ADVERTISEMENT

കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധു അവഗണനയുടെ പെരുമഴയത്തു തന്നെ. ആള്‍ക്കൂട്ടമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട് കൊല്ലം നാലായിട്ടും കേസിലെ വിചാരണ തുടങ്ങിയിട്ടില്ല. കേസിൽ നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കത്തു നൽകിയതോടെ കേസ് വീണ്ടും നീളുമെന്നുറപ്പായി. കേസിലെ 16 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. ശിശുമരണങ്ങളുടെ പേരില്‍ കണ്ണീര്‍ത്തുള്ളിയായ അട്ടപ്പാടിയില്‍ മധുവിന്റെ അമ്മ മല്ലിയുടെ അടക്കിപ്പിടിച്ച കരച്ചില്‍കൂടി കേള്‍ക്കാം.

2018 ഫെബ്രുവരി 22നാണു മധു കൊല്ലപ്പെട്ടത്. ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും സമരവും ഉണ്ടായതോടെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ മധുവിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും നീതി വൈകുക തന്നെയാണ്. ഇപ്പോഴും അട്ടപ്പാടിയിൽ ‘മധുമാർ’ ഉണ്ടാകുന്ന സാമൂഹിക പശ്ചാത്തലം മാറിയിട്ടില്ല. 

attappadi-madhu-2
അരി മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ മധുവിനെ കെട്ടിയിട്ട നിലയിൽ. (ഫയൽ ചിത്രം)

∙ കേരളം തലകുനിച്ച ആ നാളുകൾ

ചിണ്ടക്കിയൂർ നിവാസിയായ മധു മുക്കാലിയിലെ  കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം പിടികൂടിയത്. മനോദൗർബല്യത്തെത്തുടർന്ന് വീട്ടിൽ നിന്നു മാറി വനത്തിനുള്ളിലെ ഗുഹയിൽ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണു സംഘം പിടികൂടിയത്. തുടർന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകൾ ചേർത്തുകെട്ടി ചിണ്ടക്കിയൂരിൽ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. മധു താമസിച്ചിരുന്നിടത്തു നിന്നു കണ്ടെടുത്ത കുറച്ച് അരിയും കറിക്കൂട്ടുകളും അടങ്ങിയ ഒരു ചാക്കും ഒപ്പം തലയിലേറ്റിച്ചു. മുക്കാലിയിൽ എത്തിയപ്പോൾ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും ദൃശ്യങ്ങളും പ്രതികൾ പകർത്തുകയും ചെയ്തു. തുടർന്നു പൊലീസിനെ അറിയിച്ചു. 

പൊലീസ് ജീപ്പിൽ കൊണ്ടുപോകും വഴി മധു ഛർദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഘടനകളുടെ ശക്തമായ സമരത്തിന്റെ ഫലമായി രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ അട്ടപ്പാടിയിലേക്ക് ഒഴുകിയെത്തി. തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ മധുവിന്റെ വീട്ടിലുമെത്തി. വാഗ്ദാനങ്ങളേറെ നൽകിയെങ്കിലും ജലരേഖയായി പലതും. 

attappadi-madhu-3
മധു (ഫയൽ ചിത്രം)

ഈ കേസിലെ വിചാരണ 25 ന് മണ്ണാർക്കാട് പട്ടികജാതി–വർഗ സ്പെഷ്യൽ കോടതിയിൽ ആരംഭിക്കാനിരിക്കെയാണ്  ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ  വി.ടി.രഘുനാഥ് കത്തു നൽകിയത്. തുടക്കം മുതൽ തന്നെ കേസിലെ നിയമനടപടികൾ വൈകിയിരുന്നു. സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചത്. അതും മധുവിന്റെ അമ്മ മല്ലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ. പ്രോസിക്യൂഷനു വേണ്ട സൗകര്യങ്ങൾ ഒരുക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം ഒഴിഞ്ഞ ശേഷമാണ് വി.ടി.രഘുനാഥിനെ നിയോഗിച്ചത്. ഇദ്ദേഹം മാറിയാൽ പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കുന്നതിന് മാസങ്ങളെടുക്കും. കേസ് വൈകും

