ADVERTISEMENT

തൃശൂർ∙ അന്ന്, കാറ്റുപോയ പ്രണയത്തിന്റെ 666–ാം ഓർമദിവസം റോഡരികിൽ 666 ചുവന്ന ‘ഹൃദയബലൂണുകൾ’ കെട്ടിയ ചുള്ളൻ വീണ്ടും രംഗത്ത്. ഇത്തവണ, പ്രേമം പൊളിഞ്ഞതിന്റെ 777–ാം ദിവസം, കുറച്ചു ദിവസങ്ങൾ കൊണ്ട് 777 കിലോമീറ്റർ ഓടിത്തീർത്തായിരുന്നു ആഘോഷം. ‘ക്ടാവ് ഓടിപ്പോയതിന്റെ ഓർമ, ഓടിത്തന്നെ ആഘോഷിക്കാം’ എന്ന മട്ട്.

അന്നു കാറ്റുപോയ പ്രണയത്തിന്റെ ഓർമയ്ക്ക് 666 ബലൂൺ ശ്വാസം കൊണ്ട് ഊതി നിറച്ചു റോഡരികിൽ വച്ചുകെട്ടിയ കക്ഷി തന്നെയാണ് ഈ ഓട്ടത്തിന്റെയും ആള്. ‘തേപ്പ്, ലവ് അറ്റ് 777 കിലോമീറ്റർ’ എന്നെഴുതിവച്ച് കക്ഷി എടുത്ത സെൽഫി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കറങ്ങുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 22നു തൃശൂർ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ അരികിലെ റോഡിൽ, തനിയെ ശ്വാസം ഊതി നിറച്ച് 666 ചുവന്ന ബലൂണുകൾ ഉയർത്തിയ ചെക്കനോട് അന്നു ചോദിച്ചവരോട് മറുപടി ഇങ്ങനെയായിരുന്നു: ‘ക്ടാവ് ബ്രേക്ക് അപ് ആയിപോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേ’.

പ്രണയം വിട്ടുപോകുന്നവരെ വെടിവച്ചു കൊല്ലുന്ന ഇക്കാലത്ത് ചുവന്ന ഹൃദയം പോലുള്ള ബലൂണുകൾ ഉയർത്തി വികാരം പ്രകടിപ്പിച്ച യുവാവ് അന്ന് ഇത്രകൂടി പറഞ്ഞു. ‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’. 666 ബലൂണുകൾ ഊതി നിറയ്ക്കാൻ അന്ന് മണിക്കൂറുകളെടുത്തു. ഇത്തവണ ദിവസങ്ങളെടുത്താണ് 777 കിലോമീറ്റർ ഓടിയെത്തിയത്.

യുവാക്കൾ ഈ ‘മധുര പ്രതികാര’ത്തെ ആഘോഷിക്കുകയാണ്. പ്രണയം ഇല്ലാതാവുന്നതോടെ ലോകം അവസാനിക്കുകയാണെന്ന് ആരാണു പറഞ്ഞതെന്നു ചിലർ ചോദിക്കുന്നു. ‘അങ്ങ് പൊളിക്ക് ചുള്ളാ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരുമുണ്ട്.

പോയ പ്രണയത്തിനു വേണ്ടി 777 കിലോമീറ്റർ അല്ല അതിനപ്പുറവും ഓടാൻ തയ്യാറാണു താനെന്ന നിലയിലാണ് ഗഡിയുടെ നിൽപ്പ്. കൂട്ടുകാർ കാത്തിരിക്കുന്നത് അതല്ല; 888ന് ചെക്കൻ എന്തു ചെയ്യും എന്നതാണ്. പക്ഷേ, സംഗതി കട്ട രഹസ്യമാണ് 101 ദിവസം കാത്തിരിക്കുക തന്നെ വേണം!

English Summary: 777 Days of Break Up: 777 KM Marathon by Boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com