അമേരിക്ക പേടിക്കുന്ന ലേഡി അൽ ഖായിദ; ‘ഭീകരരുടെ സ്വപ്ന സുന്ദരി’യ്ക്കായി മുറവിളി

1248-aafia-siddiqui
പാക്കിസ്ഥാനി ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖി (ചിത്രം ട്വിറ്റർ)
SHARE

ഹൂസ്റ്റൺ ∙ കൊടുംക്രൂരതയുടെ പര്യായമെന്നു യുഎസ് വിശേഷിപ്പിക്കുന്ന പാക്കിസ്ഥാനി ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖി (49)യെ മോചിപ്പിക്കണമെന്ന ഒരേ ഒരു കാര്യമാണ് ടെക്സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയിൽ റാബി ഉൾപ്പെടെ 4 പേരെ ബന്ദികളാക്കിയ അക്രമി ആവശ്യപ്പെട്ടത്. എന്നാൽ, അക്രമിക്ക് ആഫിയയുമായോ അവരുടെ കുടുംബവുമായോ ബന്ധമൊന്നുമില്ലെന്നും ആഫിയയുടെ സഹോദരൻ മുഹമ്മദ് സിദ്ദിഖി ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും പിന്നീട് സ്ഥിരീകരിച്ചു. ഭീകരർക്കിടയിലെ സ്വപ്നസുന്ദരി, ലേഡി അൽ ഖായിദ തുടങ്ങി നിരവധി വിശേഷണങ്ങൾ ലോകം ഇവർക്ക് ചാർത്തി നൽകി. അൽ ഖായിദ ബന്ധത്തിന്റെ പേരിൽ യുഎസ് സംശയിക്കുകയും ഭീകരരുടെ പട്ടികയിൽ പെടുത്തുകയും ചെയ്ത ആദ്യ വനിതയാണ് ആഫിയ സിദ്ദിഖി. 

അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ വധിക്കാൻ ശ്രമിച്ചതിനു ആഫിയ 2016ലാണ് 86 വർഷം തടവിന് യുഎസിൽ ശിക്ഷിക്കപ്പെട്ടത്. ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന മുറവിളിയാണ് പാക്കിസ്ഥാനിൽ. ആഫിയയെ യുഎസിൽ ആരും അറിയണമെന്ന് തന്നെയില്ല. പക്ഷേ പാക്കിസ്ഥാനിൽ അവർ അതിപ്രശസ്തയാണ്. ആഫിയയുടെ മോചനം വൈകാരിക വിഷയവുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ സഹോദരനൊപ്പം താമസിക്കാൻ യുഎസിൽ എത്തിയതായിരുന്നു ആഫിയ സിദ്ദിഖി. 1995 ൽ യുഎസിലെ എംഐറ്റി എന്ന ലോകപ്രസിദ്ധ സാങ്കേതിക സ്ഥാപനത്തിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ആഫിയ ബോസ്റ്റണിലെ ബ്രാൻഡിസ് സർവകലാശാലയിൽനിന്ന് ന്യൂറോ സയൻസിൽ ഡോക്ടറേറ്റും നേടി. 

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയുടെ നെഞ്ചകം പിളർത്തിയ ഭീകരാക്രമണത്തിനു ശേഷമാണ് യുഎസ്, ആഫിയ സിദ്ദിഖിയെ നോട്ടമിടാൻ തുടങ്ങിയത്. ആഫിയ സിദ്ദിഖി യുഎസിൽ വച്ചു തന്നെ അൽ ഖായിദയിൽ ചേർന്നുവെന്നായിരുന്നു യുഎസ് നിഗമനം. ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്തുവെന്ന സംശയത്തിൽ എഫ്ബിഐ നിരീക്ഷണത്തിലായിരുന്നു ഇവർ. ഭീകരാക്രമണത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ വൻതുക ചെലവിട്ട് ഇവർ വാങ്ങിയതും ഭീകരാക്രണത്തെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതും ആ സംശയത്തിനു ആക്കം കൂട്ടി. 