∙ ഇല്ല, അട്ടപ്പാടി മാറിയിട്ടില്ല

മധുവിന്റെ മരണസമയത്ത് ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശിശുമരണങ്ങള്‍ രൂക്ഷമായ സമയത്ത് വീണ്ടും മന്ത്രിപ്പടയെത്തി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കി. വാഗ്ദാനങ്ങള്‍ പലതും ഒന്നു തന്നെയായിരുന്നു. മധുവിന്റെ മരണശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പലതും അട്ടപ്പാടിക്കു സമഗ്രമായുള്ള പദ്ധതികളായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയെ സജ്ജമാക്കുമെന്ന വാഗ്ദാനം നടപ്പായില്ല. ശിശുമരണം വീണ്ടും രൂക്ഷമായതോടെ അഴിമതി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വാർത്തകളിൽ നിറയുകയാണ് ആശുപത്രി. 

ആദിവാസികള്‍ക്കു ഭൂമി വിതരണം പൂര്‍ത്തീകരിക്കുമെന്ന വാഗ്ദാനം പൂര്‍ണമായും നടപ്പാക്കിയില്ല. ആദിവാസികൾക്ക് കൂട്ടമായി താമസിക്കാൻ അവസരമൊരുക്കുന്ന തരത്തിലാകും ഇനി ഭൂമി വിതരണമെന്നും കൃഷി സ്ഥലം വ്യത്യസ്തമായി നൽകുമെന്നും ഭൂമി വിതരണം 2018 മേയ് മാസത്തോടെ പൂർത്തിയാക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോഴും വനാവകാശരേഖകളും പട്ടയങ്ങളും കിട്ടാത്തവരേറെയുണ്ട്. 

കമ്യൂണിറ്റി കിച്ചന്‍ കാര്യക്ഷമമാക്കുമെന്ന നിര്‍ദേശം പൂര്‍ണമായും പാലിച്ചില്ലെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളില്‍ ഉയര്‍ന്ന ആരോപണം. ആദിവാസികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ റാഗി, ചോളം തുടങ്ങിയവ സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന വാഗ്ദാനം നടപ്പായില്ല.  എല്ലാ ഊരുകളിലും ശുദ്ധജലം ഇപ്പോഴും ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അട്ടപ്പാടിയില്‍ മാനസികാരോഗ്യകേന്ദ്രം സ്ഥാപിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പുനര്‍ജനി എന്ന പേരില്‍ കാവുണ്ടിക്കലില്‍ കേന്ദ്രം ആരംഭിച്ചെങ്കിലും നടത്തിപ്പ് പ്രതിസന്ധിയിലാണ്. ഇപ്പോഴും അലഞ്ഞുനടക്കുന്ന ഒട്ടേറെ പേരെ അട്ടപ്പാടിയില്‍ കാണാം. മദ്യത്തിനെതിരെ എക്സൈസിന്റെ ലഹരിവിമുക്തി കേന്ദ്രം സ്ഥാപിച്ചെങ്കിലും മദ്യനിരോധനമുള്ള അട്ടപ്പാടിയില്‍ മദ്യവും ലഹരിമരുന്നും സുലഭമായി ലഭിക്കും.

∙ പ്രതി ബ്രാഞ്ച് സെക്രട്ടറിയായി, പിന്നെ മാറ്റി

മധുവിനെ കൊലപ്പെടുത്തി പ്രതികൾക്ക് പൊതുസമൂഹം ഇപ്പോഴും സ്വീകാര്യത കുറഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ്  കേസിലെ പ്രതി ഷംസുദ്ദീനെ സിപിഎം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. വിവാദമുയർന്നതുകൊണ്ടു മാത്രമാണ് ഷംസുദ്ദീനെ ആ സ്ഥാനത്തു നിന്നു മാറ്റിയത്. കൊലപാതകക്കേസിൽ പ്രതിയായതിനാൽ സെക്രട്ടറിയാക്കാൻ സാധിക്കില്ലെന്നും മറ്റൊരാളെ നിർദേശിക്കണമെന്നും ഏരിയാ പ്രതിനിധി ആവശ്യപ്പെട്ടെങ്കിലും ബ്രാഞ്ച് നേതൃത്വം അംഗീകരിച്ചില്ല. ഒടുവിൽ പാർട്ടിക്കു സംസ്ഥാനമാകെ അവമതിപ്പുണ്ടാകുമെന്നതിനാൽ ജില്ലാ നേതൃത്വം ഇടപെട്ട് മറ്റൊരാളെ സെക്രട്ടറിയാക്കി തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlight: Attappadi Madhu Lynching Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com