ADVERTISEMENT

യുപിയിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പാർട്ടിയുടെ പിന്നാക്ക വിഭാഗ നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ രാജി. മൗര്യയുടെ രാജിയോടെ ബിജെപിക്കു നഷ്ടപ്പെടുന്നത് ദരിദ്ര, യുവജന വിഭാഗത്തിന്റെ ജനകീയ നേതാവിനെയാണ്. ദലിത്, യുവജന, കർഷക വിഭാഗങ്ങൾക്കിടയിൽ പിന്തുണ ആർജിച്ച സ്വാമി പ്രസാദ് മൗര്യയുടെ അപ്രതീക്ഷിത കളംമാറ്റത്തിനു പിന്നാലെ, എംഎൽഎമാരായ റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ എന്നിവരും രാജിപ്രഖ്യാപിച്ചു ബിജെപിയെ ഞെട്ടിച്ചു. 

എന്തിനാണ് രാജി?  

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയും പാർട്ടിയിലെ പിന്നാക്ക വിഭാഗത്തിലെ പ്രബല ശബ്ദവുമാണ് സ്വാമി പ്രസാദ് മൗര്യ. സീറ്റ് തർക്കവുമായി ബന്ധപ്പെട്ട കാരണങ്ങൾക്കാണ് സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ടതെന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. എന്നാൽ രാജി വയ്ക്കുന്നതിനു മുൻപ് പുറത്തുവിട്ട കത്തിൽ ബിജെപിയുടെ നയം മാറ്റമാണ് രാജിക്കു കാരണമെന്നു മൗര്യ വ്യക്തമാക്കി. 

‘ഞാൻ ബിജെപിയിൽനിന്നു നിരാശയോടെ രാജി വയ്ക്കുകയാണ്. ബിജെപിയുടെയും എന്റെയും വ്യത്യസ്ത പ്രത്യയശാസ്ത്രമാണ്. യോഗി മന്ത്രിസഭയിൽ ആത്മാർഥതയോടെ പ്രവർത്തിച്ചു. പക്ഷേ നിലവിലെ ഭരണ നയങ്ങൾ ജനനന്മയ്ക്ക് എതിരാണ്. ദലിതരോടും പിന്നാക്കവിഭാഗത്തോടും കർഷകരോടും തൊഴിൽരഹിതരോടും ചെറുകിട വ്യവസായികളോടുമുള്ള യോഗി മന്ത്രിസഭയുടെ നയത്തിൽ പ്രതിഷേധിച്ചു ഞാൻ രാജി വയ്ക്കുകയാണ്’- യുപി ഗവർണർക്ക് അയച്ച കത്തിൽ മൗര്യ വ്യക്തമാക്കി.  തന്നെ കൂടാതെ നാല് ബിജെപി എംഎൽഎമാരും രണ്ടു മന്ത്രിമാരും പാർട്ടി വിട്ടേക്കുമെന്ന സൂചനയും മൗര്യ നൽകി. മൂന്നു എംഎൽഎമാർ ഇതിനകം പാർട്ടി വിട്ടു. 

പിന്തുണയോടെ അഖിലേഷ് യാദവ് 

ബിജെപിയുടെ നഷ്ടം നേട്ടമാക്കാൻ ശ്രമിക്കുകയാണ് സമാജ്‌വാദി പാർട്ടി. സ്വാമി പ്രസാദ് മൗര്യയുടെ പാർട്ടി പ്രവേശനത്തെ സ്വാഗതം ചെയ്‌തു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. 'യുപി ജനങ്ങളുടെ സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാവാണ് സ്വാമി പ്രസാദ് മൗര്യ. അദ്ദേഹത്തോടൊപ്പം വലിയൊരു ജനക്കൂട്ടം സമാജ്‌വാദി പാർട്ടിയിൽ എത്തിച്ചേരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. 2022ൽ വലിയ മാറ്റം തന്നെ സംഭവിക്കും'- അഖിലേഷ് പറഞ്ഞു. 

2017ലെ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312 സീറ്റും നേടി വിജയിച്ച ബിജെപിക്ക് പുതിയ അഗ്നിപരീക്ഷയാണ് മൗര്യയുടെ രാജി. ഫെബ്രുവരി 10നു തുടങ്ങി ഏഴു ഘട്ടങ്ങളായാണ് യുപി തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ. രാജിക്കത്ത് പുറത്തുവരുന്നതിനു മുൻപ്‌ മൗര്യ സമാജ്‌വാദി പാർട്ടിയിൽ ചേർന്നതോടെ മുൻകൂട്ടി പദ്ധതിയിട്ട രാജി നാടകമാണോ യുപിയിൽ അരങ്ങേറിയത് എന്ന് ബിജെപി നേതാക്കൾ സംശയിക്കുന്നു. മൗര്യയുടെ രാജിക്കു പിന്നാലെ മൂന്നു നേതാക്കൾ കൂടി പുറത്തുവന്നത് ഈ സംശയം ബലപ്പെടുത്തുന്നു. 

മൗര്യയുടെ രാജിയോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ പാർട്ടി നിർബന്ധിതരാകും. മൗര്യയ്ക്കു പകരം വയ്ക്കാവുന്ന ശക്തനായ നേതാവിനെ എത്രയും വേഗം കണ്ടെത്തണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. പിന്നാക്കവിഭാഗത്തെ ഒത്തിണക്കണം. യുപിയിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് പിന്നാക്ക വിഭാഗത്തിൽനിന്ന് ആരു നേതൃത്വം കൊടുക്കുമെന്ന ചോദ്യമാണ് അണികൾ പരസ്പരം ചോദിക്കുന്നത്. 

English Summary: Strong Setback for BJP as Swami Prasad Maurya Resigns from BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com