നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ ഗോവയിൽ രാഷ്ട്രീയ നേതാക്കൾക്ക് ഇത് കൂറുമാറ്റത്തിന്റെ കാലം. എല്ലാ രാഷ്ട്രീയ കക്ഷികളിലും ചുവടുമാറ്റം പതിവാണെങ്കിലും ഈ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയിൽ നിന്നാണ് ഏറെയും കൊഴിഞ്ഞുപോക്ക്. തുറമുഖ വകുപ്പു മന്ത്രി മൈക്കിൾ ലോബോ, പ്രവീൺ സാന്റെ എംഎൽഎ, യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ എന്നിവരാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്.
സങ്കേത് പര്‍സേക്കര്‍, വിനയ് വൈങൻകര്‍, ഓം ചോദൻകര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് തുടങ്ങിയ നേതാക്കളും കഴിഞ്ഞ ദിവസം ബിജെപി വിട്ടു. കഴിഞ്ഞ മാസം ദക്ഷിണ ഗോവ എംഎൽഎയും മുൻ വനംമന്ത്രിയുമായ അലിന സൽദാന ആം ആദ്മി പാർട്ടിയിലേക്കും വാസ്കോ എംഎൽഎ കാർലോസ് അൽമേഡ കോൺഗ്രസിലേക്കും ചേക്കേറിയിരുന്നു.
2017ൽ കപ്പിനും ചുണ്ടിനുമിടയിൽ സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസിന്റെ സ്ഥിതിയും നിലവിൽ ഒട്ടും മെച്ചമല്ല. കഴിഞ്ഞ തവണ 17 എംഎൽഎമാരുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിൽ ഇപ്പോൾ ബാക്കിയുള്ളത് വെറും 2 എംഎൽഎമാർ. മുൻ മുഖ്യമന്ത്രിമാരായ ലൂസീഞ്ഞോ ഫലെയ്റോ തൃണമൂലിലേക്കും രവി നായിക്ക് ബിജെപിയിലേക്കും അടുത്തിടെ ചേക്കേറി. കഴിഞ്ഞ വർഷങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളിൽ ചേർന്നിരുന്നു.
കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന ലാവൂ മംലെദാർ മൂന്നു മാസത്തിനുള്ളിൽ തൃണമൂലിനോടും വിടപറഞ്ഞു. നിയമസഭാ കക്ഷി നേതാവ് ദിഗംബർ കാമത്ത്, മുതിർന്ന നേതാവ് പ്രതാപ് സിങ് റാണെ എന്നിവർ മാത്രമാണ് ഇനി സംസ്ഥാന കോൺഗ്രസിൽ ബാക്കിയുള്ള എംഎൽഎമാർ. ബിജെപിയിലേക്കും ആം ആദ്മി പാർട്ടിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും ചേക്കേറിയ പ്രദേശിക നേതാക്കളും പാർട്ടി പ്രവർത്തകരും പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നത് തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നു.
സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവേ ഫലങ്ങളും ഇത് ശരിവയ്ക്കുന്നു. ബിജെപി നേതാക്കളെ മറ്റു മേച്ചിൽപുറങ്ങൾ തേടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും ഇതാണ്.
കോൺഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയെ ചേർത്ത് വിശാല പ്രതിപക്ഷ സഖ്യത്തിന് തൃണമൂൽ കോൺഗ്രസ് ശ്രമങ്ങൾ നടത്തുന്നതും ചുവടുമാറ്റത്തെ സ്വാധീനിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതും നേതൃത്വവുമായുള്ള ഭിന്നതയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള മുൻകരുതലുമെല്ലാം കളംമാറ്റത്തിന് പ്രേരണകളാണ്. ഭരണവിരുദ്ധ വികാരം ഏതു പാർട്ടിക്ക് ഗുണം ചെയ്യുമെന്നു വ്യക്തമല്ലാത്തത് ഇവരുടെ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നു.

കൂട്ടമായുള്ള കൂറുമാറ്റം ഗോവ രാഷ്ട്രീയത്തിൽ അത്ര പതിവില്ലാത്തതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതിയും ചുവടുമാറ്റം നടത്തിയ നേതാക്കളുടെ രാഷ്ട്രീയ ഭാവിയും തീരുമാനിക്കുന്നതാവും തിരഞ്ഞെടുപ്പുഫലം. ചേക്കേറിയ പാർട്ടിയുടെ വിജയം അതിനാൽതന്നെ ഈ നേതാക്കൾക്ക് ഏറെ നിർണായകമാണ്. 40 അംഗ നിയമസഭയിലേക്ക് അടുത്ത മാസം 14 നാണ് തിരഞ്ഞെടുപ്പ്.
English Summary: Election Analysis, Goa