ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കി ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്നും യോഗം നിർദേശിച്ചു. 3204 പേർക്കാണ് എറണാകുളം ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്, ടിപിആർ 36.87.

യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവും പുറത്തിറക്കി. ഇതു പ്രകാരം ജില്ലയിൽ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവയ്ക്കണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. സർക്കാർ യോഗങ്ങളും പരിപാടികളും ഓൺലൈനായി നടത്തണം. ഷോപ്പിങ് മാളുകളിൽ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറൽ മജിസ്ട്രേട്ടുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ശ്വസനപ്രശ്നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വാക്സിനേഷൻ വേഗത്തിലാക്കും. രണ്ടാം തരംഗ സമയത്തേതിനു സമാനമായി ചികിത്സാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് കൺട്രോൾ റൂം തിങ്കളാഴ്ച്ച പ്രവർത്തനം തുടങ്ങും. സർക്കാർ ഓഫിസുകളും പ്രഫഷനൽ കോളജുകളുമടക്കം 11 സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം രോഗികളായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ തവണയിലെ പോലെ വർധനയില്ല. നിലവിൽ ഐസിയു അടക്കം ബെഡുകളുടെ ലഭ്യതയിൽ പ്രശ്നമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ 2903 കോവിഡ് കിടക്കകളുള്ളതിൽ 630 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിലെ 524 കോവിഡ് കിടക്കകളിൽ 214 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നത് മുന്നിൽ കണ്ട് പ്രാദേശികാടിസ്ഥാനത്തിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണമെന്ന് യോഗം നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. അമ്പലമുകളിൽ ഓക്സിജൻ കിടക്കകളോട് കൂടിയ കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും. കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഫോർട്ട്കൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കണം. മൊബൈൽ ടെസ്റ്റിങ് യൂണിറ്റ്, ടെലിമെഡിസിൻ, ഹെൽപ് ഡെസ്ക് എന്നിവയുടെ പ്രവർത്തനവും ശാക്തീകരിക്കും.

താലൂക്ക് ആശുപത്രികളിൽ ട്രയാജ് സംവിധാനത്തോടെ കോവിഡ് ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കും. കോവിഡ് പോസിറ്റീവ് ആയ ലക്ഷണങ്ങളില്ലാത്ത രോഗികൾ ഹോം ക്വാറന്റീൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൂടുതൽ രോഗലക്ഷണങ്ങൾ ഉള്ളവരെ അമ്പലമുകൾ കോവിഡ് കെയർ സെന്ററിലും ആവശ്യം വന്നാൽ ആശുപത്രികളിലേക്കും മാറ്റും. ജില്ലയിലെ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു.

ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർ എം. അനിൽ കുമാർ, സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു , ജില്ലാ മെഡിക്കൽ ഓഫിസർ വി. ജയശ്രീ, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Enflish Summary: Covid Restrictions Becomes Strict in Ernakulam District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com