ബജറ്റിനെ ചുറ്റിപ്പറ്റി ഇന്ത്യൻ വിപണി; ബോണ്ട് യീൽഡ് മുന്നേറ്റം സ്വർണത്തിന് ‘ക്ഷീണം’

INDIA-ECONOMY-STOCKS
AFP PHOTO/INDRANIL MUKHERJEE
SHARE

കൊച്ചി∙ രാജ്യാന്തര വിപണിയുടെ മങ്ങിയ പ്രകടനത്തിനും വിദേശ ഫണ്ടുകളുടെ വിൽപ്പനയ്‌ക്കുമിടയിൽ ഇന്ത്യൻ വിപണി മികച്ച ടെക് റിസൽട്ടുകളുടെ കൂടി പിൻബലത്തിൽ കഴിഞ്ഞ ആഴ്ച രണ്ടു ശതമാനം മുന്നേറ്റം സ്വന്തമാക്കി. ബാങ്കിങ്, ഐടി, ഇൻഫ്രാ, റിയൽറ്റി, എനർജി, മെറ്റൽ, ഓട്ടോ, പഞ്ചസാര സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും കഴിഞ്ഞ ആഴ്ച മൂന്നു ശതമാനത്തിനു മേൽ മുന്നേറ്റം നേടി. ബജറ്റ് ലക്ഷ്യം വച്ചുള്ള നിക്ഷേപങ്ങൾ തുടങ്ങിക്കഴിഞ്ഞത് ഇൻഫ്രാ, സിമന്റ്, മെറ്റൽ സെക്ടറുകളിലും ചലനത്തിനു കാരണമായി.

മിഡ് ക്യാപ് ഐടി, മിഡ് ക്യാപ് ബാങ്കിങ് സെക്ടറുകളൂം റിയൽറ്റി, ഇൻഫ്രാ, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ടെക്സ്റ്റൈൽ, ഫാർമ, ഫിനാൻഷ്യൽ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഷുഗർ, ഈവി, പവർ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടർ, പൊതുമേഖല ഓഹരികൾ ഈക്കൊല്ലം ഏറ്റവും വലിയ മുന്നേറ്റം നടത്തിയേക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെയും, ഇൻഫിയുടെയും, ടിസിഎസ്സിന്റെയും മികച്ച റിസൽട്ടുകൾ വിദേശ ഫണ്ടുകളെ വീണ്ടും തിരികെയെത്തിച്ചാൽ ഇന്ത്യൻ വിപണി തിങ്കളാഴ്ച മുതൽ മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 

ബോണ്ട് യീൽഡ് & ഫെഡ്

കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണിയുടെ ചലനങ്ങളെല്ലാം നിയന്ത്രിച്ച അമേരിക്കൻ ബോണ്ടിന്റെ ചലനങ്ങൾ തന്നെയാവും തുടർന്നും വിപണിയുടെ ഗതി നിയന്ത്രിക്കുക. അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരും മുൻപു വന്ന ആശ്വാസ വചനങ്ങൾ പറഞ്ഞു ജെറോം പവൽ വിപണിയെ പിടിച്ചു നിർത്തിയെങ്കിലും, പിന്നീട് ഫെഡ് വൈസ് ചെയർമാൻ അടക്കമുള്ള അംഗങ്ങൾ വിപരീത അഭിപ്രായം പ്രകടിപ്പിച്ചതും, പണപ്പെരുപ്പ- തൊഴിൽ-റീറ്റെയ്ൽ കണക്കുകൾ മോശമായതും അമേരിക്കൻ വിപണിക്കും, ലോക വിപണിക്കും ക്ഷീണമായി. 

