ADVERTISEMENT

കോട്ടയം∙ ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസറും അധ്യാപികയുമായ ബി. രാജശ്രീ ആണ് ഭാര്യ.

സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. സംഗീത സംവിധാനവും രചനയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി. 1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും മകനായി പിറന്നു. നാടകത്തിനു സംഗീതം ഒരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയിലേക്ക് ആകർഷിച്ച് മദ്രാസിനു വണ്ടി കയറി. ‘നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു’ എന്ന പ്രശസ്ത ഗാനത്തിന്റെ ഉപകരണ വാദകനായി സിനിമ രംഗത്തു പ്രവേശിച്ചു.

തന്റെ ആദ്യ സിനിമയായ ജീസസിലെ ‘ഓശാനാ ഓശാന കർത്താവിനോശാനാ’ എന്ന് തുടങ്ങുന്ന ഗാനവും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളിലെ ‘സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാൻ’ എന്ന ഗാനവുമാണ് ആലപ്പി രംഗനാഥിനെ പ്രശസ്തനാക്കിയവയിൽ പ്രധാനം.

Aleppey-Ranganath-KJ-Yesudas-1248
ആലപ്പി രംഗനാഥ് യേശുദാസിനൊപ്പം

എല്ലാ ദുഖവും തീർത്തുതരൂ എന്റയ്യാ, എൻ മനം പൊന്നമ്പലം ..., കന്നിമല, പൊന്നുമല.., മകര സംക്രമ ദീപം കാണാൻ.., തുടങ്ങിയ അയ്യപ്പഭക്തിഗാനങ്ങളും ഹേ രാമാ രഘുരാമാ, മഹാബലി മഹാനുഭാവ, ഓർമയിൽപോലും പൊന്നോണമെപ്പോഴും, നിറയോ നിറ നിറയോ തുടങ്ങിയ ഓണപ്പാട്ടുകളും പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ, എന്റെ ഹൃദയം നിന്റെ മുന്നിൽ പൊൻതുടിയായ്, നാലുമണിപ്പൂവേ എന്നിങ്ങനെയുള്ള ലളിത ഗാനങ്ങളും ശ്രോതാക്കൾ കേൾക്കാൻ കൊതിക്കുന്നവയാണ്.

പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി. അമ്പാടിതന്നിലൊരുണ്ണി, ധനുർവേദം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ത്യാഗരാജ സ്വാമികളെപ്പറ്റി ദൂരദർശനിൽ 17 എപ്പിസോഡുള്ള പരമ്പരയും അറിയാതെ എന്നൊരു ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി സയൻസ് ഓഫ് മെലഡി ആൻഡ് ഹാർമണി വിഭാഗത്തിൽ അതിഥി അധ്യാപകനായിരുന്നു.

English Summary : Music Director Alleppey Ranganath passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com