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ ബന്ധുവിനെയാണ് ഇവർ വിവാഹം കഴിച്ചതെന്ന വിവരവും ആഫിയ സിദ്ദിഖിയെ യുഎസിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി. 2003ൽ യുഎസിൽ നിന്നും പാക്കിസ്ഥാനിൽ തിരിച്ചെത്തിയ ഉടനെ കറാച്ചിയിൽ നിന്ന് രണ്ടു മക്കൾക്കൊപ്പം അപ്രത്യക്ഷയായത് വൻ വാർത്താ പ്രധാന്യം നേടി. 5 വർഷം കഴിഞ്ഞ് അഫ്ഗാനിലാണു പിടിയിലായത്.

2004 ൽ മേയിൽ വാർത്താസമ്മേളനത്തിൽ എഫ്ബിഐയും നീതിന്യായ വകുപ്പും ആഫിയയെ അൽ ഖായിദ ഓപ്പറേറ്ററും ഫെസിലിറ്റേറ്ററും എന്ന് വിശേഷിപ്പിച്ചത് നിർണായകമായി. ‘ഡേർട്ടി ബോംബുകൾ’ എന്ന് വിളിക്കപ്പെടുന്നവയുടെ നിർമാണം വിശദീകരിക്കുന്ന കുറിപ്പുകൾ കണ്ടെടുത്തുവെന്ന് ആരോപിച്ച്  2008-ൽ  ആഫിയയെ അഫ്ഗാനിസ്ഥാനിൽ തടഞ്ഞു വച്ചിരുന്നു. 

2008 ജൂലൈ 17 ന് അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിൽ  തീവ്രവാദ വിരുദ്ധ വകുപ്പ് ചോദ്യം ചെയ്യുന്നതിനിടെ യുഎസ് സൈനികന്റെ റൈഫിൾ ആഫിയ തട്ടിയെടുത്ത് കൊലവിളി നടത്തിയതായി അധികൃതർ പറയുന്നു. ഞാൻ ആഗ്രഹിക്കുന്നത് അമേരിക്കയുടെ അന്ത്യമാണ്, എല്ലാ അമേരിക്കക്കാരും കൊല്ലപ്പെടണമെന്ന് ആക്രോശിച്ചു കൊണ്ട് ആഫിയ ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തു. സംഭവത്തിൽ ഒരു എഫ്ബിഐ ഏജന്റിനും സൈനിക ഉദ്യോഗസഥനും പരുക്കേറ്റു. 

1248-aafia-siddiqui-pakistan
പാക്കിസ്ഥാനി ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോറിൽ നടന്ന പ്രകടനം(Photo by Arif ALI / AFP)

2019ലാണ് യുഎസ് സൈനികരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആഫിയ കുറ്റക്കാരിയാണെന്നു ന്യൂയോർക്ക് കോടതി വിധിക്കുന്നത്. 86 വർഷമായിരുന്നു തടവ് ശിക്ഷ.  ടെക്സസിലെ ഫോർട്ട്‌വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്റർ ജയിലിൽ കഴിയുന്ന ഇവർക്കെതിരെ വധശ്രമം, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ ജൂലൈയിൽ  മറ്റൊരു തടവുകാരൻ ഇവരെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചുവെന്നു കോടതി രേഖകൾ പറയുന്നു. ആഫിയയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്ന സ്വന്തം അഭിഭാഷകരുടെ വാദങ്ങളിൽ ഇവർ നിരാശ പ്രകടിപ്പിച്ചിരുന്നു. തനിക്ക് മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും അത്തരം വാദങ്ങൾ തന്നെ മുറിപ്പെടുത്തിയെന്നും അവർ തുറന്നു പറയുകയും ചെയ്തിരുന്നു. 

അന്നത്തെ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി, ആഫിയയെ ‘രാജ്യത്തിന്റ പുത്രി’ എന്ന് അഭിസംബോധന ചെയ്യുകയും മോചനത്തിനായി നീക്കങ്ങൾ നടത്തുകയും ചെയ്തത് രാജ്യാന്തര തലത്തിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തെറ്റായ കുറ്റങ്ങൾ ചുമത്തിയാണ് ആഫിയയെ തുറങ്കിലടച്ചതെന്നും മോചനം സാധ്യമാക്കണമെന്നുമായിരുന്നു രാജ്യാന്തര വേദികളിൽ പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്. 

English Summary: Aafia Siddiqui at the centre of Texas hostage incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA