ADVERTISEMENT

ചെന്നൈ ∙ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾക്കു ചലച്ചിത്ര ഭാഷ്യം നൽകിയ പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ (90) അന്തരിച്ചു. ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ.ഡി.ഡാനിയൽ പുരസ്കാരം ലഭിച്ചു. ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി.  ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവൻ.

1951ൽ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്‌സിന്റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്റെ സഹായിയായാണു സേതുമാധവന്റെ സിനിമാ ജീവിതത്തിനു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി. അസോഷ്യേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ 1961ൽ നിമിച്ച ജ്‌ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം.

തെന്നിന്ത്യൻ ചലച്ചിത്ര ഇതിഹാസമായ കമൽഹാസനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്നത് സേതുമാധവന്റെ ‘കണ്ണും കരളി’ലൂടെയാണ്’. ചിത്രത്തിൽ സത്യന്റെ മകനായ ബാലതാരമായി ആയിരുന്നു കമൽ രംഗത്തെത്തിയത്. ബാലതാരമായി കമലിനെ മലയാളത്തിലെത്തിച്ചതിനു പുറമേ യുവാവായ കമലിനെ മലയാളത്തിലേക്ക് കൊണ്ടു വന്നതും സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ. കന്യാകുമാരിയിൽ രംഗത്തെത്തിയ മറ്റൊരു പുതുമുഖമായിരുന്നു നടൻ ജഗതി ശ്രീകുമാർ.

പുസ്‌തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകൾ ഏറെയും പിറന്നതു സാഹിത്യരചനകളിൽ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടു വന്നു. ആറു ഭാഷകളിലായി 65 സിനിമകൾ. മലയാള സിനിമാ സങ്കൽപങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നൽകിയ സിനിമകൾ ഇന്നും പഴയ മനസുകളിൽ ഹിറ്റാണ്. പുതു തലമുറയ്‌ക്ക് അവയെല്ലാം അറിവിന്റെ വിജ്‌ഞാന കേന്ദ്രങ്ങളും. എംടിയുടെ തിരക്കഥയില്‍ ഒരുക്കിയ വേനല്‍ക്കിനാവുകള്‍ (1991) ആണ് അവസാന മലയാള ചിത്രം.

1931ല്‍ പാലക്കാട് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളജില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍

കെ.എസ്. സേതുമാധവന്റെ ചിത്രങ്ങൾ

1) ജ്‌ഞാനസുന്ദരി (1961)
2) കണ്ണും കരളും (1962)
3) സുശീല (1963)
4) നിത്യകന്യക (1963)
5) ഓമനക്കുട്ടൻ (1964)
6) മണവാട്ടി (1964)
7) അന്ന (1964)
8) ഓടയിൽനിന്ന് (1965)
9) ദാഹം (1965)
10) സ്‌ഥാനാർത്ഥി സാറാമ്മ (1966)
11) റൗഡി (1966)
12) അർച്ചന (1966)
13) ഒള്ളതു മതി (1967)
14) നാടൻ പെണ്ണ് (1967)
15) കോട്ടയം കൊലക്കേസ് (1967)
16) യക്ഷി (1968)
17) തോക്കുകൾ കഥ പറയുന്നു (1968)
18) പാൽമണം (തമിഴ്) (1968)
19) ഭാര്യമാർ സൂക്ഷിക്കുക (1968)
20) കൂട്ടുകുടുംബം (1969)
21) കടൽപ്പാലം (1969)
22) അടിമകൾ (1969)
23) വാഴ്വേമായം (1970)
24)മിണ്ടാപ്പെണ്ണ് (1970 )
25)കുറ്റവാളി (1970)
26) കൽപ്പന (1970)
27) അമ്മ എന്ന സ്‌ത്രീ (1970)
28) അരനാഴികനേരം (1970)
29) തെറ്റ് (1971)
30)ഒരു പെണ്ണിന്റെ കഥ (1971)
31)ലൈൻ ബസ്സ് (1971)
32)കരകാണാക്കടൽ (1971)
33)ഇങ്ക്വിലാബ് സിന്ദാബാദ് (1971)
34)അനുഭവങ്ങൾ പാളിച്ചകൾ (1971)
35)പുനർജൻമം (1972)
36)ദേവി (1972)
37)അച്‌ഛനും ബാപ്പയും (1972)
38)ആദ്യത്തെ കഥ (1972)
39)പണിതീരാത്ത വീട് (1973)
40)കലിയുഗം (1973)
41)ചുക്ക് (1973)
42)അഴകുള്ള സെലീന (1973)
43)കന്യാകുമാരി (1974)
44)ജീവിക്കാൻ മറന്നുപോയ സ്‌ത്രീ (1974)
45)ചട്ടക്കാരി (1974)
46)മക്കൾ (1975)
47)ചുവന്ന സന്‌ധ്യകൾ (1975)
48)ജൂലി (ഹിന്ദി) (1975)
49)പ്രിയംവദ (1976)
50)ഓർമ്മകൾ മരിക്കുമോ (1977)
51)അമ്മേ അനുപമേ (1977)
52)യെ ഹെ സിന്തഗി (ഹിന്ദി) (1977)
53)നക്ഷത്രങ്ങളെ കാവൽ (1978)
54)ഓപ്പോൾ (1981)
55)അഫ്‌സാന ദോ ദിലോംകാ (ഹിന്ദി) (1982)
56)സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)
57)അറിയാത്ത വീഥികൾ (1984)
58)ആരോരുമറിയാതെ (1984)
59)അവിടുത്തെപ്പോലെ ഇവിടെയും (1985)
60)സുനിൽ വയസ്സ് 20 (1986)
61)വേനൽക്കിനാവുകൾ (1991)
62)മറുപക്കം (തമിഴ്) (1991)
63)നമ്മവർ (തമിഴ്) (1994)
64)സ്‌ത്രീ (തെലുങ്ക്) (1995)

English Summary: Director KS Sethumadhavan Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com