ADVERTISEMENT

ഇംഫാൽ ∙ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പുർ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയിൽ ചേർന്നു. പിസിസി പ്രസിഡന്റായിരുന്ന ഗോവിന്ദാസ് കൊന്തൗജം, കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന കോറുങ് താങ് എന്നിവർക്കു പിന്നാലെ പാർട്ടി പദവിയിലിരിക്കെ ചല്‍ട്ടോണ്‍ലിന്‍ അമോയുടെ കൂറുമാറ്റം കോൺഗ്രസ് ക്യാംപിനെ ഞെട്ടിച്ചു. 

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള അമോയുടെ കൂറുമാറ്റം അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും കോൺഗ്രസിന്റെ സാധ്യതകളെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്നും പിസിസി അധ്യക്ഷൻ എൻ.ലോകേൻ സിങ് പറഞ്ഞു. തിപൈമുഖ്‌ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്‌ അമോ.

അദ്ദേഹത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തേതന്നെ പുറത്താക്കിയതാണെന്നും ലോകേൻ സിങ് പറഞ്ഞു. ഗോവിന്ദാസ് കൊന്തൗജം ബിജെപിയിലേക്കും കോറുങ് താങ് നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്കും (എൻപിഎഫ്) കൂടുമാറിയതിനു പിന്നാലെ സംസ്ഥാന പാർട്ടിഘടകത്തിൽ കൂറുമാറ്റം രൂക്ഷമാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭൂരിപക്ഷത്തിന് 3 സീറ്റ് മാത്രം മതിയായിരുന്നു കോൺഗ്രസിന്. പക്ഷേ, 21 സീറ്റ് നേടിയ ബിജെപി, നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരുടെ പിന്തുണയോടെ സർക്കാരുണ്ടാക്കി.

എൻപിപി, എൻപിഎഫ് എന്നിവർക്ക് 4 വീതം സീറ്റ് ലഭിച്ചപ്പോൾ എൽജെപിക്ക് ഒരു സീറ്റ് ലഭിച്ചു. 5 വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ എംഎൽഎമാരുടെ കാലുമാറ്റം മൂലം കോൺഗ്രസ് അംഗസംഖ്യ 14 ആയി ചുരുങ്ങി.

English Summary: Manipur: Congress MLA Chaltonlien Amo joins ruling BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com