ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിനെയും മുൻ കേന്ദ്രസർക്കാരുകളെയും വിമർശിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി. ‘ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന’ വിശ്വാസത്തിൽനിന്നു കോൺഗ്രസ് പുറത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഇന്ത്യ എന്നൊരു സങ്കൽപ്പമില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ ഇന്ദിരയാണെന്നും ഇന്ദിര ഇന്ത്യയാണെന്നുമുള്ള ഹാങ് ഓവറിൽനിന്നു നമ്മൾ പുറത്തുവരണം, കോൺഗ്രസാണു രാജ്യമെന്ന ചിന്തയിൽനിന്നും പുറത്തുവരണമെന്നും മന്ത്രി പാര്‍ലമെന്റിൽ പ്രസംഗിച്ചു.

പാര്‍ലമെന്റിൽ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചു രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളൊന്നും രാഷ്ട്രപതി പരാമർശിച്ചിട്ടില്ലെന്നു രാഹുൽ പറഞ്ഞു. രാജഭരണം ഇന്ത്യയിൽ തിരികെയെത്തുകയാണ്. സമ്പന്നരുടെയും ദരിദ്രരുടെയും രണ്ട് ഇന്ത്യകളുണ്ടെന്നും ഇതിന്റെ അന്തരം വർധിച്ചു വരികയാണെന്നും രാഹുൽ പറഞ്ഞിരുന്നു.

കുടുംബ രാഷ്ട്രീയത്തിന്റെയും കമ്മിഷനുകളുടെയും ഭരണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരാണ് അവസാനിപ്പിച്ചതെന്നു നഖ്‍വി പറഞ്ഞു. ‘ജമ്മു കശ്മീരിൽ 370–ാം വകുപ്പ് റദ്ദാക്കി. മതപരമായ പീഡനങ്ങളേൽക്കേണ്ടിവന്ന ജനത്തെ സംരക്ഷിക്കാൻ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു.’– കേന്ദ്രമന്ത്രി പറഞ്ഞു.

മോദി സർക്കാരിൽ രാജ്യത്തിന്റെ രാഷ്ട്രീയം ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയല്ല തീരുമാനിക്കുന്നത്. ഇന്ന് യോഗ്യരായ ആളുകളുടെ കഠിനാധ്വാനമാണ് അതിന്റെ അടിസ്ഥാനം. അധികാര, പ്രീണന രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചതു മോദി സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രിയായ ശേഷം മോദി നമുക്ക് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കി. വർഷങ്ങളായി ഉപയോഗമൊന്നുമില്ലാതെ കിടന്നിരുന്ന നിയമങ്ങൾ മാറ്റി. 1,500 ഓളം നിയമങ്ങള്‍ ഇങ്ങനെ പിൻവലിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

English Summary: "Get Over 'Indira Is India' Hangover": Minister's Dig At Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com