ADVERTISEMENT

തൃശൂർ∙ സിൽവർലൈൻ പദ്ധതിയെ വിമർശിച്ചതിനു സൈബർ ആക്രമണം നേരിട്ട കവി റഫീഖ് അഹമ്മദിന് പുഷ്പാകരന്റെ സംരക്ഷണം! ഇന്നു രാവിലെയാണ് തനിക്ക് പുഷ്പാകരൻ എന്നയാളുടെ ‘സെക്യൂരിറ്റി’ സഹായവാഗ്ദാനം ലഭിച്ചതെന്നു റഫീഖ് അഹമ്മദ് ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. പടമെടുക്കാൻ പറ്റാത്തതിനാൽ റഫീഖ് പുഷ്പാകരനെ വരയ്ക്കുകയും ചെയ്തു. 

rafeeq-ahmed-cartoon
റഫീഖ് അഹമ്മദ് വരച്ച പുഷ്പാകരന്റെ ചിത്രം. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്/ റഫീഖ് അഹമ്മദ്

പോസ്റ്റ് ഇങ്ങനെ–

‘പുലർച്ചെ കോളിങ് ബെൽ അടിക്കുന്നതു കേട്ട് പുറത്തു വന്നു. പുഷ്പാകരൻ നിൽക്കുന്നു. പിന്നിലൊരു വടിയുമായി. മാസ്കില്ല. അതിനാൽ ദൂരം പാലിച്ച് ഞാൻ ചോദിച്ചു:

എന്താ പുഷ്പാ ഈ വെളുപ്പാൻ കാലത്ത്.

ഛും.

ഒന്നൂല്ല.

അതേയ് ഇബടെ ഏതോ സായിബറൻ വന്ന് അക്രമം കാട്ടണൂന്ന് കേട്ട് വന്നതാ.

എന്താ പ്രശനം?

ഒന്നൂല്ല പുഷ്പാ.

അതല്ല.

എവടേ ആ സായിബറാൻ ?

സായിബറാനോ? എന്താ പുഷ്പാ?

എന്തെങ്കിലും പ്രശനംണ്ടെങ്കി പറയണം. മ്മളൊക്കെ ഇബടെ ണ്ട്.

ശരി പുഷ്പാ, പുഷ്പൻ പൊയ്ക്കാളൂ. ആവശ്യം വരുമ്പോൾ വിളിക്കാം.

ഞാനയാളെ യാത്രയാക്കി.

പുഷ്പാകരൻ അപൂർവമായേ വരാറുള്ളു. തലയ്ക്ക് സുഖമില്ല എന്നാണ് ജനം പറയുന്നത്. 

രക്തം രക്തത്തെ തിരിച്ചറിയുമത്രെ. അതായിരിക്കുമോ വന്നത്.

ഫോട്ടോ എടുക്കാൻ പറ്റിയില്ല. അതു കൊണ്ടാണ് വരച്ചത്. അനാട്ടമി ശരിയാവണമെന്നില്ല. വരച്ചത് പൊളിറ്റിക്കലി ഇൻകറക്ടായ ഒരു കാൽപ്പനിക ജീവിയാണ്.

ക്ഷമിക്കണം.

പോസ്റ്റ് സാംസ്കാരിക മേഖലയിലെ ഏറെപ്പേർ പങ്കുവച്ചു. സിൽവർലൈനിനെ വിമർശിച്ച് ‘ഹേ... കേ.. എങ്ങോട്ടുപോകുന്നു ഹേ...’ എന്നു തുടങ്ങുന്ന വരികൾ റഫീഖ് അഹമ്മദ് ഫെയ്സ്ബുക്കിൽ എഴുതിയപ്പോഴാണ് ഇടത് അനുകൂലികളുടെ കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നത്. സാറാ ജോസഫ്, ഉണ്ണി ആർ, കെജിഎസ്, സച്ചിദാനന്ദൻ, കവി ബി.കെ.ഹരിനാരായണൻ തുടങ്ങിയവരെല്ലാം റഫീഖിനു പിന്തുണയുമായി രംഗത്തു വന്നു.   

ആക്രമണത്തിനു മറുപടിയായി ‘കുരുപൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളത് കരുണ മാത്രം, വെറുപ്പില്ലശേഷവും’ എന്ന വരികൾ റഫീഖ് അഹമ്മദ് കുറിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ഇന്നലെ രാവിലെ പുഷ്പാകരനെത്തിയ കഥ റഫീഖ് പോസ്റ്റ് ചെയ്‌തത്‌. 

English Summary: Surprise Visitor Extends Solidarity to Poet Rafeeq Ahmed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com