ADVERTISEMENT

തിരുവനന്തപുരം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പീഡനക്കേസിൽ ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾക്കൊണ്ടാണു മേൽക്കോടതികളുടെ വിധികളുണ്ടായിട്ടുള്ളതെന്ന് ഹരിശങ്കർ‌ പറഞ്ഞു. ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന നിർദേശം സുപ്രീംകോടതിയും നൽകിയിട്ടുണ്ട്. ആ സാഹചര്യത്തിൽ വളരെ ഞെട്ടലോടെയാണ് ഈ വിധിയെ നോക്കിക്കാണുന്നത്. ഇതിനൊരു സാമൂഹിക വീക്ഷണം കൂടിയുണ്ട്.

ഒരു കന്യാസ്ത്രീ അവർക്കു കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടെ വരെ പോരാടിയ കേസാണിത്. സംരക്ഷിക്കേണ്ടവർ തന്നെ പീഡകരാകുന്ന ഒരുപാട് ഇടങ്ങളുണ്ട്. അവിടെയെല്ലാം നിശബ്ദരായ ഒരുപാട് ഇരകളുമുണ്ട്. ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരൊക്കെ പീഡനം പുറത്തുപറയാൻ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഈ കോടതി വിധി എന്തു സന്ദേശമാണു കൊടുക്കുന്നത്? അവർ ആജീവനാന്തം നിശബ്ദരായിക്കഴിയണമെന്നാണ് ഈ വിധിയിലൂടെ കോടതി പറയുന്നതെങ്കിൽ അതു സമൂഹത്തിനു നൽകുന്നതു തെറ്റായ സന്ദേശമാണ്.

പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളാരും ഒരു വസ്തുതയും വിശ്വസനീയമായി പറയാൻ കഴിയുന്നവരായിരുന്നില്ല. പ്രോസിക്യൂഷന്റെ സാക്ഷികൾ വളരെ കൃത്യമായി മൊഴി നൽകുകയും ചെയ്തു. എന്തു വ്യാഖ്യാനമാണ് കോടതി നടത്തിയിട്ടുള്ളതെന്നു വിധിപ്പകർപ്പ് ലഭിച്ചാലേ അറിയാനാകൂ. സാക്ഷികളായ കന്യാസ്ത്രീകൾക്കു സുരക്ഷ നൽകുമെന്നും ഹരിശങ്കർ പറഞ്ഞു.

English Summary: S Harishankar on Bishop Franco Mulakkal case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com