ADVERTISEMENT

കോട്ടയം ∙ പാമ്പുകടിയേറ്റപ്പോൾ പ്രഥമശുശ്രൂഷ നടത്തിയതും, തന്നെ കടിച്ച മൂർഖനെ പിടികൂടിയതും വാവ സുരേഷ്. ഇതിന്റെ വിഡിയോ മനോരമ ന്യൂസ് പുറത്തുവിട്ടു. കുറിച്ചി സ്വദേശിയായ എസ്.എസ്.സുധീഷ് കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്നു ഡോക്ടർമാർ അറിയിച്ചു.

നാലു തവണ ചാക്കിൽനിന്നു പുറത്തു ചാടിയ പാമ്പിനെ അഞ്ചാം തവണ കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് കയറ്റാൻ ശ്രമിച്ചപ്പോഴാണു തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്. സുരേഷിന്റെ കയ്യിൽനിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടുവച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു.

കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. പാമ്പുകടിയേറ്റത് പാന്റ്സിൽ മാത്രമെന്നാണ് ആദ്യം സുരേഷ് കരുതിയത്. കാലിലെ ചോര കണ്ടപ്പോഴാണ് ദേഹത്തു കടിയേറ്റതായി മനസ്സിലായത്. ഉടനെതന്നെ പാന്റ്സ് മുകളിലേക്കു തെറുത്തുകയറ്റി ചോര ഞെക്കിക്കളഞ്ഞു. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയതോടെ ഛർദിച്ച് അവശ നിലയിലായി. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ.നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിൽ കണ്ട പാമ്പിനെ പിടിക്കാനായാണ് സുരേഷ് എത്തിയത്. സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്തു തലകറങ്ങി വീണിരുന്നു. 

തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂർണമായും തിരിച്ചുകിട്ടിയിട്ടില്ല. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്– ഡോ. ജയകുമാർ പറഞ്ഞു. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. 

English Summary: Vava Suresh took first aid precaution by self after snake bite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com