ഡെൽറ്റ എയറും, തായ്‌വാൻ സെമി കണ്ടക്ടർ കമ്പനിയും മികച്ച റിസൾട്ടുകൾ പുറത്തു വിട്ടപ്പോൾ ജെ.പി.മോർഗന്റെ മോശം റിസൽട്ട് അമേരിക്കൻ വിപണിക്ക് ബാധ്യതയാണ്. എങ്കിലും വെള്ളിയാഴ്ച ബോണ്ട് യീൽഡിനൊപ്പം ടെസ്‌ലയുടെയും ആപ്പിളിന്റെയും പിന്തുണയിൽ അമേരിക്കൻ സൂചികകൾ തിരിച്ചു വരവു നടത്തിയത് ഏഷ്യൻ വിപണികൾക്ക് തിങ്കളാഴ്ച അനുകൂലമായേക്കും. ബോണ്ട് യീൽഡ് 1.81% കടന്ന് മുന്നേറിയാൽ അമേരിക്കൻ വിപണിയും സ്വർണവും വീണ്ടും വീണേക്കും. 

ബജറ്റ് & റിസൽട്ട്

ഇന്ത്യൻ വിപണിയുടെ ചലനങ്ങൾ ഇനിയങ്ങോട്ട് ബജറ്റിനെ ചുറ്റിപ്പറ്റിയായിരിക്കും. മികച്ച റിസൾട്ടുകൾ നൽകുന്ന ആവേശത്തിനപ്പുറം ബജറ്റ് എന്ന പ്രതീക്ഷ ഇന്ത്യൻ വിപണിക്ക് ലോക വിപണിയുടെ സ്വാധീനത്തിൽനിന്നും രക്ഷപ്പെടാൻ സഹായകമായേക്കും. റിസൾട്ടിനു ശേഷം ഓഹരികൾ വാങ്ങുന്നതിനു പകരം മികച്ച റിസൾട്ടിനു സാധ്യതയുള്ളതും, ബജറ്റിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കാവുന്നതുമായ സെക്ടറുകളിലെ ഓഹരികളും നിക്ഷേപത്തിനു പരിഗണിക്കാം. മികച്ച റിസൾട്ട് പ്രഖ്യാപിക്കുന്ന ഓഹരികൾ പോലും ട്രേഡർമാർ വിറ്റു മാറുന്നതിനാൽ റിസൾട്ടിനു ശേഷം ഓഹരികളിൽ തിരുത്തൽ സംഭവിച്ചേക്കാം. റിസൾട്ട് ദിനങ്ങളിൽ ഓഹരികളിൽ സ്റ്റോപ്പ് ലോസ് പരിഗണിക്കാം. 

ഓഹരികളും സെക്ടറുകളും 

എച്ച്ഡിഎഫ്സി ബാങ്ക് മുൻ വർഷത്തിൽനിന്നും 13% നേട്ടത്തോടെ 18,443 കോടി രൂപയുടെ പലിശ വരുമാനവും,18% മുന്നേറി 10,342 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കിയത് അനുകൂലമാണ്. കിട്ടാക്കട അനുപാതം മുൻ പാദത്തിൽനിന്നും നേരിയ മികവു കൈവരിച്ചത് ബാങ്കിനൊപ്പം മറ്റു ബാങ്കിങ് ഓഹരികൾക്കും മുന്നേറ്റം നൽകിയേക്കാം. ഓഹരി മുന്നേറ്റ പ്രതീക്ഷയിലാണ്. അടുത്ത ലാഭമെടുക്കൽ ഓഹരിയിൽ അവസരമാണ്. 

