ADVERTISEMENT

കൊച്ചി∙ സജീവന്റെ മരണം സര്‍ക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും കണ്ണുതുറപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ്. മല്‍സ്യത്തൊഴിലാളികള്‍ പലരും വന്‍ കടബാധ്യതയിലാണെന്ന് ചാള്‍സ് ജോര്‍ജ് പറഞ്ഞു. 

‘കോവിഡ് കാലത്ത് വരുമാനവും തൊഴിലും നിലച്ചുപോയ പ്രധാനപ്പെട്ട മേഖലയിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പലരും കടക്കെണിയിലാണ്. ഇതിനിടയ്ക്ക് ആവശ്യങ്ങളായി വരുമ്പോൾ ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറുന്നത് സങ്കടകരമാണ്. ദുരിതമേഖലയുടെ ഭാഗമായവരോട് ഉദ്യോഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറണം. സജീവന്റെ മരണം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷ.’– ചാൾസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മാല്യങ്കര കോയിക്കൽ സജീവനെ (57) വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമി തരം മാറ്റാൻ കഴിയാത്തതിൽ മനംനൊന്തു ജീവനൊടുക്കിയതാണെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്ഥാന സർക്കാരാണു തന്റെ മരണത്തിന് ഉത്തരവാദികൾ എന്നെഴുതിയ കത്തു മൃതദേഹത്തിൽ നിന്നു ലഭിച്ചിരുന്നു.

മത്സ്യത്തൊഴിലാളിയായ സജീവനു 4 സെന്റ് ഭൂമിയും വീടുമാണുള്ളത്. നേരത്തെ ചിട്ടിക്കമ്പനിയിൽ വീടിന്റെ ആധാരം പണയം വച്ചിരുന്നു. അത് അവിടെ നിന്ന് എടുക്കേണ്ട സമയമായപ്പോൾ മറ്റൊരു ബാങ്കിൽ കൂടുതൽ തുകയ്ക്ക് ആധാരം വയ്ക്കാൻ തീരുമാനിച്ചു. ബാങ്കിൽ നിന്നു തുക ലഭിക്കുമ്പോൾ തിരിച്ചു കൊടുക്കാമെന്നു കരുതി പലരുടെയും കയ്യിൽ നിന്നു കടം വാങ്ങിയാണു ചിട്ടിക്കമ്പനിയിൽ നിന്ന് ആധാരം എടുത്തത്. ആധാരവുമായി ബാങ്കിൽ എത്തിയപ്പോൾ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും അറിയിച്ചു. 

ഇതുപ്രകാരം ഭൂമി തരംമാറ്റാൻ ശ്രമങ്ങൾ തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. പലതവണ വില്ലേജ്, താലൂക്ക്, ഫോർട്ട്കൊച്ചി ആർഡി ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല.ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കോവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. 

വസ്ത്രത്തിൽ നിന്നാണു മരണക്കുറിപ്പു ലഭിച്ചത്. ആ സമയത്തു കത്തു പൂർണമായി കാണാൻ കഴിയാതിരുന്ന ബന്ധുക്കൾ വാർഡ് അംഗത്തിനൊപ്പം പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കത്തു കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ സംവിധാനങ്ങൾ കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി സർക്കാരാണെന്നുമാണു കത്തിലെ ഉള്ളടക്കമെന്നു ബന്ധുക്കളായ പ്രശോഭ്, ഷിനിൽ, വാർഡ് അംഗം പി.എം.ആന്റണി എന്നിവർ പറഞ്ഞു. 

English Summary: Fisherman Commits suicide because of the insult from government officials, updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com