ADVERTISEMENT

ന്യൂഡൽഹി∙ 2020 ഫെബ്രുവരിയിൽ രാജ്യതലസ്ഥാനത്തു നടന്ന കലാപങ്ങളുടെ പേരിലുള്ള കേസിൽ ആദ്യ ശിക്ഷ വിധിച്ചു കോടതി. പ്രതിയായ ദിനേഷ് യാദവിന് അഞ്ചു വർഷം തടവുശിക്ഷയാണു ഡൽഹി കോടതി വിധിച്ചത്. 73 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു മോഷണം നടത്തി, വീട് അഗ്നിക്കിരയാക്കിയ കേസിലാണ് ഇയാളെ ശിക്ഷിച്ചത്. നിയമവിരുദ്ധമായി സംഘംചേർന്നതിനും കലാപമുണ്ടാക്കിയതിനുമാണു നടപടി.

ആകെ പത്തുവർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ദിനേഷ് യാദവിനെതിരെ ചുമത്തിയിട്ടുണ്ട്. കലാപമുണ്ടാക്കിയ സംഘത്തിലെ പ്രധാനിയാണ് ദിനേഷെന്നു പ്രോസിക്യൂഷൻ വാദിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിലുള്ള വയോധികയുടെ വീടാണു പ്രതി കത്തിച്ചത്. ഫെബ്രുവരി 25ന് ഇരുനൂറോളം കലാപകാരികൾ വീട് ആക്രമിക്കുകയായിരുന്നെന്ന് ഉടമയായ മനോരി പറഞ്ഞു. അവരുടെ കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. അക്രമികൾ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു.

ജീവൻ രക്ഷിക്കുന്നതിനായി ടെറസിൽനിന്ന് ചാടിയ സ്ത്രീ അയൽവാസിയുടെ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് അവരെ മോചിപ്പിച്ചത്. ഗോകുൽപുരിയിലെ കട കത്തിച്ച കേസിൽ ആറു പ്രതികൾക്കു ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെയാണു ഡൽഹിയുടെ പല ഭാഗങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അമ്പതിലേറെ പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

English Summary: In First Sentencing Over Delhi Riots, Convict Dinesh Yadav Gets 5 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com