ഇന്ത്യ ഗ്രിഡ് വ്യാപനത്തിനായി ബജറ്റിൽ വൻ മുതൽ മുടക്കു പ്രഖ്യാപിച്ചേക്കാവുന്നത് പവർ ഗ്രിഡിന് വലിയ മുന്നേറ്റ പ്രതീക്ഷ നൽകുന്നു. ഓഹരി ദീർഘകാല നിക്ഷേപത്തിനായി സ്വന്തമാക്കാം. ഓഹരിയിലെ തിരുത്തൽ അവസരമാണ്. മുൻ പാദത്തിൽനിന്നും 7.65% വളർച്ചയോടെ ഇൻഫോസിസ് 31,867 കോടി രൂപയുടെ വരുമാനവും വിപണി പ്രതീക്ഷക്കപ്പുറം 5,809 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. മികച്ച ഓർഡർ ബുക്കിന്റെ പിൻബലത്തിൽ ഇൻഫോസിസ് വരുമാന വളർച്ച അനുമാനം 16.5-17.5%ൽ നിന്നും 19.5-20%ലേക്ക് ഉയർത്തിയത് ഓഹരിയെ ദീർഘകാല നിക്ഷേപത്തിന് കൂടുതൽ ആകർഷകമാക്കുന്നു.

ടിസിഎസ് മുൻപാദത്തിൽനിന്നും 4.31% വളർച്ചയോടെ 48,885 കോടി രൂപയുടെ വരുമാനവും ഒന്നര ശതമാനം വളർച്ചയോടെ 9,769 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. ഏഴു രൂപ ലാഭവിഹിതം പ്രഖ്യാപിച്ച ടിസിഎസ് 4500 രൂപ പ്രകാരം 18,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങലും പ്രഖ്യാപിച്ചത് ഓഹരിക്കു മുന്നേറ്റം നൽകിയേക്കാം. 

ക്രമാനുഗതമായ വളർച്ചയോടെ വിപ്രോയും 20,314 കോടി രൂപയുടെ വരുമാനവും, 2997 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കിയെങ്കിലും   കമ്പനി നടത്തിയ ഏറ്റെടുക്കലുകളും മറ്റും മാർജിൻ വീണ്ടും കുറച്ചത് ഓഹരിക്ക് പ്രതികൂലമായി. വിപ്രോ തിരുത്തലിൽ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം. 

ക്രൂഡ് ഓയിലിന്റെ മുന്നേറ്റം ഓഎൻജിസിക്കും ഓയിൽ ഇന്ത്യക്കും ഇനിയും മുന്നേറ്റം നൽകിയേക്കാം. റിസൾട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി റിലയൻസ് ഇനിയും  മുന്നേറ്റം പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച്ചത്തെ റിസൾട്ടിന് ശേഷമുള്ള ഏതു തിരുത്തലും ഓഹരിയിൽ ബജറ്റിന് മുൻപായുള്ള നിക്ഷേപ അവസരമാണ്.

ബാങ്കിങ് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് ബാങ്കിങ് കൗണ്ടറുകളിലും ആവേശമായേക്കാം. ആക്സിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് , ബന്ധൻ ബാങ്ക് മുതലായവയും നിക്ഷേപ  യോഗ്യമാണ്.

മിഡ് ക്യാപ് ഐടി ഓഹരികളും അടുത്ത ആഴ്ചകളിൽ  മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചേക്കാവുന്നതും പരിഗണിക്കാം. ടെലികോം ടെക്ക് ഓഹരികൾ 5ജി വ്യാപന ആനുകൂല്യത്തിൽ മുന്നേറ്റം തുടർന്നേക്കാം. എച്ച്എഫ്സിഎൽ, തേജസ് നെറ്റ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. ടെക് മഹിന്ദ്ര അടുത്ത ഇറക്കത്തിൽ സ്വന്തമാക്കാം. 

കേന്ദ്ര സർക്കാരിന്റെ എഥനോൾ നയം പഞ്ചസാര ഓഹരികൾക്ക് ദീർഘകാല മുന്നേറ്റം നൽകും. പഞ്ചസാരയുടെ മികച്ച രാജ്യാന്തര വില പഞ്ചസാര ഓഹരികളുടെ പാദ ഫലപ്രഖ്യാപനങ്ങൾ കൂടുതൽ  മധുരകരമാക്കിയേക്കും. വാഹന ഓഹരികളും മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോഴ്‌സ്, മഹിന്ദ്ര, ഗ്രീവ്സ് കോട്ടൺ, ഐഷർ, ഹീറോ എന്നിവ ശ്രദ്ധിക്കുക. 

