കാബൂളിൽ യുഎസ് സൈനികന് കൈമാറി കാണാതായ കൈക്കുഞ്ഞിനെ കണ്ടെത്തി

sohile
കുട്ടിയെ കൈമാറുന്നതിനിടെ സാഫി വിതുമ്പുന്നു. ചിത്രം∙റോയിട്ടേഴ്സ്
SHARE

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പിൻമാറുന്നതിനിടെ സൈനികന് കൈമാറിയ ശേഷം കാണാതായ കുട്ടിയെ കണ്ടെത്തി. കാബൂളിലെ ബന്ധുക്കൾക്ക് കുട്ടിയെ ശനിയാഴ്ചയാണു തിരിച്ചുകിട്ടിയത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ആയിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്. ഓഗസ്റ്റ് 19നാണ് രണ്ടുമാസം മാത്രം പ്രായമുള്ള സൊഹൈൽ അഹമ്മദിനെ കാബൂൾ വിമാനത്താവളത്തിലെ സൈനികന് മതിലിനിപ്പുറത്തുനിന്നു കൈമാറിയത്. പിന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു.

ഹാമിദ് സാഫി (29) എന്ന ടാക്സി ഡ്രൈവറായിരുന്നു കുട്ടിയെ സംരക്ഷിച്ചത്. കുട്ടിയുടെ പിതാവ് മിർസ അലി അഹ്മദി യുഎസ് എംബസിയിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. അഫ്ഗാനിൽനിന്നു രക്ഷപ്പെടാനായാണ് കുടുംബത്തിനൊപ്പം വിമാനത്താവളത്തിൽ എത്തിയത്. തിക്കിലുംതിരക്കിലുംപെട്ട് കുഞ്ഞിന് അപകടം സംഭവിക്കുമെന്ന് ഭയന്നതോടെയാണ് കുട്ടിയെ മതിലിനപ്പുറമുള്ള സൈനികന് കൈമാറിയതെന്ന് അഹ്മദി പറഞ്ഞു.

sohile-us
കാബൂൾ വിമാനത്താവളത്തിൽ കുട്ടിയെ യുസ് സൈനികനെ ഏൽപിക്കുന്നു.

വിമാനത്താവളത്തിനുള്ളിൽ കയറിയ ശേഷം കുട്ടിയെ സൈനികനിൽനിന്നു തിരികെ വാങ്ങാമെന്നായിരുന്നു കരുതിയതെന്ന് മിർസ അലി പറഞ്ഞു. എന്നാൽ താലിബാൻ സൈന്യം ജനക്കൂട്ടത്തെ തള്ളിമാറ്റി. ഇതോടെ ഏറെ നേരം കഴിഞ്ഞാണ് അഹ്മദിക്കും ഭാര്യയ്ക്കും മറ്റു നാല് കുട്ടികൾക്കും വിമാനത്താവളത്തിൽ കയറാൻ സാധിച്ചത്. വിമാനത്താവളത്തിൽ മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കുട്ടിയെ ഉപേക്ഷിച്ച് രാജ്യം വിടാൻ നിർബന്ധിതരായി.

safi-sohile
സാഫിയും കുടുംബവും. ചിത്രം∙റോയിട്ടേഴ്സ്

ഇതേ ദിവസം അഫ്ഗാൻ വിടാൻ എത്തിയ സഹോദരനൊപ്പാണ് സാഫിയും വിമാനത്താവളത്തിൽ എത്തിയത്. ഈ സമയത്താണ് കുട്ടി കരയുന്നത് കണ്ടത്. കുട്ടിയുടെ മാതാപിതാക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. സാഫിക്ക് മൂന്ന് പെ‍ൺകുട്ടികളാണുണ്ടായിരുന്നത്. ആൺകുട്ടി വേണമെന്നത് സാഫിയുടെ അമ്മയുടെ ആഗ്രഹമായിരുന്നതിനാലാണ് സ്വന്തം കുട്ടിയായി വളർത്താൻ തീരുമാനിച്ചത്.

രക്ഷിതാക്കളെ കണ്ടെത്തിയാൽ തിരിച്ചു നൽകുമെന്നും ഇല്ലെങ്കിൽ സ്വന്തം മകനായി വളർത്തുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സാഫി വെളിപ്പെടുത്തിയിരുന്നു. കുട്ടിക്ക് മുഹമ്മദ് ആബിദ് എന്നാണ് പേരിട്ടത്. കുട്ടിക്കും കുടുംബത്തോടുമൊപ്പമുള്ള ചിത്രം സാഫി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കാണാതായ കുട്ടികളെക്കുറിച്ച് റോയിട്ടേഴ്സ് വാർത്ത വന്നതോടെ പിതാവ് മിർസ അലി അഹ്മദി കുട്ടിയെ തിരിച്ചറിയുകയായിരുന്നു.

ഇദ്ദേഹം, അഫ്ഗാനിൽതന്നെ താമസിക്കുന്ന ബന്ധുവായ റസാവിയോട് കുട്ടിയെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. നിരവധി സമ്മാനങ്ങളുമായി റസാവി കുട്ടിയെ ഏറ്റെടുക്കാൻ എത്തിയെങ്കിലും വിട്ടുകൊടുക്കാൻ സാഫി തയാറായില്ല. ഇതോടെ റസാവി താലിബാൻ പൊലീസിന്റെ സഹായം തേടി.

5 മാസം പരിപാലിച്ചതിന്റെ ചെലവിലേക്കായി സാഫിക്ക് 950 യുഎസ് ഡോളർ നൽകാമെന്ന വ്യവസ്ഥയിൽ കുട്ടിയെ കൈമാറുകയായിരുന്നു. സ്വന്തം മകനെപ്പോലെ വളർത്തിയതിനാൽ കണ്ണീരോടെയാണ് സാഫി കു‍ഞ്ഞിനെ കൈമാറിയത്. കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിക്കുമെന്ന് താലിബാൻ പൊലീസ് അറിയിച്ചു. 

English Summary: Baby Lost In Chaos Of Afghanistan Airlift Found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA