ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കോവിഡ് രോഗബാധ 50,000 കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. മൂന്നാഴ്ചയ്ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു. കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. 15നു ദുരന്തനിവാരണ വകുപ്പ് നല്‍കിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ടില്‍ 27–ാം തീയതിയോടെ പ്രതിദിന രോഗബാധ 37,000 കടക്കുമെന്ന മുന്നറിയിപ്പാണുള്ളത്. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണു നിഗമനം. 

ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ചു ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങും. കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ഐസിയുകളില്‍ 722 പേരും വെന്റിലേറ്റര്‍ സഹായത്തോടെ 169 പേരും ചികിത്സയിലുണ്ട്. വലിയതോതില്‍ കോവിഡ് ഇതര രോഗികളും ചികിത്സയിലുള്ളതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ കിട്ടാനില്ല.

ആശുപത്രികളിലെത്തുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം. അതും ലക്ഷണങ്ങളുണ്ടെങ്കില്‍മാത്രം. ലാബുകളില്‍ ജീവനക്കാരുടെ കുറവുമൂലം ആര്‍ടിപിസിആര്‍ കുറയ്ക്കാനാണു നിര്‍ദേശം. ശസ്ത്രക്രിയകള്‍ക്കും മറ്റുമെത്തുന്ന രോഗികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപനം കൂടുമെന്ന് ആക്ഷേപമുണ്ട്.

English Summary: Covid cases increasing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com