സ്വിഗ്ഗിയുമായുള്ള ഇലക്ട്രിക്ക് ബൈക്ക് കൂട്ടുകെട്ട് ടിവിഎസ് മോട്ടോഴ്സിനു മുന്നേറ്റം നൽകിയേക്കാം. ഇന്ത്യയുടെ റിന്യൂവബിൾ എനർജി മേഖലയിലെ മുന്നേറ്റം ഇന്ത്യൻ പവർ ഓഹരികളെയും കൂടുതൽ ആകർഷകമാക്കുന്നു. സിഎൻസി മെഷീൻ ഉത്പാദകരായ മാക് പവർ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്. ഐഇഎക്സ് ഇത്തവണയും മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നു. ഓഹരി ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം. 

അടുത്ത ആഴ്ചയിലെ പ്രധാന റിസൽട്ടുകൾ

അൾട്രാ ടെക്ക് സിമന്റ്, എച്ച്എഫ്സിഎൽ, സൊണാറ്റ സോഫ്റ്റ്, തത്വ ചിന്തൻ ഫാർമ കെം, ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്സ്, ബൻസാലി എഞ്ചിനീയറിംഗ് പോളിമേഴ്‌സ്, ഏഞ്ചൽ വൺ, ടൈഗർ ലോജിസ്റ്റിക്സ്, മോസ്‌ചിപ്പ് ടെക് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. റിലയൻസ്, ഐസിഐസിഐ ബാങ്ക് , ബജാജ് ഫിനാൻസ്, ബജാജ് ഫിൻ സെർവ്, ഏഷ്യൻ പെയിന്റ്, ബജാജ് ഓട്ടോ, സിയറ്റ്, എൽടിഐ, ടാറ്റ എൽഎക്സി, ഹാവെൽസ്, എകി  എനർജി, ഡിസിഎം ശ്രി റാം, ട്രൈഡന്റ്,  നെൽകോ, റാലിസ്, ഓഎഫ്എസ്എസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, റെജസ് നെറ്റ്‌വർക്, സയിന്റ്റ്, ബയോകോൺ, എംഫസിസ്, ബന്ധൻ ബാങ്ക്, സിഎസ്ബി, ഗ്ലാൻഡ്, എച്ച്ഡിഎഫ്സി ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, പോളി ക്യാബ്, പിവിആർ, ഠൻല, യെസ് ബാങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

സ്വർണം 

അമേരിക്കൻ പണപ്പെരുപ്പം ഇനിയും മുന്നേറിയേക്കാമെന്നത് ബോണ്ട് യീൽഡിനു വീണ്ടും മുന്നേറ്റം നൽകിയേക്കാമെന്നത് സ്വർണത്തിന് ക്ഷീണമാണ്. ബോണ്ട് യീൽഡ് 1.81% കടന്നാൽ രാജ്യാന്തര സ്വർണവില വീണ്ടും 1800 ഡോളറിന് താഴേക്കു വീഴാനുള്ള സാധ്യത കൂടുതലാണ്. 

ക്രൂഡ് ഓയിൽ 

വ്യാഴാഴ്ച നേരിയ വിൽപന സമ്മർദ്ദം നേരിട്ട രാജ്യാന്തര ക്രൂഡ് വില വീണ്ടും മുന്നേറ്റം കുറിച്ചത് ഓയിൽ ബുള്ളുകൾക്ക് പ്രതീക്ഷയാണ്. ഏഷ്യയിലെ ഉയരുന്ന ഓയിൽ ഉപഭോഗവും, അമേരിക്കയുടെ കുറയുന്ന എണ്ണ ശേഖരവും കണ്ടു മുന്നേറുന്ന ബ്രെന്റ് ക്രൂഡ് 88 ഡോളറിൽ വിൽപന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.

English Summary : Share market analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA