ADVERTISEMENT

കൊച്ചി∙ കോൺഗ്രസ് പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ, സാമൂഹിക മണ്ഡ‍ലങ്ങളിലും ഉറച്ച നിലപാടിന്‍റെ ഉരുക്കുമുഷ്ടിയായിരുന്നു പി.ടി.തോമസ്. കെഎസ്‌യുവില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തില്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലും തൃക്കാക്കരയില്‍നിന്ന് രണ്ടു തവണ നിയമസഭയിലുമെത്തി.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകൾ വെള്ളം ചേര്‍ക്കാതെ നടപ്പാക്കണമെന്ന നിലപാടിനെതിരെ സഭയും മലയോര കര്‍ഷക സംഘടനകളും സ്വന്തം പാര്‍ട്ടിയും വരെ എതിർത്തുനിന്നപ്പോഴും പിന്നോട്ട് പോയില്ലെന്നത് പി.ടി.തോമസിനെ ചരിത്രത്തില്‍ വേറിട്ട് അടയാളപ്പെടുത്തും. 

നിലപാട് എന്ന വാക്കിന്‍റെ നേരര്‍ഥമായിരുന്നു പി.ടി. എന്ന രണ്ടക്ഷരം. അതുതന്നെയാണ് പി.ടി.യുടെ രാഷ്ട്രീയവും. ആ നിലപാടുകള്‍ കോണ്‍ഗ്രസിനുള്ളില്‍പോലും പലപ്പോഴും അദ്ദേഹത്തെ അനഭിമതനാക്കി. കയ്യെത്തും ദൂരത്തെത്തിയ കെപിസിസി അധ്യക്ഷ പദം അന്യമായതും അങ്ങനെയാണ്.

PT-Thomas-4
പി.ടി.തോമസ്

നഷ്ടങ്ങള്‍ ആ വഴി നീണ്ടിട്ടും കസ്തൂരിരംഗന്‍ വിഷയത്തിലെ നിലപാ‌ടില്‍ പി.ടി. വെള്ളം ചേര്‍ത്തുമില്ല. ആ ശരി പിന്നീട് കേരളത്തിന്റെ വലിയ ശരിയുമായി. അഞ്ചുവര്‍ഷം പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലത്തില്‍നിന്ന് പുറത്തുപോകേണ്ടി വന്നപ്പോള്‍, എല്ലാവരെയും ഞെട്ടിച്ച് ഹൈക്കമാന്‍ഡ് പി.ടി.യെ ഉറച്ച മണ്ഡലമായ തൃക്കാക്കരയില്‍ നിയോഗിച്ചു.

എറണാകുളവും ഇടുക്കിയുമായിരുന്നു പി.ടി.യുടെ രാഷ്ട്രീയ ഭൂമികകള്‍. മഹാരാജാസില്‍ പഠിക്കാനായി ഉപ്പുതുറയില്‍നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ തിരുത്തിയെഴുതപ്പെട്ടത് പി.ടി.യുടെ രാഷ്ട്രീയ ജാതകം കൂടിയായിരുന്നു. എറണാകുളം ലോ കോളജിലെ പഠന കാലത്താണ് അദ്ദേഹം കെഎസ്‌യു നേതൃത്വത്തിലേക്കെത്തുന്നത്. പി.ടി.യുടെ ജീവിതയാത്രയില്‍ ഉമ സഹധര്‍മിണിയായി ചേര്‍ന്നതിലും കൊച്ചിയുടെയും മഹാരാജാസിന്റെയും പരിഛേദങ്ങളുണ്ട്. 

നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്തപ്പോഴും, പി.ടി.പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പ്രയോക്താവായി. 1991ല്‍ പി.ജെ.ജോസഫിനെ അട്ടിമറിച്ചാണ് ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. 1996ല്‍ തോറ്റെങ്കിലും 2001ല്‍ മണ്ഡലം തിരിച്ചു പിടിച്ചു. 2006ല്‍ പി.ജെ.ജോസഫിനോട് തോറ്റു. 2009ല്‍ ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജില്‍നിന്ന് തിരിച്ചുപിടിച്ച പി.ടി., മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ശബ്ദമായി.

PT-Thomas-1
പി.ടി.തോമസ്

ഏറ്റവും ഒടുവില്‍ നിലപാടുകളുടെ പേരില്‍ തിരസ്കൃതനായി തൃക്കാക്കരയുടെ എംഎല്‍എ ആയപ്പോഴും പി.ടി. പഴയ പി.ടി തന്നെയാണെന്ന് ഒാരോ പ്രതികരണവും തെളിയിച്ചു. തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തില്‍നിന്ന് പാര്‍ട്ടി പുറത്തായപ്പോഴുണ്ടായ തലമുറ മാറ്റത്തിലും പി.ടി.തോമസിന്റെ സ്ഥാനം അടിയുറച്ചതായി.

English Summary: About PT Thomas MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com