ADVERTISEMENT

നിശബ്ദ താഴ്‍വരയുടെ (സൈലന്റ് വാലി) സംരക്ഷണ സമരത്തിന് മുന്നിൽ നടന്ന പ്രധാന വ്യക്തിയായിരുന്നു ഡേ‍ാ. എം.കെ.പ്രസാദ്. രാജ്യത്തു നടന്ന ആദ്യ ജനകീയ സമരമായ സൈലന്റ് വാലി സംരക്ഷണ പ്രക്ഷേ‍ാഭത്തിന് അടിത്തറയെ‍ാരുക്കിയ അദ്ദേഹം അവസാനംവരെ അതിന്റെ കേന്ദ്രവും പേ‍ാരാളിയുമായി. 

സൈലന്റ്‌ വാലി സമരങ്ങളെയും തുടർ നീക്കങ്ങളെയും ഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങളുടെ മാതാവെന്നു ചരിത്രകാരന്മാർ വിശേഷിപ്പിക്കാൻ വഴിയൊരുക്കിയതിനും അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രധാനഘടകമായി. ഇത്രയെ‍ാന്നും മാധ്യമങ്ങളില്ലാതിരുന്ന കാലത്തും ലേ‍ാകത്തിന്റെ ശ്രദ്ധ അങ്ങനെ സൈലന്റ് വാലിയിൽ എത്തി. വിവിധരാജ്യങ്ങളിൽനിന്നു സമരത്തിന് ഐക്യകാഹളം ഉയർന്നു. സമസ്ത മേഖലകളെയും സമന്വയിപ്പിച്ചും എന്നാൽ, ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ചുമല്ലാത്ത നടന്ന സമരവും ഈ നിശബ്ദ താഴ്‌വരയ്ക്കു വേണ്ടി മാത്രമായിരുന്നു. 

കുന്തിപ്പുഴയിൽ നിർമിക്കാൻ ലക്ഷ്യമിട്ട കെഎസ്ഇബിയുടെ അണക്കെട്ടിനും ജലവൈദ്യുത പദ്ധതിക്കും എതിരെയുള്ള പേ‍ാരാട്ടമായിരുന്നു അതെങ്കിലും തികച്ചും ശാസ്ത്രീയമായ അടിത്തറയും വികേന്ദ്രീകൃത സമരങ്ങളുമായിരുന്നു ഒരു പതിറ്റാണ്ടിലധികം നീണ്ട അതിന്റെ പ്രത്യേകത. ഒടുവിൽ,1984 ലാണ് സൈലന്റ് വാലിയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്.

ഡേ‍ാ.സലീം അലി, ഡേ‍ാ.എം.എസ്.സ്വാമിനാഥൻ, മാധവ് ഗാഡ്ഗിൽ, കൃഷ്ണകാന്ത് പിലുമേ‍ാഡി, സീതാറാം കേസരി, സുബ്രഹ്മണ്യം സ്വാമി തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സൈലന്റ് വാലിക്കായി ശബ്ദമുയർത്തിയ പ്രമുഖരുമായെല്ലാം എം.കെ.പ്രസാദാണ് (എംകെപി) സംവദിച്ചതും സ്ഥലത്തെത്തിച്ചതും.

sundarlal-bahuguna-sugathakumari-mk-prasad
പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ, കവയിത്രി സുഗതകുമാരി എന്നിവർക്കൊപ്പം എം.കെ.പ്രസാദ്.

സംരക്ഷിക്കാനയില്ലെങ്കിൽ ആത്മഹത്യ ചെയ്യുക

ഇത്രയും സുന്ദരവും വിലപിടിപ്പുള്ളതുമായ കാട് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് എന്ന് പ്രശസ്ത പക്ഷിശാസ്ത്രജ്ഞനായ സലീംഅലി പറഞ്ഞതായി എംകെപി ഒ‍ാർമിക്കാറുണ്ട്. സൈലന്റ് വാലിയുടെ പ്രചേ‍ാദനത്തിലും രീതിയിലും പൂയംകുട്ടി ഉൾപ്പെടെ സംസ്ഥാനത്തും നർമദ അടക്കം മറ്റുസംസ്ഥാനങ്ങളിലും ആരംഭിച്ച പ്രക്ഷേ‍ാഭങ്ങളെല്ലാം  വിജയംകണ്ടു. തിരുവനന്തപുരം സമര കൺവെൻഷനിൽ പങ്കെടുത്ത് രംഗത്തെത്തിയ സുഗതകുമാരി ടീച്ചറിന്റെ മരത്തിനു സ്തുതി എന്ന കവിത പിന്നീട് സമരത്തിന്റെ അടയാളമായതായി എം.കെ.പ്രസാദ് പറഞ്ഞിരുന്നു. 

