ADVERTISEMENT

ആലപ്പുഴ∙ വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള ആലപ്പുഴ കയര്‍ യന്ത്രനിര്‍മാണ ഫാക്ടറിയില്‍ നടന്ന ക്രമക്കേടിന്‍റെ വിവരങ്ങള്‍ പുറത്ത്. ലക്ഷദ്വീപ് വ്യവസായ വകുപ്പ് ആവശ്യപ്പെട്ട യന്ത്രം ആലപ്പുഴയിലെ ഫാക്ടറിയില്‍ നിര്‍മിക്കാതെ കോയമ്പത്തൂരില സ്വകാര്യ കമ്പനിയില്‍നിന്നു വാങ്ങി നിറംമാറ്റി പുറത്തിറക്കി. ആലപ്പുഴയിലെ ഫാക്ടറിയില്‍ നിര്‍മിച്ചതെന്ന് പറഞ്ഞ് വ്യവസായ മന്ത്രി പി. രാജീവിനെയും കബളിപ്പിച്ചു.

കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് വ്യാവസായവകുപ്പിന്‍റെ കീഴില്‍ ആലപ്പുഴയില്‍ സ്ഥാപിച്ചതാണ് ആലപ്പുഴ കയര്‍ യന്ത്രനിര്‍മാണ ഫാക്ടറി. എന്നാൽ നടക്കാത്തത് യന്ത്രനിര്‍മാണം മാത്രം. ലക്ഷദ്വീപ് വ്യവസായ വകുപ്പ് പിത്ത് ബ്രിക്കേറ്റിങ്, ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍ മാനുഫാക്ചറിങ് യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും സമയത്ത് നല്‍കാനായില്ല. കയര്‍ യന്ത്രനിര്‍മാണ കമ്പനി നല്‍കിയ ക്വട്ടേഷന്‍റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് വ്യവസായ വകുപ്പ് 35 ലക്ഷത്തിലധികം രൂപയാണ് നല്‍കിയത്. ഈ യന്ത്രങ്ങള്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കാനായിട്ടില്ല.

ലക്ഷദ്വീപ് വ്യവസായവകുപ്പ് ആവശ്യം ശക്തമാക്കിയപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നു മെഷീന്‍ വാങ്ങി രൂപകല്‍പനയിലും നിറത്തിലും മാറ്റം വരുത്തി. ചാരക്കളറിലുള്ള മെഷീന് പച്ചക്കളര്‍ അടിച്ചു. കമ്പനിയില്‍ നിര്‍മിച്ചതാണെന്ന് പറഞ്ഞ് വ്യവസായ വകുപ്പ് മന്ത്രിയെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കബളിപ്പിച്ചു. ആലപ്പുഴയിലെ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ സ്വകാര്യ കമ്പനിയില്‍നിന്ന് വാങ്ങിയ യന്ത്രം ആലപ്പുഴയിലെ ഫാക്ടറിയില്‍ നിര്‍മിച്ചതെന്നു പറഞ്ഞ് വ്യവസായ മന്ത്രി പുറത്തിറക്കി. മലബാറില്‍നിന്നുള്ള പല സഹകരണ സംഘങ്ങളും യന്ത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇവരും കമ്പനിയുമായി കരാറുണ്ടാക്കി.

യന്ത്രം കോയമ്പത്തൂരില്‍നിന്നു വാങ്ങി രൂപമാറ്റം വരുത്തി കൂടിയ വിലയ്ക്കു നല്‍കി. വില്ലോവിങ് മെഷീന്‍, തൊണ്ടുതല്ലുന്ന യന്ത്രം എന്നിവയും കമ്പനിയില്‍ നിര്‍മിക്കാതെ പുറത്തുനിന്ന് വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. യന്ത്രനിര്‍മാണത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി യന്ത്രങ്ങള്‍ നിര്‍മിച്ച് വാങ്ങിയെടുക്കുന്നതും പതിവാണ്. ലക്ഷദ്വീപ് വ്യവസായ വകുപ്പ് പണം നല്‍കി പത്തുമാസം കഴിഞ്ഞിട്ടും യന്ത്രം ഇതുവരെ നല്‍കിയിട്ടില്ല.

English Summary: Fraud at Kerala State Coir Machinery Manufacturing Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com