ADVERTISEMENT

ചണ്ഡിഗഡ് ∙ ചെങ്കോട്ടയില്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അരങ്ങേറിയ അക്രമത്തില്‍ കുറ്റാരോപിതനായ ലഖ സിദാനയെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സംയുക്ത സമാജ് മോര്‍ച്ചയുടെ (എസ്എസ്എം) തീരുമാനത്തോടു പ്രതികരിക്കാതെ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തു ചെയ്തുവെന്നതാണ് യഥാര്‍ഥ വിഷയമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെ പറഞ്ഞു.

ലഖിംപുര്‍ ഖേരി വിഷയത്തില്‍ മകന്‍ കുറ്റക്കാരനാണെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും കേന്ദ്രമന്ത്രി അജയ് മിശ്ര അധികാരത്തില്‍ തുടരുന്നുവെന്നതാണ് യഥാര്‍ഥ പ്രശ്‌നമെന്നും സുപ്രിയ വ്യക്തമാക്കി. 'ആര് ആരെ മത്സരിപ്പിക്കുന്നുവെന്നതല്ല വിഷയം. കര്‍ഷകര്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തു ചെയ്തു എന്നതാണ്. 2022 ഫെബ്രുവരി ആകുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണു പറഞ്ഞിരുന്നത്. രാജ്യത്ത് ഒരു ശരാശരി കര്‍ഷകന്റെ ശരാശരി പ്രതിദിന വരുമാനം 27 രൂപയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണു ചെയ്യുന്നത്.' - സുപ്രിയ ചോദിച്ചു. 

കര്‍ഷക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നടത്തിയ പരാമര്‍ശങ്ങളും സുപ്രിയ ചൂണ്ടിക്കാട്ടി. 500 കര്‍ഷകര്‍ മരിച്ച കാര്യം മോദിയോടു പറഞ്ഞപ്പോള്‍ കര്‍ഷകര്‍ മരിച്ചത് എനിക്കു വേണ്ടിയാണോ എന്നായിരുന്നു മറുപടിയെന്നും സുപ്രിയ പറഞ്ഞു. ഡീസല്‍, വളം, കീടനാശിനി എന്നിവയുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ ഹെക്ടറിനുള്ള കൃഷി ചെലവ് 25,000 രൂപയായിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

22 കര്‍ഷക സംഘടനകളുടെ രാഷ്ട്രീയ കൂട്ടായ്മയായ എസ്എസ്എം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍പ് ഗുണ്ടയും പിന്നീട് ആക്ടിവിസ്റ്റുമായ ലഖ സിദാനയെ മയൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നാണു മത്സരിപ്പിക്കുന്നത്. ഞായറാഴ്ചയാണ് എസ്എസ്എം 34 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.

English Summary: Cong evades question on SSM ticket to R-Day violence accused Lakha Sidhana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com