ADVERTISEMENT

2024 ലെ പൊതു തിര‍ഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ‍ ബിജെപി ഹാട്രിക് വിജയം നേടുമോ? കോണ്‍ഗ്രസ് വീണ്ടും വീഴുമോ? കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചകളെപ്പറ്റിയുള്ള വിമര്‍ശനങ്ങളും കര്‍ഷകരുടെ അതൃപ്തിയും അതിജീവിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മുകളിലെ ചോദ്യങ്ങൾക്ക് ഏറെക്കുറെ ഉറപ്പുള്ള ഒരു മറുപടി കിട്ടും. 80 ലോക്സഭാ സീറ്റുകളുള്ള യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പുവിജയം ബിജെപിക്കു നിർണായകമാകുന്നത് അതുകൊണ്ടു കൂടിയാണ്. യുപിയില്‍ വീണ്ടും കാവിക്കൊടി പാറിയാല്‍ അതു തിരിച്ചടിയാകുന്നത് പ്രതിപക്ഷത്തിനാണ്; പ്രത്യേകിച്ച് കോണ്‍ഗ്രസിന്. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ മാത്രമല്ല, അതിനു മുമ്പ് 2023 ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ മനോവീര്യത്തെ അതു ബാധിക്കും.

∙ ചതുഷ്‌കോണ യുദ്ധം

403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി, കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ തമ്മിലുള്ള ചതുഷ്‌കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. 30-35 ശതമാനം വോട്ടുവിഹിതം ഏതു പാര്‍ട്ടിയെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കും. 202 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. 2017 ല്‍ 39.67 ശതമാനം വോട്ടുകളുമായി 312 സീറ്റുകളാണ് ബിജെപി നേടിയത്. 1980-ല്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു രംഗത്തിറങ്ങിയതിനു ശേഷം ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ബിജെപി പരമാവധി സീറ്റുകള്‍ മാത്രമല്ല, എക്കാലത്തെയും മികച്ച വോട്ട് വിഹിതവും നേടി.

ബിഎസ്പി 22.23 ശതമാനം വോട്ടും 19 സീറ്റുകളും, എസ്പി 21.82 ശതമാനം വോട്ടും 47 സീറ്റുകളും വീതം നേടി. വെറും ഏഴു സീറ്റു നേടിയ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 6.25 ശതമാനം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപിക്ക് 50 ശതമാനത്തോളം (49.98) വോട്ടുകള്‍ ലഭിച്ചു. ബിഎസ്പിക്കു 19.43 ശതമാനവും എസ്പിക്ക് 18.11 ശതമാനവും വോട്ടു വിഹിതം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് 6.36 ശതമാനം വോട്ടു മാത്രം.

PTI11_14_2021_000111B
യോഗി ആദിത്യനാഥ്

നിലവില്‍, സംസ്ഥാനത്തെ പ്രതിപക്ഷ ഭിന്നത ബിജെപിക്ക് ആശ്വാസം പകരുന്നുണ്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും സഖ്യമില്ലാതെയാണ് പോരാട്ടത്തിനിറങ്ങുന്നത്. 2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയതിന്റെ അനുഭവത്തില്‍നിന്ന് പഠിച്ച എസ്പി ഇത്തവണ രണ്ടു പാര്‍ട്ടികളെയും ഒഴിവാക്കുകയായിരുന്നു. പകരം ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടിയാണ് അഖിലേഷ് യാദവിന്റെ പോരാട്ടം.

2014 മുതലുള്ള, കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും ബിജെപിയുടെ വിജയം, ബ്രാഹ്മണ-ബനിയ സവര്‍ണ വോട്ടുകള്‍ക്ക് പുറമേ ദലിത്, ഒബിസി വോട്ടുകളും നേടാനായതാണ്. അതുകൊണ്ടുതന്നെ യാദവ ഇതര ഒബിസി വോട്ടുകളും ഉറപ്പാക്കാൻ എസ്പി ശ്രമിക്കുന്നു. പിന്നാക്ക ജാതികളെയും, ജാദവ്, ദലിത് ഇതര വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുബാങ്കിനെയും ഒപ്പംനിർത്തുകയാണ് മായാവതിയുടെ ബിഎസ്പി ലക്ഷ്യമിടുന്നത്. ബിഎസ്പി നിലവില്‍ പ്രചാരണ രംഗത്ത് സജീവമല്ലെങ്കിലും, സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ദലിതര്‍ക്കിടയില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. 403 അംഗ യുപി നിയമസഭയില്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കായി 86 സംവരണ സീറ്റുകളാണുള്ളത്. അതേസമയം, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം.

PTI9_19_2019_000163A
അഖിലേഷ് യാദവ്

∙ തന്ത്രം കുതന്ത്രം

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രത്യേകത ജാതി, സമുദായ, മത വിഭാഗങ്ങള്‍ക്കു തിരഞ്ഞെടുപ്പു ഫലങ്ങളെ തിരുത്തിയെഴുതാമെന്നതാണ്. അതുകൊണ്ടുതന്നെ വിവിധ ജാതി, സമുദായ, മത വിഭാഗങ്ങളുമായി ബന്ധമുണ്ടാക്കാനും സഖ്യങ്ങള്‍ കെട്ടിപ്പടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു. യുപിയില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെയാണ് ബിജെപി ഇതിനു നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞടുപ്പിന് മുന്നോടിയായി ധര്‍മേന്ദ്ര പ്രധാനും സംഘവും പരമ്പരാഗത ബിജെപി വോട്ടര്‍മാര്‍ക്കപ്പുറം ഒബിസി, പിന്നാക്ക വിഭാഗങ്ങളിലെ വോട്ടും ഉറപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 27 പേരെ ഉള്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായിരുന്നു.

