ADVERTISEMENT

കോട്ടയം∙ കേരളത്തെ പിടിച്ചുകുലുക്കിയ പീഡനവിവാദത്തിലാണ് ജലന്തര്‍ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടുകൊണ്ടുള്ള വിധി വന്നിരിക്കുന്നത്. ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി ഉയർന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. വൈദികർക്കെതിരെ പീഡനപരാതികൾ ഉണ്ടായിരുന്നെങ്കിലും ബിഷപ്പിനെതിരെ പരാതി ഉയർന്നത് ആദ്യമായിരുന്നു. പരാതിക്കാരി കന്യാസ്ത്രീ ആയതോടെ കേസിന് വലിയ പ്രാധാന്യം ലഭിച്ചു. ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീയെ പിന്തുണച്ചും രണ്ടു ചേരിയായി ആളുകൾ നിരന്നു. നീതി ലഭിക്കണമെന്നാവാശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം നടത്തിയതും ജയിൽ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാൻ പി.സി.ജോർജ് ഉൾപ്പെടെയുള്ള വിശ്വാസികൾ ജയിലിന് മുൻപിലെത്തുകയും പ്രാർഥന നടത്തുന്നതുമെല്ലാം കേരളം കണ്ടു.

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കും ബന്ധുക്കൾക്കുമെതിരെ 2018ൽ പരാതി നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നൽകുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികർ പരാതി നൽകി. തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറെ നേരിൽകണ്ടും പരാതി നൽകി. കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ബിഷപ്പിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നൽകിയത്.

Nun-protest-1248
കൊച്ചിയിൽ പ്രതിഷേധിക്കുന്ന കന്യാസ്ത്രീകൾ (ഫയൽ ചിത്രം)

2014 മുതൽ 2016 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സഭാ നേതൃത്വത്തിനു പരാതി നൽകിയെങ്കിലും  മാനസിക പീഡനമായിരുന്നു ഫലം. സഹിക്കാൻ കഴിയാതെ വന്നപ്പോഴാണു പൊലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ പറഞ്ഞു. 2014 ഏപ്രിൽ ഇരുപത്തിനാലിനായിരുന്നു ആദ്യ പീഡനം. തൃശൂരിൽ സഭയുടെ ചടങ്ങിൽ പങ്കെടുത്തശേഷം കുറവിലങ്ങാട്ടെ മഠം അതിഥി മന്ദിരത്തിൽ എത്തിയ ബിഷപ് തന്നെ 20–ാം നമ്പർ മുറിയിലേക്കു വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കി. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്ന മഠത്തിലെ ഗസ്റ്റ് ഹൗസിൽ ബിഷപ്പുമാർ താമസിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു. എന്നാൽ‌ സഭയുടെ സ്ഥാപനങ്ങളിൽ എത്തുമ്പോൾ ബിഷപ് പലപ്പോഴും തങ്ങിയതു കുറവിലങ്ങാട്ടെ മഠത്തിലായിരുന്നു. പിന്നീട് ജലന്തറിൽ എത്തിയ ബിഷപ് അവിടെ നിന്നു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. തുടർന്നാണു സഭയിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ പറഞ്ഞു.

franco-protest-1248
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിൽ കണ്ടു പരാതി നൽകി. ലത്തീൻ സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാൽ താൻ നിസ്സഹായനാണെന്നു മാർ ആലഞ്ചേരി പറഞ്ഞതായും തുടർന്നു കുറവിലങ്ങാട് പള്ളിയിലെ വികാരി വഴി പാലാ ബിഷപ് ഹൗസിൽ വിവരം അറിയിച്ചെന്നും കന്യാസ്ത്രീ പറഞ്ഞു. ഇതിനുശേഷം വത്തിക്കാൻ പ്രതിനിധിക്കും വത്തിക്കാനിലേക്കു നേരിട്ടും പരാതി നൽകി. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കന്യാസ്ത്രീയുെട മൊഴിയിൽ പറയുന്നു. 

Conclusion-of-nuns-protest-in-front-1248
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കന്യാസ്ത്രീകൾ സമരം അവസാനിപ്പിച്ചപ്പോൾ (ഫയൽ ചിത്രം)

കേസിൽ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകളാണ് കൊച്ചിയിൽ സമരം ആരംഭിച്ചത്.  2018 സെപ്റ്റംബറിൽ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംക്‌ഷനിൽ സമരം നടത്തി. 14 ദിവസമായി നടത്തിവന്ന സമരം ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിപ്പിച്ചത്. ഇതിനിടെ പീഡനക്കേസ് ഒത്തുതീർക്കാനും ശ്രമമുണ്ടായി. ഒത്തുതീർപ്പിന് ശ്രമിച്ച കുര്യനാട് സെന്റ് ആൻസ് ആശ്രമം പ്രിയോറും സ്കൂൾ മാനേജരുമായ ഫാ. ജയിംസ് ഏർത്തയിലിനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 

English Summary: Details of Bishop Franco Mulakkal case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com