ADVERTISEMENT

സീതത്തോട് ∙ അവധി കാലത്ത് ശബരിമല വനത്തിൽ കഴിയുന്ന ആദിവാസി കുട്ടികളുടെ ക്ലാസു മുടങ്ങരുതെന്ന വാശിയിലാണ് അട്ടത്തോട് ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകർ. അതിനായി ഏതറ്റം വരെയും പോകാൻ തയാറെന്നു തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ അധ്യാപകർ.

മൊബൈൽ ഫോണിനു റേഞ്ച് ഇല്ലെന്നുള്ള കാരണത്താൽ ആദിവാസി കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവായിരുന്നു. ഇതിനുള്ള  പരിഹാരം  തേടിയാണ് സ്കൂളിലെ അധ്യാപക സംഘം  വിദ്യാർഥികളുടെ  അടുത്തേക്കു നേരിട്ടു ചെല്ലാൻ തീരുമാനിക്കുന്നത്. സ്കൂൾ തുറക്കും വരെ ആഴ്ചയിൽ രണ്ടു ദിവസം വീതം പാഠങ്ങൾ പഠിപ്പിക്കാൻ കുട്ടികൾക്കൊപ്പം അധ്യാപകരും ഇനി ഊരുകളിൽ ഉണ്ടാവും.

അധ്യാപകരുടെ പുതിയ പാഠ്യ പദ്ധതിയിൽ ആദിവാസി കുരുന്നുകൾക്കൊപ്പം രക്ഷിതാക്കളും നിറഞ്ഞ സന്തോഷത്തിൽ. പ്രധാന അധ്യാപകൻ ബിജു തോമസിന്റെ നേതൃത്വത്തിൽ അധ്യാപക സംഘം കുട്ടികളെ തേടി ശബരിമല വനത്തിലെ വിവിധ ഊരുകളിൽ എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പിൽ തന്നെ പുതിയ പാഠ്യ ശൈലിക്കു തുടക്കമാകുന്നത്.

class-at-attathod
ളാഹ മഞ്ഞത്തോട്ടിൽ ആരംഭിച്ച ക്ലാസിൽ അട്ടത്തോട് ഗവ.ട്രൈബൽ എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ബിജു തോമസ് കുട്ടികൾക്കു പാട്ട് ചൊല്ലി കൊടുക്കുന്നു. അധ്യാപകരായ ബി. അഭിലാഷ്, കെ.ആർ.സുമേഷ് ചന്ദ്ര, ആശ നന്ദൻ, കാവേരി,ഓഫിസ് ജീവനക്കാരൻ വിനോദ് എന്നിവർ സമീപം. ചിത്രം. എബി കുര്യൻ പനങ്ങാട്ട്.

അവധിക്കാലത്ത് കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി മേൽ ഉദ്യോഗസ്ഥരോടും സഹപ്രവർത്തകരോടുമായും നടത്തിയ ചർച്ചയിലാണ് ഇങ്ങനെ ഒരു ആശയം വന്നതെന്ന് തിരുവനന്തപുരം അമ്പൂരി സ്വദേശിയായ ബിജു തോമസ് പറയുന്നു. ശബരിമല കാടിന്റെ ഭാഗമായ ളാഹ മഞ്ഞത്തോട്, പ്ലാപ്പള്ളി, നിലയ്ക്കൽ, പ്ലാന്തോട്, അട്ടത്തോട്, ചാലക്കയം തുടങ്ങിയ ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ആദിവാസികളുടെ മക്കളാണ് അട്ടത്തോട് സ്കൂളിലെ വിദ്യാർഥികൾ.

കോവിഡ് വ്യാപനത്തിൽ സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചതോടെ കുട്ടികളിൽ ഏറെയും രക്ഷിതാക്കൾക്കൊപ്പം കാട് കയറി. തുടർച്ചയായി ക്ലാസുകളിൽ നിന്ന് വിട്ടു നിന്നാൽ പിന്നീട് ഇവരെ സ്കൂളിൽ മടക്കി കൊണ്ടുവരുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് അധ്യാപകർ പറയുന്നു. ഇതിനെ തുടർന്നാണ് കുട്ടികളെ തേടി അധ്യാപകർ ഊരിലെത്തിയത്.

അട്ടത്തോട് ട്രൈബൽ സ്കൂളിൽ നാൽപതിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷം കുട്ടികളുടേയും കുടുംബങ്ങൾ ഉൾ വനത്തിലാണ് താമസം. വനവിഭവങ്ങൾ തേടി പോകുന്ന രക്ഷിതാക്കൾക്കൊപ്പം അവധി ദിവസങ്ങളിൽ കുട്ടികളും പോകുകയാണ് പതിവ്. ദിവസങ്ങൾക്കു ശേഷമാവും ഇവർ കാട് ഇറങ്ങുക. രക്ഷിതാക്കൾക്കൊപ്പം പോകുന്ന കുട്ടികൾ ക്ലാസിൽ മടങ്ങി എത്താൻ വൈകുമ്പോൾ ക്ലാസുകൾ നഷ്ടപ്പെടും.

attathod-tribal-area
അട്ടത്തോട് ഗവ.ട്രൈബൽ എൽപി സ്കൂളിലെ അധ്യാപകർ ളാഹ പൂങ്കാവനത്തിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളോടു കുട്ടികളെ സ്കൂളിൽ വിടുന്നതിനെ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നു. ചിത്രം. എബി കുര്യൻ പനങ്ങാട്ട്.

ഓൺലൈൻ പഠനത്തിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും പല ഊരുകളിലും റേഞ്ചിന്റെ കുറവ് കാരണം ക്ലാസുകൾ സുഗമമായി കേൾക്കാൻ കഴിയില്ല. ഇതിനുള്ള പരിഹാര മാർഗ്ഗത്തിനാണ് കുട്ടികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ബിജു തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരായ ബി. അഭിലാഷ്, കെ.ആർ.സുമേഷ് ചന്ദ്ര, ആശ നന്ദൻ, ഓഫിസ് ജീവനക്കാരൻ വിനോദ് എന്നിവർ അടങ്ങിയ സംഘം നേരിട്ടെത്തിയത്.

രക്ഷിതാക്കളോടു കാര്യങ്ങൾ വിശദീകരിച്ചതോടെ എല്ലാവർക്കും പൂർണ സമ്മതം. പ്ലാപ്പള്ളിയിലും, ളാഹ മഞ്ഞത്തോട്ടിലുമാണ് ക്ലാസുകൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചത്. സ്കൂളിൽ എത്തുമ്പോൾ നൽകിയിരുന്നപോലെ തന്നെ പ്രഭാത ഭക്ഷണവും അധ്യാപകർ കരുതിയിരുന്നതോടെ കുട്ടികളും ഡബിൾ ഹാപ്പി.

English Summary: Special arrangements to keep learning on by tribal school at Attathod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com