PTI12_02_2021_000204B
പ്രിയങ്ക ഗാന്ധി

മായാവതിയുടെ ബിഎസ്പിക്കു വേണ്ടി തന്ത്രം മെനയുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ്. ബ്രാഹ്മണര്‍ ഉള്‍പ്പെടെ, ദലിത് ഇതര ജാതികളില്‍നിന്നും കഴിയുന്നത്ര പിന്തുണ നേടുകയാണ് ലക്ഷ്യം. ചുരുക്കത്തില്‍ ‘ബഹുജന്‍ മുതല്‍ സര്‍വ്ജന്‍’ വരെ. എസ്പിക്കു വേണ്ടി തന്ത്രം മെനയുന്ന അഖിലേഷ് യാദവ് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ യാദവ ഇതര ജാതി അധിഷ്ഠിത പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി വോട്ടുവിഹിതം കൂട്ടാൻ ലക്ഷ്യമിടുന്നു.

∙ ചങ്കിടിപ്പില്‍ ബിജെപി

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബ് ഒഴികെയുള്ള നാലിലും അധികാരത്തിലുള്ള ബിജെപിക്ക് ഇതൊരു അഗ്നിപരീക്ഷണമാണ്. പ്രത്യേകിച്ച് യുപി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു നടന്ന 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് 2019 ലേക്കുള്ള വ്യക്തമായ സൂചന നല്‍കിയിരുന്നു. 2019 ല്‍ സംസ്ഥാനത്ത് നേടിയ 60 ലധികം ലോക്‌സഭാ സീറ്റുകള്‍ പാര്‍ട്ടിയെ വന്‍ വിജയം ഉറപ്പാക്കാന്‍ സഹായിച്ചു. ബിജെപി വീണ്ടും തകര്‍പ്പന്‍ വിജയം പ്രവചിക്കുമ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.

കോവിഡ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളും വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക പ്രക്ഷോഭം, ലഖിംപുര്‍ സംഭവം എന്നിവയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ടാക്കിയിരുന്നു. ഹിന്ദുത്വ ആശയങ്ങളും മോദി ബ്രാൻഡും ഉയർത്തിപ്പിടിച്ച് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നുവെങ്കിലും മന്ത്രിമാരും എംഎൽഎമാരും ഉള്‍പ്പെടെ എസ്പിയിലേക്കു കൂടുമാറുന്നത് ബിജെപിയുടെ ചങ്കിടിപ്പേറ്റുന്നുണ്ട്.

PTI01_12_2022_000032B
നരേന്ദ്ര മോദി

മാത്രമല്ല, മോദിയെയും ഹിന്ദുത്വ ആശയങ്ങളെയും മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ‘നല്ല ഫലം’ തരില്ലെന്നും ബിജെപിക്ക് വിലയിരുത്തലുണ്ട്. മോദി ബ്രാന്‍ഡിങ്ങിനു മങ്ങലേറ്റിട്ടുണ്ടെന്നാണ് പാർട്ടിയിൽ ചിലരുടെയെങ്കിലും നിഗമനം. പഞ്ചാബില്‍ മോദിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി ഏറ്റെടുത്ത പ്രചാരണ രീതി, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മോദിയുടെ പ്രതിച്ഛായ നിലനിർത്തുന്നതിന്റെ കൂടി ഭാഗമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയത്തിന് 2022ലെ യോഗി ആദിത്യനാഥിന്റെ വിജയം അനിവാര്യമാണെന്ന് നവംബറില്‍ യുപിയിലെ വോട്ടര്‍മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതും ഇതിനൊപ്പം ചേര്‍ത്തുവായിക്കാം.

ഇത്തവണ രാഷ്ട്രീയ സ്ഥിതിഗതികളിലും ഏറെ മാറ്റമുണ്ടായി. 2021ല്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ പ്രാദേശിക പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ ഉയരുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു. ബംഗാളിനപ്പുറം തൃണമൂലിനെ വളര്‍ത്താന്‍ ശ്രമിക്കുന്ന മമതയും ഡല്‍ഹിക്കപ്പുറം ആം ആദ്മിയെ വളര്‍ത്താന്‍ ശ്രമിക്കുന്ന അരവിന്ദ് കേജ്‌രിവാളും ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ബംഗാളിലെ അമിതാത്മവിശ്വാസം ബിജെപിക്ക് തിരിച്ചടിയായിരുന്നു. യുപിയില്‍ അതുണ്ടാവാതിരിക്കാനും ബിജെപി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മാത്രമല്ല, ആം ആദ്മി പാര്‍ട്ടിക്കൊപ്പം അസദുദ്ദീന്‍ ഒവൈസിയും യുപിയിൽ സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

English Summary: Four-cornered contest among BJP, SP, BSP and Congress in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com