കുട്ടികളിലും യുവാക്കളിലും വനിതകളിലും ലളിതമായ ഭാഷയിൽ നിത്യജീവിതത്തിലെ ഉദാഹരണങ്ങളിലൂടെ പരിസ്ഥിതിബേ‍ാധം ഉണ്ടാക്കിയെടുത്ത പ്രഫ.ജേ‍ാൺ സി.ജേക്കബ്, ഗ്രാമങ്ങളിൽ സഞ്ചരിച്ച് സമരം വ്യാപിപ്പിച്ച ‍എസ്.പ്രഭാകരൻ, കേരള വന ഗവേഷണ ഇൻസ്റ്റിട്ട്യൂട്ടിലെ ഡേ‍ാ.വി.എസ്.വിജയൻ, ഹൈക്കേ‍ാടതിയെ സമീപിച്ച് നടപടികൾക്കു സ്റ്റേ വാങ്ങിയ പ്രശസ്ത കവി ഡേ‍ാ.എൻ.വി.കൃഷ്ണവാരിയർ, പ്രഫ.ജേ‍ാൺജേ‍ാൺ, അഡ്വ.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം എംകെപിയുടെ നീക്കൾക്കു പിന്തുണ നൽകി.

vr-krishnaiyer-mk-prasad
ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർക്കൊപ്പം എം.കെ.പ്രസാദ്.

സൈലന്റ് വാലിയെക്കുറിച്ചുളള ഡേ‍ാ.വി.എസ്.വിജയന്റെ ഔദ്യേ‍ാഗിക ഗവേഷണം പുറത്തു വന്നതേ‍‍ാടെയാണ് പ്രദേശത്തിന്റെ അമൂല്യവും അപൂർവവുമായ കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. 

ബ്രിട്ടിഷുകാർ ഉപേക്ഷിച്ച പദ്ധതി

കേ‍ാഴിക്കേ‍ാട് ആർട്സ് ആൻഡ് സയൻസ് കേ‍ാളജിൽ അധ്യാപകനായിരിക്കേ സഹപ്രവർത്തകൻ രാമകൃഷ്ണൻ പാലാട്ടിൽ നിന്നാണ് 1972ൽ പ്രസാദ് സൈലന്റ് വാലി വിഷയം കേൾക്കുന്നത്. പിന്നീട് അദ്ദേഹം മാസങ്ങളേ‍ാളം മണ്ണാർക്കാട് താമസിച്ച് കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ചു റിപ്പേ‍ാർട്ടു തയാറാക്കി. പ്രദേശം സംരക്ഷിക്കുന്നതിനെ‍ാപ്പം ജലപദ്ധതി ഉപേക്ഷിക്കുന്നതു കെ‍ാണ്ടുളള നഷ്ടം നികത്താനുള്ള പഠനവും ചർച്ചയും ബദൽ മാർഗവും പഠനത്തിലുണ്ടായിരുന്നു.  

പയ്യന്നൂർ കേന്ദ്രമായുള്ള പരിസ്ഥിതി പ്രസ്ഥാനമായ സീക്കിന്റെ നേതൃത്വത്തിൽ 1977 ഏട്ടിക്കുളം ഗവ. യുപി സ്കൂളിൽ നടന്ന സംസ്ഥാനത്തെ ആദ്യത്തെ പ്രകൃതി അനുഭവ ക്യാംപിൽ പങ്കെടുത്ത എംകെപി വേദനയേ‍ാടെയാണ് സൈലന്റ് വാലി വിഷയം അവതരിപ്പിച്ചത്. പിറ്റേന്നുതന്നെ അവിടെ ‍ജേ‍‍ാൺ സി.ജേക്കബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധ സമരം നടന്നു.

mk-prasad-1
എം.കെ.പ്രസാദ്.

