ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവിനും എതിരെ വിധിയുണ്ടാകുമെന്ന് സര്‍ക്കാരിന് പേടിയാണെന്നു മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതാണ് ലോകായുക്തയുടെ പല്ല് പറിക്കാന്‍ കാരണം. മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്ര ധൃതിപിടിച്ച് ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്.

മുഖ്യമന്ത്രി ഓണ്‍ലൈനിലിരുന്ന് തീരുമാനിക്കാന്‍ മാത്രം എന്താണിത്ര ദുരൂഹതയെന്നും ചെന്നിത്തല ചോദിച്ചു. ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്ത മാസം നിയമസഭ ചേരാനിരിക്കെ കഴിഞ്ഞ മന്ത്രിസഭ 15 മിനിറ്റ് കൊണ്ട് ഇത്ര പ്രധാനമായ ഓര്‍ഡിനന്‍സിന് ശുപാര്‍ശ ചെയ്തത് എന്തിനാണ്. ലോക്പാല്‍ സംവിധാനം ശക്തിപ്പെടുത്തണമെന്നും പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് ലോകായുക്തയുടെ നിലവിലുള്ള നിയമത്തില്‍ പരിപൂര്‍ണമായി വെള്ളം ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യം മന്ത്രിസഭായോഗം കഴിഞ്ഞ് മാധ്യമങ്ങളെ അറിയിച്ചില്ല എന്നതും ഗുരുതരമായ കുറ്റമായി കാണണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തെക്കുറിച്ചും മന്ത്രി ബിന്ദുവിന് എതിരായും ലോകായുക്തയിലുള്ള കേസില്‍ സര്‍ക്കാരിനെതിരെ വിധിയുണ്ടാകും എന്ന ഭയപ്പാടുമാണ് ഇപ്പോള്‍ ലോകായുക്തയുടെ പല്ല് പറിക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

മുൻപ് മുൻ മന്ത്രി കെ.ടി.ജലീലിന് എതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായപ്പോൾ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല മന്ത്രിക്ക് രാജിവയ്ക്കേണ്ടിയും വന്നു. മന്ത്രി ബിന്ദുവിന്റെ കാര്യത്തിലും ഇതേ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നത് മനസ്സിലാക്കി അതിന് തടയിടാനാണ് ഇത്തരത്തിൽ അടിയന്തരമായി നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

മാത്രമല്ല, ലോകായുക്തയുടെ ഉത്തരവ്  നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓർഡിനൻസിൽ പറയുന്നത്. ലോകായുക്തയിൽ കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യൽ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സർക്കാർ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്നു പറയുന്നത് നിയമത്തിനു മുന്നിൽ നിലനിൽക്കുന്നതല്ല. ഇതിലും ഭേദം  ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണ്.

സുപ്രീം കോടതി ജഡ്ജിമാർ ആയിരുന്നവരെയും ഹൈക്കോടതി ചീഫ്  ജസ്റ്റിസായിരുന്നവരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമനിർമാണം. ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്.  അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ്  തയാറാക്കുന്നതിനുമുൻപ്  സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നത്  .

ജനപ്രതിനിധികൾക്ക് എതിരായി അഴിമതി കേസിൽ തെളിവുണ്ടെങ്കിലും വിജിലൻസിന് കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ  മുൻകൂർ അനുമതി വാങ്ങണമെന്ന  കേന്ദ്ര സർക്കാരിന്റെ പുതിയ നിയമനിർമാണത്തെ കടത്തിവെട്ടുന്ന നടപടിയാണ് ഈ ഓർഡിനൻസിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുത് എന്ന് സംസ്ഥാന ഗവർണറോട് ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു

അഴിമതി നടത്താനാണ് എന്തു വൃത്തികേടും കാണിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ പ്രതികരിച്ചു. അധികാരവിനിയോഗം, നിയമനം, സില്‍വര്‍ലൈന്‍ നടപ്പാക്കല്‍ എന്നിവയാണു ലക്ഷ്യം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ചവറ്റുകുട്ടയിലിടണമെന്നും കെമാല്‍പാഷ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ലോകായുക്തയുടെ വിധി സര്‍ക്കാരിനു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതടക്കമുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. കഴിഞ്ഞ മന്ത്രിസഭ അനുമതി നല്‍കിയ ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണർക്കു സമര്‍പ്പിച്ചിരിക്കുകയാണ്.

English Summary: Ramesh Chennithala Slams Government on new amendments to weaken lokayukta powers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com