‘5 പേർക്ക് 5,000 വീതം കൈക്കൂലി’; ഒന്നര മാസം കയറിയിറങ്ങി, രേഖകൾ കീറിയെറിഞ്ഞ് യുവതി

mini
മിനി ജോസി
SHARE

കൊച്ചി ∙ ‘‘വീട്ടിൽ കൊണ്ടു വന്നു തന്നാലും ഇനി അവരുടെ ഒരു കടലാസും വേണ്ട, മടുത്തിട്ടാണ്..’’ – കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ ഫിലോമിനയുടേതാണ് ഈ വാക്കുകൾ. ‘‘മകൾ മിനി ജോസിക്കൊപ്പം ഒന്നര മാസമായി ഓഫിസുകൾ കയറിയിറങ്ങി മടുത്തു. ഒടുവിൽ മകൾ കടലാസുകളെല്ലാം ഉദ്യോഗസ്ഥന്റെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞിട്ടാണു പോന്നത്. ഒന്നരയാഴ്ച കയറി ഇറങ്ങിയ കൊച്ചി കോർപ്പറേഷന്റെ പള്ളുരുത്തി മേഖലാ കാര്യാലയത്തിലെ റവന്യൂ വകുപ്പു ജീവനക്കാരൻ കൈക്കൂലി ചോദിച്ചപ്പോഴാണ് എല്ലാം മതിയാക്കാനുള്ള തീരുമാനം.’’ – അവർ മനോരമ ഓൺലൈനോടു പറഞ്ഞു. 

വാർധക്യമെത്തിയ മാതാപിതാക്കൾക്കു കൈത്താങ്ങാവാനാണ് 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മിനി ജോസി നാട്ടിൽ വന്നത്. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയാറാക്കാൻ ഓഫിസുകൾ കയറിയിറങ്ങിയത്.

ഒന്നര മാസമായി വിവിധ ഓഫിസുകളിൽ ഇതിനായി പോയി. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിന്റെയുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫിസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞു.

mini-certificates
കീറിയെറിഞ്ഞ സർട്ടിഫിക്കറ്റുകൾ

കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാൽ മാത്രമേ പദ്ധതി തുടങ്ങാനാകൂ. വായ്പ ലഭിക്കാനാണെങ്കിലും ഔദ്യോഗിക രേഖകൾ ആവശ്യമുണ്ട്. ഇതിനായി റവന്യു ഓഫിസിൽ ഒന്നര ആഴ്ച കയറിയിറങ്ങി. അഞ്ചു പ്രാവശ്യമെങ്കിലും ഓഫിസിൽ ചെന്നു. ഓരോ പ്രാവശ്യവും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവിൽ കെട്ടിടത്തിനു പുറത്തു വച്ചു കണ്ടപ്പോഴാണ് ഓഫിസിലെ ജീവനക്കാരൻ ‘‘അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ’’ എന്നു പറഞ്ഞത്. ഇത് കൈക്കൂലി ലഭിക്കാനാണെന്ന് അപ്പോഴേ മനസിലായി. 

ഓഫിസിലെത്തി അപേക്ഷ നൽകിയപ്പോൾ 25 വർഷം മുമ്പുള്ള കെട്ടിട നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. ഫോൺ നമ്പരും വേണമെന്നു പറഞ്ഞു. ഫോമിൽ നമ്പരുള്ളപ്പോൾ പിന്നെ ഫോൺ നമ്പർ ചോദിക്കണ്ട കാര്യമില്ല. വർഷങ്ങളായി നികുതി അടയ്ക്കുന്ന കെട്ടിടത്തിന്റെ വിവരങ്ങൾ അവരുടെ അടുത്തില്ല!.. ഇതിനായി കുറെ ദിവസങ്ങളായി കയറി ഇറങ്ങുന്നതിന്റെ വിഷമത്തിലാണ് ‘‘നിനക്കും അയ്യായിരം രൂപ തരാം’’ എന്നു പറഞ്ഞ് ഫിലോമിന ദേഷ്യപ്പെട്ടത്. കൈക്കൂലി കൊടുക്കാതെ ഇവിടെയും കാര്യം നടക്കില്ലെന്നു മനസിലായതോടെയാണ് മകൾ മിനി ജോസി ദേഷ്യപ്പെട്ടത്. 

