ADVERTISEMENT

കൊച്ചി ∙ കൊതുകു നിവാരണത്തിൽ കൊച്ചി കോർപറേഷൻ അലംഭാവം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ തിരുവാതിര കളി നടത്തി. കോർപറേഷനു മുന്നിൽ നടന്ന പ്രതിഷേധ തിരുവാതിര പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് കൊതുകിനെ തുരത്താനുള്ള ബാറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. കൊതുകിനെ പ്രതിരോധിക്കാനുളള ബാറ്റ് കയ്യിലേന്തിയാണ് വനിതാ കൗൺസിലർമാർ തിരുവാതിര നടത്തിയത്. 

കൊച്ചി നഗരത്തിൽ കൊതുകു ശല്യം കാരണം പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും മരുന്നടിക്കാൻ വണ്ടിയും പമ്പും ഇല്ലാത്ത അവസ്ഥയാണെന്നും കോൺഗ്രസ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

∙ കൊതുക് പറന്നു നിറയുന്ന കൊച്ചി

വേലിയേറ്റത്തിൽ കയറിയ അഴുക്കുവെള്ളം കാരണമാണ് നഗരത്തിൽ ഇപ്പോൾ കൊതുകുകൾ പെരുകിയതെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ചയായി നഗരത്തിൽ കൊതുകു ശല്യം രൂക്ഷമാണ്. രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്തിയാണ് കൊതുകുകൾ വിളയാടുന്നത്. 

കോർപറേഷന്റെ കൊതുകു നശീകരണ പ്രവർത്തനങ്ങളും ഫലം കാണുന്നില്ലെന്നു നാട്ടുകാരും പറയുന്നു. കഴിഞ്ഞ മാസം വേലിയേറ്റത്തെ തുടർന്നു കാനകളിലൂടെയും മറ്റും അഴുക്കു വെള്ളം തിരിച്ചു കയറി ജനം ദുരിതത്തിലായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇതിനു പിന്നാലെയാണു കൊതുകു ശല്യവും രൂക്ഷമായത്.

പൊതുവേ മഞ്ഞു കാലത്തു കൊതുകിന്റെ ശല്യം കൂടാറുണ്ട്. ഇതോടൊപ്പം വേലിയേറ്റത്തിൽ കയറിവന്ന അഴുക്കുവെള്ളം കൂടിയായപ്പോൾ കൊതുകിന്റെ ‘നല്ലകാലം’ തെളിഞ്ഞു. പകലും രാത്രിയുമില്ലാതെയുള്ള കൊതുകിന്റെ ആക്രമണത്തിൽ വലയുകയാണു കൊച്ചി നിവാസികൾ.

∙ കർമപദ്ധതിക്കു രൂപം നൽകിയെന്ന് കോർപറേഷൻ

കൊതുകു ശല്യം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ കോർപറേഷൻ അധികൃതർ പ്രത്യേക യോഗം ചേർന്ന് കൊതുകു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. ഇതിനു വേണ്ടി പ്രത്യേക കർമപദ്ധതിക്കു രൂപം നൽകിയതായി ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു.

കഴിഞ്ഞ വർഷം കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകി. കഴിഞ്ഞ വർഷം ജില്ലയിൽ 2662 ഡെങ്കിപ്പനി കേസുകളാണു റിപ്പോർട്ട് ചെയ്തത്.

കോർപറേഷനിലെ വൈറ്റില ജനത, തട്ടാഴം, കലൂർ, നോർത്ത്, തൃക്കണാർവട്ടം, എളമക്കര, സൗത്ത്, കറുകപ്പിള്ളി, പൊറ്റക്കുഴി, കാരണക്കോടം, കൊച്ചങ്ങാടി, ചക്കാമാടം, ഇടപ്പള്ളി, കതൃക്കടവ്, അയ്യപ്പൻകാവ്, മാമംഗലം എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചെറിയ അളവ് വെള്ളത്തിൽ പോലും ഡെങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകാനിടയുണ്ട്. വീടിനകത്തും സമീപത്തുമാണ് ഇവ പ്രജനനം നടത്തുന്നത്. കൊതുകുകൾ ഓരോ പ്രാവശ്യവും 100 മുതൽ 200 മുട്ടകൾ വരെയിടാം. ഒരു വർഷത്തോളം കേടുകൂടാതെയിരിക്കുന്ന മുട്ടകൾ ഈർപ്പം തട്ടിയാൽ വിരിഞ്ഞു കൊതുകാകും.

ഈഡിസ് കൊതുകു നിയന്ത്രണമാണു ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. എല്ലാ ആഴ്ചയും വീടും ചുറ്റുപാടുകളും നിരീക്ഷിച്ചു കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം. വീടിനുള്ളിലെ അലങ്കാരച്ചെടികൾ, റഫ്രിജറേറ്ററിന്റെ ട്രേകൾ എന്നിവിടങ്ങളിലും കൊതുകു വളരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പ്രവർത്തകർ പറയുന്നു.

English Summary: Congress Councillors protest in Kochi Corporation over Mosquito nuisance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com