എറണാകുളത്തുനിന്നുള്ള ബസുകൾ പരിശോധിക്കാൻ പൊലീസിനു നിർദേശം നല്‍കിയിരുന്നു. കൊല്ലത്തുനിന്ന് ഫോൺ എത്തിയതോടെ രാജേഷിനെ തേടി പൊലീസ് ബസ് സ്റ്റാൻഡ് മൊത്തം തിരഞ്ഞു. ഒടുവിൽ തിരുവനന്തപുരത്തേക്ക് ബസിൽ കയറാൻ നിൽക്കുന്ന രാജേഷ് പൊലീസ് പിടിയിലായി.

കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ പിതാവിനെയും മാതാവിനെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചതാണ് വധത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സുധീഷിന്റെ അടുത്ത സുഹൃത്താണ് ഒട്ടകം രാജേഷ്. പൊക്കം കൂടുതലുള്ളതിനാലാണ് ഒട്ടകം എന്ന പേരു കിട്ടിയത്. ഒന്നും മൂന്നും പ്രതികളെ ചാത്തൻപാട് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ഒട്ടകം രാജേഷ് സ്ഥലത്തുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിനിടയിലാണ് പൊലീസിനു മനസിലായത്. അവരോട് കീഴടങ്ങാൻ പറഞ്ഞശേഷമാണ് ഒട്ടകം രാജേഷ് തമിഴ്നാട്ടിലേക്കു മുങ്ങിയത്. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ നാട്ടിലേക്കു തിരിച്ചു വരാൻ തീരുമാനിക്കുകയായിരുന്നു.

28 കേസുകളിലെ പ്രതിയാണ് ഒട്ടകം രാജേഷ്. 2004ൽ നടന്ന കൊലക്കേസിൽ നാലാം പ്രതിയാണ്. മംഗലപുരം സ്റ്റേഷൻ പരിധിയിൽ 2014ൽ ഒരാളെ കുത്തികൊന്ന കേസിലും ആ വർഷം തന്നെ ഒരാളുടെ കൈ വെട്ടിയ കേസിലും പ്രതിയാണ്. 2018, 19 വർഷങ്ങളിൽ കാപ്പ ചുമത്തി ജയിലടച്ചു. ജയിൽ മോചിതനായശേഷം ക്വട്ടേഷൻ, ലഹരി മരുന്നു വ്യാപാരത്തിൽ സജീവമായിരുന്നു.

English Summary: Key accused Ottakam Rajesh held in Pothencode Sudheesh murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com