ADVERTISEMENT

തിരുവനന്തപുരം ∙ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 100 ശതമാനം വര്‍ധനയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതിനെ തുടർന്ന് കോവിഡ് കേസുകൾ സംസ്ഥാനത്ത് വലിയ രീതിയിൽ വർധിക്കുകയാണ്. ചെറുപ്പക്കാരെയാണ് രോഗം കൂടുതൽ ബാധിച്ചത്. കഴിഞ്ഞയാഴ്ചത്തെ കണക്കെടുത്താൽ 20–40 വയസ്സുള്ളവരിലാണ് കോവിഡ് കൂടുതലായി കാണുന്നത്.

ക്രിസ്മസ്–പുതുവൽസരവുമായി ബന്ധപ്പെട്ട് പൊതുയിടങ്ങളിലെ സമ്പർക്കം വർധിച്ചതാണ് രോഗ വ്യാപനത്തിനു കാരണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. പൊതുയോഗങ്ങൾ ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ എല്ലാവരും തയാറാകണം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്എമ്മിന്റെ 13 സംസ്ഥാനതല കമ്മിറ്റികൾ പുനരുജ്ജീവിപ്പിച്ചു.

രോഗലക്ഷണമുള്ളവർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര നിർദേശം വകുപ്പിനു കൈമാറി. പ്രായമുള്ളവരും ഗുരുതരമായ അസുഖമുള്ളവരും കരുതൽ പാലിക്കണം. അവർക്കെല്ലാം മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും. അനാവശ്യ യാത്രകൾ ഒഴിവാക്കണം. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് 99 ശതമാനവും രണ്ടാം ഡോസ് 82 ശതമാനവും നൽകി. കുട്ടികളിൽ‌ 39 ശതമാനംപേർക്കു വാക്സീൻ നൽകി. കോവിഡ് കരുതൽ ഡോസ് 60,480 പേർ എടുത്തു.

ഇതുവരെ സംസ്ഥാനത്ത് 345 ഒമിക്രോണ്‍ കേസ് റിപ്പോർട്ടു ചെയ്തു. ഒമിക്രോൺ ബാധിച്ച 155 പേരെ ഡിസ്ചാർജ് ചെയ്തു. കോവിഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും കേരളത്തിലുണ്ട്. ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ട് ഒമിക്രോണിന്. സംസ്ഥാനത്ത് ക്ലസ്റ്ററുകൾ ഉണ്ടാകുന്നത് ഒമിക്രോണിലൂടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആൾക്കൂട്ടങ്ങൾ ഉണ്ടായ സ്ഥലത്ത് പോസിറ്റീവ് കേസുകൾ കണ്ടെത്താൽ ആ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

English Summary: Covid cases rise drastically in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com