ADVERTISEMENT

ന്യൂ‍ഡൽഹി∙ ഒറ്റയ്ക്കു വാഹനം ഓടിച്ചുപോകുമ്പോഴും മാസ്ക് ധരിക്കണമെന്ന ഡൽഹി സർക്കാരിന്റെ ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതി. ഇത്തരമൊരു നിർദേശം ‘ബുദ്ധിശൂന്യമാണെന്ന്’ കോടതി ചൊവ്വാഴ്ച പ്രതികരിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം ഇപ്പോഴും നടപ്പിലാകുന്നതെന്നും കോടതി ചോദിച്ചു. ‘ഡൽഹി സർക്കാരിന്റെ ഉത്തരവാണിത്, എന്തുകൊണ്ടാണ് ഇതു പിൻവലിക്കാത്തത്, ഇതു ബുദ്ധിശൂന്യമായ നടപടിയാണ്.

സ്വന്തം കാറിൽ നിങ്ങൾ ഇരിക്കുകയാണെങ്കിലും മാസ്ക് ധരിക്കണമോ?– ഹൈക്കോടതി ബെഞ്ച് ചോദിച്ചു. എന്താണ് ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും ജസ്റ്റിസുമാരായ വിപിൻ സാംഗി, ജസ്മീത് സിങ് എന്നിവരടങ്ങിയ ‍ബെഞ്ച് ഡൽഹി സർക്കാരിനോടു ചോദിച്ചു. കാറിൽ അമ്മയോടൊപ്പം ഇരുന്ന് കാപ്പി കഴിക്കുകയായിരുന്ന ആൾ മാസ്ക് ധരിച്ചില്ലെന്നു കാണിച്ചു പിഴ ചുമത്തിയ കേസ് കോടതിയിലെത്തിയപ്പോഴാണു ചോദ്യം ഉയർന്നത്.

എന്നാൽ പ്രൈവറ്റ് കാറിൽ ഒറ്റയ്ക്ക് മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിനു പിഴ ചുമത്തിയതിൽ ഇടപെടാനാകില്ലെന്ന ഡൽഹി ഹൈക്കോടതി വിധി സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാഹുൽ മെഹ്റ ഉയര്‍ത്തിക്കാട്ടി. കോടതി വിധി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്ലാസുകൾ ഉയർത്തി കാറിൽ ഇരുന്നതിന് 2,000 രൂപ പിഴ, സിംഗിൾ ജഡ്ജിന്റെ വിധി ദൗർഭാഗ്യകരമാണ്– അഭിഭാഷകൻ വ്യക്തമാക്കി. ഇത്തരമൊരു ഉത്തരവ് പാസാക്കിയത് ഡൽഹി സർക്കാർ ആണെങ്കിലും കേന്ദ്രം ആണെങ്കിലും പുനഃപരിശോധിക്കണമെന്ന് കോടതിയും പറഞ്ഞു.

എങ്കിൽ ഡിവിഷൻ ബെഞ്ചു തന്നെ ഉത്തരവു നീക്കണമെന്നായി അഭിഭാഷകൻ. കോടതിക്കു മുന്നിലെത്തുന്ന കാര്യങ്ങൾ മാത്രമേ പരിഗണിക്കാൻ സാധിക്കൂവെന്നു ജസ്റ്റിസ് സാംഗി വ്യക്തമാക്കി. ഇങ്ങനെയൊരു ഉത്തരവ് മോശം കാര്യമാണെങ്കിൽ എന്തുകൊണ്ടു സർക്കാരിനു പിൻവലിച്ചുകൂടാ എന്നും കോടതി ചോദിച്ചു.

English Summary: On Delhi Government's Mask Order While Driving Alone, Court Says "Absurd"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com