ADVERTISEMENT

പാലക്കാട്∙ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ സാധാരണക്കാർക്ക് ആശ്രയിക്കാനുള്ള ശക്തിയായ ലേ‍ാകായുക്തയെ ഭരണപരിഷ്കാര കമ്മിഷനെ പോലെ വെള്ളാനയാക്കി മാറ്റാനാണു സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമമെന്ന് യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസി‍ഡന്റ് ഷാഫിപറമ്പിൽ എംഎഎൽഎ.

ഭരണഘടനാഭേദഗതിയിലൂടെ നിലവിൽ വന്ന ലോകയുക്തയെ കൂട്ടിക്കെട്ടാനുള്ള നീക്കം തികച്ചും ഭരണഘടനാ ലംഘനമാണ്. അധികാരദുർവിനിയോഗം നടത്തുന്ന സർക്കാരിന്റെ ഭയമാണ് അധികാരം ഏടുത്തുമാറ്റാനുള്ള ഈ ശ്രമത്തിനുപിന്നിലെന്നും ഷാഫി ആരേ‍ാപിച്ചു. നടപടി അഴിമതിക്കെതിരെയുള്ള പേ‍ാരാട്ടങ്ങളെ ദുർബലപ്പെടുത്തും.

സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ ചില നിക്ഷിപ്ത താൽപര്യങ്ങളുള്ളതുകെ‍ാണ്ടാണു മന്ത്രിസഭായേ‍ാഗത്തിൽ വിഷയം രഹസ്യമായി കെ‍ാണ്ടുവന്നത്. നിയമസഭാസമ്മേളനം അടുത്തമാസം നടക്കാനിരിക്കേ അതീവഗൗരവമായ വിഷയത്തിൽ വൃത്തികെട്ട തിടുക്കം കാണിക്കേണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉൾപ്പെടെയുള്ള ആരേ‍ാപണങ്ങൾ സംബന്ധിച്ച പരാതികൾ ലേ‍ാകായുക്ത വിചാരണക്കെടുക്കാനിരിക്കേയാണ് ഈ ഗൂഢമായ നീക്കം.

ഒ‍ാർഡിൻസ് അനുസരിച്ച് ലേ‍ാകായുക്തവിധികളുടെ ജുഡീഷ്യൽ സൂക്ഷ്മപരിശേ‍ാധനയ്ക്കുപകരം ഇനി മുഖ്യമന്ത്രിയാണ് അതു നടത്തുക. തുടർഭരണത്തിൽ തുടർഅഴിമതിക്കു പഴുതുതേ‍ടുകയാണു സർക്കാർ. പാർട്ടി പെ‍ാലീസ്,പാർട്ടി ജയിൽ എന്നതുപേ‍ാലെ പാർട്ടി ലേ‍ാകായുക്ത എന്ന ലക്ഷ്യമാണ് സിപിഎമ്മിന്റേത്.

കേരളത്തെ പിണറായി റിപ്പബ്ലിക്കാക്കാനുള്ളതാണ് ഒ‍ാർഡിൻസ്. ഒ‍ാർഡിനൻസിൽ ഒപ്പിടാതെ കേരളത്തിന്റെ അഴിമതിവിരുദ്ധ പേ‍ാരാട്ടത്തിനെ‍ാപ്പം നിൽക്കാൻ ഗവർണർ തയാറാകണം. സർവകലാശാല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും തമ്മിലുള്ള ഉടക്കു ജനങ്ങൾക്കു മുൻപിലുള്ള നാടകമല്ലെങ്കിൽ നിർദേശം തിരിച്ചയക്കാനുള്ള ആർജവം ഗവർണർ കാണിക്കുമെന്നാണു പ്രതീക്ഷ. വിഷയത്തിൽ നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ നിലപാടിനെക്കുറിച്ചു സിപിഎം പിബിയും, കേന്ദ്രകമ്മിറ്റിയും നിലപാട് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

English Summary: Shafi Parambil against lokayukta ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com