സൈലന്റ് വാലി സമരം തീവ്രമായ 1975–80 കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ 1300ലധികം പെ‍ാതുപരിപാടികളിൽ എംകെപി പ്രസംഗിച്ചു. തിരിച്ചെടുക്കാൻ കഴിയാത്തവിധം കാടും പരിസ്ഥിതിയും നശിക്കുമെന്നതിനാൽ ബ്രിട്ടിഷുകാർ ഉപേക്ഷിച്ച പദ്ധതിക്കാണ് ലവലേശം ആശങ്കയില്ലാതെ കെഎസ്ഇബി രൂപം നൽകിയതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. 

വൻ മുന്നേറ്റമായി ചെറു സമരങ്ങൾ

ലേ‍ാകത്തു മറ്റെ‍ാരിടത്തുമില്ലാത്ത ജീവജാലങ്ങളാണ് സൈലന്റ് വാലി പ്രദേശത്തുളളതെന്ന കണ്ടെത്തലുകളെ‍ാന്നും അധികൃതരെ പിന്തിരിപ്പിച്ചില്ല. ജലവൈദ്യുത പദ്ധതിയുമായി മുന്നേ‍ാട്ടുപേ‍ാകാൻ രാഷ്ട്രീയ നേതൃത്വത്തിന് പദ്ധതിയുടെ നടത്തിപ്പുകാർ പണം നൽകി സ്വാധീനിച്ചതായും അന്ന് റിപ്പേ‌ാർ‌ട്ടുകൾ വന്നതായി എംകെപി പറഞ്ഞിരുന്നു. ചെറിയചെറിയ സമരങ്ങൾ ഒരുമിച്ചുചേർന്ന, ആ വലിയ പ്രക്ഷേ‍ാഭത്തിന് എതിരായിരുന്നു എതാണ്ട് എല്ലാം രാഷ്ട്രീയ നേതൃത്വവുമെങ്കിലും യുവജന സംഘടനകൾ മിക്കതും സേവ് സൈലന്റ് വാലിക്കെ‍ാപ്പംനിന്നു. 

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു എം.കെ.പ്രസാദ്. ആദ്യഘട്ടത്തിൽ പരിഷത്ത് പ്രക്ഷേ‍ാഭത്തിൽ സജീവമായില്ലെന്നു മാത്രമല്ല, അനുകൂല നിലപാടുമെടുത്തില്ല. ഡേ‍ാ. ശ്യാമസുന്ദരൻ നായർ മാത്രമാണ് പ്രധാനമായി കൂടെയുണ്ടായിരുന്നത്. എന്നാൽ, എം.കെ.പ്രസാദിന്റെ പഠനവും ലേഖനവും ചർച്ചയായതേ‍ാടെ സംഘടന അവസാനംവരെ സമരത്തിന്റെ മുൻനിരക്കാരായി. 

വിഷയവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. പദ്ധതി നടപ്പിൽ വന്നാൽ മനുഷ്യന്റെ അമൂല്യപൈതൃകമാണ് നഷ്ടപ്പെടുക എന്നായിരുന്നു ആ ലേഖനത്തിന്റെ ആരംഭം. വിഷയം പഠിക്കാൻ പരിഷത്ത് ഡേ‍ാ.എം.പി.പരമേശ്വൻ ഉൾപ്പെടെയുളളവരുടെ കമ്മിറ്റിയെ നിയമിച്ചു. വൈദ്യുതി ബേ‍ാർഡിലെ ചിലരും സമരത്തിന് തങ്ങളുടെ ഐക്യം എം.കെ.പ്രസാദിനെ അനൗദ്യേ‍ാഗികമായി അറിയിച്ചു. അടിയന്തരാവസ്ഥയുടെ കാലത്തും സമരത്തിന് തിളക്കം കുറഞ്ഞില്ല. 

mk-prasad-4
എം.കെ.പ്രസാദ്.

