ADVERTISEMENT

ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ അനിശ്ചിതമായി നീളുമ്പോൾ ആശങ്കയോടെ 70 ലക്ഷത്തോളം പെൻഷൻകാർ. രാജ്യത്തെ പൊതുമേഖല– സ്വകാര്യ മേഖലയിൽ നിന്നു വിരമിച്ച തൊഴിലാളികളാണ് രാജ്യത്തെ പരമോന്നത കോടതിയുടെ അന്തിമവിധി എന്ന കാരുണ്യത്തിനായി കാത്തിരിക്കുന്നത്. 

ശമ്പളത്തിനനുസൃതമായി പെൻഷൻ നൽകണമെന്ന വിവിധ ഹൈക്കോടതി വിധികൾക്കെതിരെ ഇപിഎഫ്ഒയും കേന്ദ്ര തൊഴിൽ വകുപ്പും നൽകിയ റിവ്യൂ ഹർജിയിലുള്ള തീരുമാനമാണ് എങ്ങുമെത്താതെ നീണ്ടുപോകുന്നത്. മൂന്നു ദിവസം വാദം കേട്ടതിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ കേസ് മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. അടുത്ത മാർച്ച് ആദ്യവാരം വാദം കേൾക്കൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി  സൂചനയുണ്ടെങ്കിലും കേസ് നീണ്ടുപോകുമെന്നാണ് ആശങ്ക. ഇതിനിടെ, കഴിഞ്ഞയാഴ്ച ഡൽഹിയിലെ കോവിഡ് പുതു തരംഗം സുപ്രീംകോടതിയിലെ ജഡ്ജിമാരെയും ജീവനക്കാരെയും  ബാധിച്ചതും കേസ് നീളുമെന്ന ആശങ്ക ബലപ്പെടുത്തി. 

എന്നാൽ, കേസ് എത്ര നീണ്ടാലും പെൻഷൻകാർക്ക് അനുകൂലമായേ അന്തിമ വിധി വരൂ എന്ന ആത്മവിശ്വാസത്തിലാണ് പെൻഷൻ സംഘടനാ പ്രവർത്തകരും അഭിഭാഷകരും. ശമ്പളത്തിനനുസൃതമായി പെൻഷൻ നൽകിയാൽ 15 ലക്ഷം കോടിയുടെ അധികബാധ്യത വരുമെന്ന ഇപിഎഫ്ഒയുടെ വാദം നിരർഥകമാണെന്നു തെളിയിക്കുന്ന രേഖകൾ അവർ ശേഖരിച്ചിട്ടുണ്ട്.

ഇപിഎഫ്ഒ കണക്കുകൾ തയാറാക്കുന്ന സമയത്ത് പെൻഷൻ പട്ടികയിലുണ്ടായിരുന്ന 65 ലക്ഷം പേർക്കും  ഉയർന്ന പെൻഷൻ കണക്കാക്കിയാണ് 15 ലക്ഷം കോടിയെന്ന അവിശ്വസനീയമായ തുകയിലേക്കെത്തിച്ചത്. എന്നാൽ വിരമിച്ചവരിൽ 60 ശതമാനം പേരും ഇപിഎഫ്ഒ നിശ്ചയിച്ച  ഉയർന്ന ശമ്പള പരിധിക്കു താഴെ ശമ്പളമുള്ളവരായിരുന്നുവെന്ന് വിവരാവകാശ രേഖയിലൂടെ ലഭിച്ച കണക്കുകൾ പറയുന്നു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ചെറിയ ശമ്പളം വാങ്ങുന്നവരാണ് ഇപിഎഫ് പദ്ധതിയിലെ അംഗങ്ങളിൽ ഭൂരിഭാഗവും. 2004നു മുൻപു വിരമിച്ചവരിൽ നല്ലൊരു പങ്കും അന്നത്തെ ശമ്പള പരിധിയായ 6,500 രൂപയിൽ താഴെ ശമ്പളമുള്ളവരായിരുന്നു. 

Pension

നിലവിൽ വിധവാ പെൻഷൻ വാങ്ങുന്നവരും  വിആർഎസ് എടുത്തു സർവീസിൽ നിന്നു പിരിഞ്ഞവരും ഉയർന്ന പെൻഷൻ പരിധിയിൽ വരാനുള്ള സാധ്യത കുറവ്. അര ലക്ഷത്തോളം പേർ ഇപ്പോൾ തന്നെ ഉയർന്ന പെൻഷൻ വാങ്ങുന്നതും ഇപിഎഫ്ഒയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇങ്ങനെ കോടതിയുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ കണക്ക് കോടതിയിൽ അനായാസം ചോദ്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ.  2007ൽ  കേരള ഹൈക്കോടതിയിൽ നിന്നു ആരംഭിച്ച കേസാണ് വിവിധ ഘട്ടങ്ങളിലൂടെ സുപ്രീംകോടതിയുടെ അന്തിമ വിധി തേടുന്നത് എന്നതും  ശ്രദ്ധേയം.

അതിനിടെ, പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് ബോ‌ർഡ് തീരുമാന പ്രകാരം പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിശോധിക്കാനും പരിഷ്കാരങ്ങൾ നിർദേശിക്കാനും കേന്ദ്ര തൊഴിൽ വകുപ്പ് സെക്രട്ടറി സുനിൽ ഭർതൃവാൽ അധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ 27ന് രൂപീകരിക്കപ്പെട്ട എട്ടംഗ കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പെൻഷൻ ഉയർത്തുന്നതടക്കം എല്ലാവർക്കും സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്ന പരിഷ്കാരം നിർദേശിക്കണമെന്നാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഈ കമ്മിറ്റിയിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് പെൻഷൻ സംഘടനകളുടെ അഭിപ്രായം. പെൻഷൻ പരിഷ്കരണത്തിനു ‌ഇതിനു മുൻപും കമ്മിറ്റികൾ രൂപീകരിച്ചിരുന്നെങ്കിലും അവരുടെ പ്രധാന നിർദേശങ്ങളൊന്നും നടപ്പായിട്ടില്ല.  മിനിമം പെൻഷൻ 3000 ആക്കി ഉയർ‌ത്തണമെന്നുള്ള  2013ലെ കോഷിയാരി കമ്മിറ്റി ശുപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു. നിർദേശങ്ങൾ പരിഗണിക്കുമെന്ന് പിന്നീട് പ്രധാനമന്ത്രി ഉറപ്പുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ക്ഷാമബത്ത പോലുള്ള സംവിധാനത്തെ കുറിച്ചു ആലോചിക്കണമെന്ന നിർദേശവും കോഷിയാരി കമ്മിറ്റിയുടെ ശുപാർശകളിലുണ്ടായിരുന്നു. ഇതേക്കുറിച്ചു ആലോചിക്കാൻ പോലും ഇപിഎഫ്ഒയോ കേന്ദ്ര സർക്കാരോ തയാറായില്ല. 

അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പെൻഷൻകാരുടെ രോഷം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ കമ്മിറ്റിയെന്നാണ് വിമർശനം.

English Summary: EPFO pension case updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com