അൽമാട്ടി ∙കസഖ്സ്ഥാനിൽ ഇന്ധനവിലവർധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിൽ 26 അക്രമികളും 18 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രാത്രിയിലും പലയിടത്തും വെടിവയ്പ്പുണ്ടായി. പ്രക്ഷോഭം നിയന്ത്രിക്കാൻ റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം രംഗത്തിറങ്ങി. 3000 പേരെ അറസ്റ്റു ചെയ്തതായാണ് വിവരം. എഴുപതിലധികം ചെക് പോസ്റ്റുകൾ ക്രമീകരിച്ചു. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
വിദേശ പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രസിഡന്റ് കസിം ജോമാർട്ട് ടൊകായെവ് ആരോപിച്ചു. ഭീകരരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കലാപം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് റഷ്യയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയുടെ സഹായം തേടിയത്. റഷ്യ, കസഖ്സ്ഥാൻ, ബെലാറൂസ്, താജിക്കിസ്ഥാൻ, അർമേനിയ എന്നീ രാജ്യങ്ങളടങ്ങിയ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ(സിഎസ്ടിഒ) ആണ് പ്രക്ഷോഭം അടിച്ചമർത്താൻ രംഗത്തിറങ്ങിയത്. 2,500 സൈനികരെയാണ് കസഖ്സ്ഥാനിലേക്ക് അയച്ചത്. സമാധാനപരമായ നീക്കത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുകയാണ് സേനയുടെ ലക്ഷ്യമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ സേന അൽമാട്ടി നഗരം നിയന്ത്രണത്തിലാക്കി. പ്രക്ഷോഭകർ പിടിച്ചടക്കിയ അൽമാട്ടി വിമാനത്താവളം സൈന്യം തിരിച്ചുപിടിച്ചു.

കഴിഞ്ഞ ദിവസം സർക്കാർ മന്ദിരങ്ങളിൽ ഇരച്ചുകയറിയ പ്രക്ഷോഭകർ സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. 2 പൊലീസുകാരുടെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ആയിരത്തിലധികം പ്രക്ഷോഭകർക്കും നാനൂറോളം സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. അൽമാട്ടിയിൽ ബാങ്കുകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അക്രമികൾ കൊള്ളയടിച്ചു. അക്രമാസക്തരായ ജനങ്ങൾ മേയറുടെ ഓഫിസിലേക്കു ഇരച്ചുകയറി.
വില നിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടർന്ന് പുതുവർഷാരംഭത്തിൽ ഇന്ധനവില ഇരട്ടിയായതാണ് നേതാക്കളില്ലാത്ത ജനകീയ പ്രക്ഷോഭത്തിനു കാരണമായത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിനാണ് (എൽപിജി) നിയന്ത്രണം നീക്കിയതുമൂലം കുത്തനെ വില ഉയർന്നത്. ജനകീയ വികാരം മനസ്സിലാക്കിയ പ്രസിഡന്റ് കസിം ജൊമാർട്ട് ടൊകയേവ് വീണ്ടും വില നിയന്ത്രണം ഏർപ്പെടുത്താൻ ഉത്തരവിട്ടു. മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ ജനം തയാറായില്ല. തുടർന്ന് രാജ്യമാകെ 2 ആഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമം അടിച്ചമർത്താൻ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
കസഖ്സ്ഥാനിലെ പ്രക്ഷോഭം മുതലെടുത്ത് ആധിപത്യം ഉറപ്പിക്കാനാണ് റഷ്യയുടെ നീക്കമെന്ന് ആരോപണമുണ്ട്. യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു കസ്ഖ്സ്ഥാൻ. അതേ സമയം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും യുസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് അറിയിച്ചു.
English Summary: Kazakhstan unrest; Russian troops deployed