ADVERTISEMENT

കൊച്ചി∙ നാലു തവണ എംഎല്‍എയായ പി.ടി.തോമസ് കേരള നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി സാന്നിധ്യമായിരുന്നു. ഏതു വിഷയവും ശക്തമായും വ്യക്തമായും അവതരിപ്പിക്കാനുള്ള അസാമാന്യപാടവം പി.ടി.യുടെ പ്രത്യേകതയായിരുന്നു. മയമില്ലാതെ വിമര്‍ശിക്കുമ്പോഴും മാന്യതയുടെ പര്യായം കൂടിയായിരുന്നു പി.ടി.തോമസ് എന്ന സാമാജികന്‍.

രണ്ടുതവണ തൊടുപുഴയെയും രണ്ടുതവണ തൃക്കാക്കരയെയും പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. പ്രത്യയശാസ്ത്രം മുതല്‍ പൊലീസ് അതിക്രമം വരെ, വിഷയം ഏതുമാകട്ടെ പി.ടി.ക്ക് വഴങ്ങാത്തതായി ഒന്നുമില്ല. വിമര്‍ശിക്കേണ്ടിടത്ത് മൂര്‍ച്ചയേറും വാക്കുകള്‍ കൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തും. ആഴത്തില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ അസാമാന്യ അവഗാഹത്തോടെ സംസാരിക്കും.

നിയമസഭയുടെ നടപടിക്രമങ്ങളില്‍ തെറ്റു കണ്ടാല്‍ അപ്പോള്‍ തിരുത്തുമായി പി.ടി. എഴുന്നേല്‍ക്കും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാകട്ടെ, സ്വര്‍ണക്കടത്ത് കേസാകട്ടെ, മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പാകട്ടെ അടിയന്തര പ്രമേയ വിഷയങ്ങളെല്ലാം പി.ടി.യുടെ കൈകളില്‍ ഭദ്രം. യുവ സാമാജികരില്‍ പോലും കാണാനാവാത്ത ഊര്‍ജസ്വലത അവസാന രണ്ടു സമ്മേളനങ്ങളിലും പി.ടി. നിലനിർത്തി. മുട്ടില്‍ മരംമുറി, നിയമസഭാ കയ്യാങ്കളി കേസ്, പുരാവസ്തു തട്ടിപ്പ് എന്നിവ അതിശക്തമായി സഭാ തലത്തിലുയര്‍ത്തിയത് പി.ടി.യായിരുന്നു.

pt-thomas-file-photo
പി.ടി.തോമസ്

വായനയുടെ ആഴം, കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രത്യയശസ്ത്രത്തിലുള്ള അടിയുറച്ച വിശ്വാസം, എന്നും ജനപക്ഷത്തു നില്‍ക്കാനുള്ള ആര്‍ജവം എന്നിവയായിരുന്നു പി.ടി. എന്ന നിയമസഭാ സാമാജികന്‍റെ കരുത്ത്. നിര്‍ഭയമായ ആ ശബ്ദവും പുഞ്ചിരി തെളിയുന്ന മുഖവും കേരള നിയമസഭാ ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും.

English Summary: PT Thomas memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com