‘‘ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.. നിനക്ക് ഇവിടെ നിന്ന് ഒന്നും കിട്ടുകില്ല..’’ എന്നു പറഞ്ഞു ദേഷ്യപ്പെട്ടു. അമ്മയെ തള്ളി മാറ്റി അവിടെ കിടന്ന കസേരയും ഉയർത്തി അടിക്കാനായി വന്നു. ഇതിന് ഓഫിസിലുണ്ടായിരുന്നവർ മുഴുവൻ സാക്ഷികളാണ്. ഇനി ഒന്നും നടക്കില്ലെന്ന നിരാശയിലാണ് അത്ര നാൾ 16,000 രൂപ മുടക്കി സമ്പാദിച്ച രേഖകളെല്ലാം അവരുടെ മുന്നിലിട്ടു കീറി അവന്റെ മുന്നിലേയ്ക്ക് ഇട്ടു കൊടുത്തത്. ഇവിടെ സാധാരണക്കാർക്കു ജീവിക്കാൻ ഒരു മാർഗവുമില്ലെന്നു ബോധ്യപ്പെട്ടതോടെ എല്ലാം ഉപേക്ഷിച്ച് വീണ്ടും വിദേശത്ത് എവിടെയെങ്കിലും ജോലിക്കു പോകുന്നതാണ് ആലോചിക്കുന്നതെന്ന് മിനി പറയുന്നു.

ഓഫിസിൽ നേരിട്ട കാര്യങ്ങൾ വിജിലൻസ് ഓഫിസിലും വിളിച്ച് അറിയിച്ചു. അവിടെ നിന്ന് ഉദ്യോഗസ്ഥർ വിളിച്ചതിനാലാവണം, ഓഫിസിൽ നിന്ന് ഒത്തുതീർപ്പിനും ശ്രമമുണ്ടായി. ഇക്കാര്യം നാട്ടുകാരെ അറിയിക്കുന്നതിനാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരെ പിന്തുണയുമായി നിരവധിപ്പേർ ഇതിനകം വിളിച്ചു. വിജിലൻസ് ഓഫിസിലെ ഉദ്യോഗസ്ഥരും പരാതിയിൽ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മിനി പറഞ്ഞു. കോർപറേഷൻ ഓഫിസിലുണ്ടായ അനുഭവത്തെക്കുറിച്ച് മിനി ജോസി സമൂഹമാധ്യമത്തിലിട്ട കുറിപ്പ് ആറായിരത്തോളം പേരാണ് പങ്കിട്ടത്.

∙ ഓൺലൈനല്ലാത്തതിനാൽ സമയം വേണം

മിൽ തുടങ്ങുന്നതിന് സർട്ടിഫിക്കറ്റുകൾക്കായി വന്ന മിനി ജോസിയോട് ആരും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോർപ്പറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ പറയുന്നത്. അന്നു മാത്രമാണ് അവർ ഓഫിസിൽ വന്നതു ശ്രദ്ധയിൽ പെട്ടതെന്ന് റവന്യു ഓഫിസ് ഇൻസ്പെക്ടർ പറഞ്ഞു. ഓൺലൈൻ സംവിധാനം തയാറായിട്ടില്ലാത്തതിനാൽ രേഖകൾ കണ്ടു പിടിച്ച് അനുമതി നൽകുന്നതിനു സമയം വേണം. അതിനാണ് അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടത്. അതുവരെ കാത്തു നിൽക്കാതെ അവർ കയ്യിലുണ്ടായിരുന്ന സർക്കാർ രേഖകൾ വലിച്ചു കീറുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Kochi corporation office demands bribe; Allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA