ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് പോസിറ്റീവായത് 14,000 പേർ. ജില്ലയിൽ ഇതിനകം കോവിഡ് ബാധിച്ചതു മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നു പേർക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 33% കടന്നു. എറണാകുളം ജില്ലയിൽ കോവിഡ് അതി തീവ്രവ്യാപനത്തിന്റെ സൂചന നൽകിയാണ് പോസിറ്റിവാകുന്നവരുടെ എണ്ണം കുതിച്ചുയരുന്നത്.10443 പേരാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ മാത്രം കോവിഡ് ബാധിതരായത്. 6.63 ലക്ഷം പേർക്കു കോവിഡ് ബാധിച്ചതായാണു പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ 17.30 ശതമാനം വരും ഇത്. 

ഇതിൽ ഒമിക്രോൺ ബാധിതർ 79 പേർ മാത്രം. പരിശോധന സൗകര്യം വ്യാപകമല്ലാത്തതു മൂലം ഒമിക്രോണിന്റെ സമൂഹ വ്യാപനമുണ്ടായിട്ടുണ്ടോയെന്നു ശാസ്ത്രീയമായി വിലയിരുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. മൊത്തം 5895 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. 0.89% ആണു മരണ നിരക്ക്. 

പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം എന്നിങ്ങനെയുള്ള അനുബന്ധ രോഗമുള്ളവരാണു മരിച്ചവരിലേറെയും വാക്സീൻ സ്വീകരിക്കാത്തവരിലാണു കൂടുതൽ മരണങ്ങളും 87.04%. സ്ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 9.1% പേർ കോവിഡ് വാക്സീൻ ആദ്യ‍ ഡോസ് സ്വീകരിച്ചവരും 3.86% പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്. 

നിലവിൽ കോവിഡ് രോഗികളായിട്ടുള്ളവരിൽ 0.98% പേർക്കു മാത്രമേ ഐസിയു ചികിത്സ ആവശ്യമായിട്ടുള്ളൂ. നിലവിൽ കോവിഡ് ബാധിതരായവരിൽ ഭൂരിഭാഗം പേർക്കും കാര്യമായ ലക്ഷണങ്ങളില്ല. സർക്കാർ ആശുപത്രികളിൽ 200ൽ താഴെ കോവിഡ് രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. പ്രതിദിന കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. 

English Summary: TPR signal Covid dominance in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com