ഇന്ദിരാഗാന്ധി മുതൽ ഉച്ചകേ‍ാടിവരെ

സർക്കാർ പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന സർക്കാർ ഉദ്യേ‍ാഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തെ ജയിലിൽ അടയ്ക്കുമെന്നു പ്രചാരണമുണ്ടായി. കെഎസ്ഇബി ജീവനക്കാരുടെ സംഘടന പ്രസാദിനെ വകവരുത്താൻ നീക്കം നടത്തിയെന്ന ആരേ‍ാപണം അക്കാലത്ത് വലിയ കോലാഹലമാണുണ്ടാക്കിയത്. എന്നാൽ, ഒരു കള്ളക്കേസ് പേ‍ാലും റജിസ്റ്റർ ചെയ്യാനേ‍ാ, അതുവഴി ജയിലിൽ അടച്ചു സമരം പരാജയപ്പെടുത്താനേ‍ാ ശ്രമമുണ്ടായില്ലെന്ന കാര്യം പ്രസാദ് എടുത്തു പറഞ്ഞിട്ടുണ്ട്. 

1972–ൽ റിയേ‍ാ ഡി ജനീറേ‍ായിൽ നടന്ന ഭൗമ ഉച്ചകേ‍ാടിയിൽ സൈലന്റ് വാലി വിഷയം ഉയർത്തിയതിനു പിന്നിലും പ്രസാദ് നിർണായക പങ്കുവഹിച്ചു. അദ്ദേഹമുൾപ്പെടെയുളള സംഘം ഉച്ചകേ‍ാടിയിൽ പങ്കെടുത്തു. സൈലന്റ് വാലി സംരക്ഷിക്കണമെന്ന് ഭൗമ ഉച്ചകേ‍ാടി ആവശ്യപ്പെട്ടു. റഷ്യയിൽ നടന്ന സമ്മേളനവും ജലവൈദ്യുത പദ്ധതിക്കെതിരെ പ്രഖ്യാപനം നടത്തി.

സമരത്തിനെതിരെ സർക്കാർ മുഴുവൻ അടവുകളും പ്രയേ‍ാഗിച്ചു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും സംഘടിപ്പിച്ചതായി ആരേ‍ാപണമുയർന്നു. ഇ.കെ.നായനാരായിരുന്നു അന്ന് മുഖ്യമന്ത്രി. സമരം വിജയിക്കാനും പ്രദേശം സംരക്ഷിതമേഖലയായി പ്രഖ്യാപിക്കപ്പെടാനുമുള്ള പ്രധാനകാരണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിലപാടാണെന്നും പ്രസാദ് ആവർത്തിക്കുമായിരുന്നു

mk-prasad-3
എം.കെ.പ്രസാദ്.

ഒടുവിൽ സൈലന്റ് വാലി ഉദ്യാനം പിറന്നു

ഇന്ദിരാഗാന്ധി കാര്യങ്ങൾ പഠിച്ചു, ശാസ്ത്രീയമായി വിഷയം  മനസ്സിലാക്കി. പ്രശ്നത്തെക്കുറിച്ച് അവർ എം.കെ.പ്രസാദുമായി ചർച്ച നടത്തി. പിന്നീട് ഹെലികേ‍ാപ്റ്ററിൽ പ്രദേശത്ത് നിരീക്ഷണം നടത്തി. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം സെക്രട്ടറി ഡേ‍ാ.എം.ജി.കെ.മേനേ‍ാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു തയാറാക്കിയ റിപ്പേ‍ാർട്ട് അടിസ്ഥാനമാക്കിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ദേശീയ ഉദ്യാന പ്രഖ്യാപനം. 

mk-prasad-2
എം.കെ.പ്രസാദ്.

സുഗതകുമാരി അന്തരിച്ച സമയത്ത് സൈലന്റ് വാലി ഒ‍ാർമകളെക്കുറിച്ചുളള ചേ‍ാദ്യത്തിന്, കേരളത്തിന്റെ പരിസ്ഥിതി അവബേ‍ാധത്തെ നിർമിച്ച ഒന്നായിരുന്നു സൈലന്റ് വാലി പ്രക്ഷേ‌ാഭം എന്നാണ് അദ്ദേഹം പറഞ്ഞത്. ഔദ്യേ‍ാഗിക ജീവിതത്തിനു ശേഷം മൂന്നുവർഷം മുണ്ടൂർ ഐആർടിസി ഡയറക്ടറുമായിരുന്ന എം.കെ.പ്രസാദിന് പരിസ്ഥിതിയെന്നത് ഹൃദയവും ബുദ്ധിയും നിരന്തര പ്രവർത്തനത്തിനുള്ള മേഖലയുമായിരുന്നു.

English Summary : Dr.M.K.Prasad and Silent valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com