ADVERTISEMENT

തിരുവനന്തപുരം∙ നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന 55 സെന്‍റ് പട്ടയ ഭൂമിയില്‍ നിന്ന് സിഎജിയെ പുറത്താക്കി സര്‍ക്കാര്‍. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറലിന് പതിച്ചു നല്‍കിയ ഭൂമി സര്‍ക്കാര്‍ തന്നെ ആരോരുമറിയാതെ വിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റ് വിക്ടേഴ്സിന് കെട്ടിടം നിര്‍മിക്കാന്‍ നല്‍കി ഉത്തരവിറക്കി. തിരുവനന്തപുരം വലിയശാലയിലുള്ള ഭൂമി വേലികെട്ടിത്തിരിച്ച് കൈറ്റ് വിക്ടേഴ്സിന്‍റെ ബോര്‍ഡും വച്ച ശേഷമാണ് ഏജീസ് ഓഫീസ് അധികൃതര്‍ വിവരം അറിഞ്ഞത്. ഏജീസ് ഓഫീസിലെ ജീവനക്കാർക്കുള്ള ക്വാട്ടേഴ്സ് നിര്‍മിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഭൂമി സര്‍ക്കാര്‍ തട്ടിയെടുത്തത്.

എംജി റോഡ് വീതി കൂട്ടുന്നതിനുവേണ്ടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഏജീസ് ഓഫിസിന്‍റെ മുന്‍വശത്തെ മുപ്പത് സെന്‍റിലേറെ ഭൂമി വിട്ടുകൊടുത്തിരുന്നു. ഇതിനു പകരം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് വലിയശാലയില്‍ 55 സെന്‍റ് സ്ഥലം പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറലിനു നല്‍കി റവന്യു വകുപ്പ് ഉത്തരവിറക്കി. 2017 ജനുവരി 30ന് ഇറങ്ങിയ ഉത്തരവില്‍ ഈ സ്ഥലത്തിന്‍റെ വിപണി വിലയായി കാണിച്ചിരിക്കുന്നത് 4 കോടി 74 ലക്ഷം രൂപയാണ്. തിരുവനന്തപുരം താലൂക്ക് തൈക്കാട് വില്ലേജിലാണ് സ്ഥലം. അതേവര്‍ഷം മാര്‍ച്ച് 21ന് പട്ടയവും നല്‍കി.

ag-land-1248

ഏജീസ് ഓഫിസിനു യാതൊരു വിവരവും നൽകാതെയാണു സ്ഥലം കൈറ്റ് വിക്ടേഴ്സിന് ഓഫിസ് പണിയാന്‍ നല്‍കിയിരിക്കുന്നതെന്നാണു സൂചന. ഈ ഭൂമിയില്‍ സ്റ്റാഫ് ക്വാട്ടേഴ്സ് നിര്‍മിക്കുന്നതിന് സിഎജിയുടെ കേന്ദ്ര ഓഫിസില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൈറ്റ് വിക്ടേഴ്സിന് സ്ഥലം നല്‍കി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത് കഴിഞ്ഞ ഒക്ടോബര്‍ 29നാണ്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറലിന്‍റെ പേരില്‍ പട്ടയമുണ്ടായിരിക്കേ, വലിയശാല ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന്‍റെ പേരിലാണ് ഇപ്പോഴും സ്ഥലമെന്നാണ് ഉത്തരവിലെ വിചിത്രവാദം.

കൈറ്റ് എക്സിക്യൂട്ടീവ് ഓഫിസര്‍ തൈക്കാട് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറലിന്‍റെ പേരില്‍ പട്ടയം നല്‍കിയ ഭൂമിയെക്കുറിച്ചാണ് ഈ പരാമര്‍ശം. ഏജീസ് ഓഫിസിലെ ജീവനക്കാരന്‍ സ്ഥലത്തുകൂടി പോയപ്പോള്‍ മറ്റാരോ വേലികെട്ടാന്‍ കുറ്റിയടിക്കുന്ന കാഴ്ച കണ്ടു. അങ്ങനെയാണ് ഭൂമി കൈവിട്ടുപോയ കാര്യം സിഎജി അറിയുന്നത്. സര്‍ക്കാര്‍ ആസ്തികളുടെ വിനിയോഗം ഓഡിറ്റ് ചെയ്യുന്ന സിഎജി ഈ മറിമായം കണ്ട് അന്തംവിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണോ രാഷ്ട്രീയ തീരുമാനമാണോ ഇതിനു പിന്നിലെന്നു പറയേണ്ടതു സര്‍ക്കാരാണ്.

English Summary: Kerala government allotted land for Kite Victers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com