ADVERTISEMENT

ബെംഗളൂരു∙ പിക്കപ്പ് വാൻ വാങ്ങാൻ എത്തിയ കർഷകനെ അധിക്ഷേപിച്ച സംഭവത്തിൽ, വീട്ടിൽ നേരിട്ടെത്തി മാപ്പ് പറ‍ഞ്ഞും പുത്തൻ ബൊലേറോ കൈമാറിയും മഹീന്ദ്ര ഷോറൂം അധികൃതർ. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് തൂമക്കൂരുവിലെ കർഷകനായ കെംപെഗൗഡയെ ഷോറൂം ജീവനക്കാർ പരിഹസിച്ചത്. പിന്നാലെ മുഴുവൻ പണവുമായി എത്തി വാഹനം ഉടൻ വേണമെന്ന് പറഞ്ഞ കർഷകന്റെ പ്രതിഷേധം രാജ്യമെങ്ങും വൈറലായിരുന്നു.

സംഭവത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സൻ ആനന്ദ് മഹീന്ദ്ര തന്നെ കർഷകനോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഉറപ്പു നൽകിയപോലെ പുത്തൻവാഹനം വീട്ടിലെത്തിച്ചു നൽകി ജീവനക്കാർ കർഷകനോട് മാപ്പ് പറഞ്ഞത്. പുത്തൻ വാഹനത്തിനൊപ്പം കെംപെഗൗഡ നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പിക്കപ്പ് വാൻ വാങ്ങുന്നതിനാണ് കെംപെഗൗഡയും കർഷകരായ 7 സുഹൃത്തുക്കളും ഷോറൂമിലെത്തിയത്. ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എക്സിക്യുട്ടീവ് കർഷകരുടെ വേഷത്തെയും കളിയാക്കി. അര മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടു.

മൂന്നു ദിവസത്തിനുള്ളിൽ വീട്ടിലെത്തിച്ച് നൽകാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഉടൻ വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു. പൊലീസ് ഇടപെട്ടതോടെ ഉടൻ വണ്ടി നൽകാനായില്ലെങ്കിൽ വേഷത്തെ കളിയാക്കിയ ജീവനക്കാരൻ മാപ്പു പറയണമെന്നായി. പിരിഞ്ഞു പോകാൻ പൊലീസ് നിർബന്ധിച്ചതോടെ വണ്ടി വേണ്ടെന്നു വച്ച്, ജീവനക്കാരനെ കൊണ്ടു മാപ്പു പറയിച്ച് ഗൗഡയും കൂട്ടരും മടങ്ങി.

English Summary: Humiliated farmer in Karnataka gets an apology and new Bolero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com