ADVERTISEMENT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. 

വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് കേരളസര്‍ക്കാന്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്നലെ ഈ ആവശ്യം ഉന്നയിച്ചു. 

തരൂരിന്റെ കുറിപ്പ്

''ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്.

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ  വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം.''

English Summary: Shashi Tharoor changes stand on Silver Line rail Project

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com