ADVERTISEMENT

പ്രീ ബജറ്റ് ദിനത്തിൽ തിരിച്ചുവരവോടെ ആരംഭിച്ച കഴിഞ്ഞ ആഴ്ചത്തെ ഇന്ത്യൻ വിപണി ബജറ്റ് ദിനത്തിലും, ബജറ്റിന്റെ പിറ്റേന്നും മുന്നേറ്റം തുടർന്നെങ്കിലും ഫെയ്‌സ്ബുക്കിന്റെ വളരെ മോശം റിസൽട്ട് ആഴ്ചയുടെ അവസാന ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലും ലാഭമെടുക്കലിന് കാരണമായി. മികച്ച ബജറ്റും മികച്ച റിസൽട്ടുകളും ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വാരം പ്രതീക്ഷ പകർന്നപ്പോൾ വിദേശ ഫണ്ടുകൾ ഒരിടവേളക്ക് ശേഷം വീണ്ടും വിൽപന തുടരുന്നതും ഇന്ത്യൻ വിപണിക്ക് ഭീഷണിയാണ്. . 

മുൻ ആഴ്ചയിലെ വീഴ്ചയിൽനിന്നും മൈക്രോസോഫ്റ്റിന്റെ റിസൽട്ടിന്റെ പിൻബലത്തിൽ മുന്നേറിയ നാസ്ഡാക്കിനൊപ്പം മുന്നേറിയ ഇന്ത്യൻ ഐടി സെക്ടർ മൂന്നു ശതമാനം മുന്നേറ്റത്തോടെ ഇന്ത്യൻ വിപണിയെ  കഴിഞ്ഞ ആഴ്ച മുന്നിൽ നിന്നും നയിച്ചു. മെറ്റൽ, എഫ്എംസിജി, ബാങ്കിങ്, ഫാർമ, കെമിക്കൽ, ടെക്സ്റ്റൈൽ സെക്ടറുകളും കഴിഞ്ഞ ആഴ്ച മികച്ച മുന്നേറ്റം നടത്തിയപ്പോൾ ഇന്ത്യൻ വിപണി രണ്ടര ശതമാനം മുന്നേറ്റം ഉറപ്പിച്ചു. അടുത്ത ആഴ്ചയിലും ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും മുന്നേറ്റ പ്രതീക്ഷയിലാണ്. 

എസ്ബിഐയുടെയും, ബാങ്ക് ഓഫ് ബറോഡയുടെയും മികച്ച റിസൽട്ടുകളും, ബജറ്റ് പിന്തുണയും, അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ റിക്കവറിയും ഇന്ത്യൻ വിപണിക്ക് അടുത്ത ആഴ്ചയിൽ മികച്ച തുടക്കം നൽകിയേക്കാം. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആർബിഐ നയാവലോകന യോഗത്തിലും, ബുധനാഴ്ചത്തെ നയ പ്രഖ്യാപനത്തിലുമായിരിക്കും ഇന്ത്യൻ വിപണിയുടെ ശ്രദ്ധ. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും, വിദേശ ഫണ്ടുകളുടെ വില്പനയും, വീണ്ടും പുകയുന്ന ഉക്രൈൻ-റഷ്യ തർക്കങ്ങളും ഇന്ത്യൻ വിപണിയും ആശങ്കയോടെ കാണുന്നു. 

ഫെയ്‌സ്ബുക്ക് ചുഴി

യുക്രെ‌യ്ൻ യുദ്ധ ഭീഷണിയിൽനിന്നും, ഫെഡിന്റെ റേറ്റ് ഉയർത്തൽ ഭീഷണിയിൽനിന്നും രക്ഷപ്പെട്ടു മുന്നേറിയ അമേരിക്കൻ വിപണിക്ക്  ഫെയ്‌സ്ബുക്കിന്റെ വളരെ മോശം റിസൽട്ടും ഭാവിയിലെ പരസ്യ വരുമാന ശോഷണ അനുമാനങ്ങളും വലിയ തിരിച്ചടിയായി. റിസൽട്ടിനു ശേഷം 26% നഷ്ടം നേരിട്ട മെറ്റാ പ്ലാറ്ഫോംസ് നാസ്ഡാകിന് മൂന്നര ശതമാനത്തിന്റെ ഏകദിന വീഴ്ച നൽകിയത് ലോക വിപണിക്ക് ഈയാഴ്ചയിലും ഒരു ചുവന്ന ദിനം സമ്മാനിച്ചെങ്കിലും ആമസോണിന്റെ മികച്ച റിസൽട്ടും, മികച്ച നോൺ ഫാം പേ റോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് തിരിച്ചു വരവ് നൽകി. 

chinese-currency
ചൈനീസ് കറൻസിയായ യുവാൻ. ചിത്രം: AFP

വീണ്ടും ശക്തമാകുന്ന യൂറോപ്പിലെ യുദ്ധ സന്നാഹനങ്ങളും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ പ്രഖ്യാപനങ്ങൾക്ക് ശേഷം വീണ്ടും 1.91 % കടന്ന് മുന്നേറുന്ന അമേരിക്കൻ ബോണ്ട് യീൽഡും അടുത്ത ആഴ്ച ലോക വിപണിക്ക് ഭീഷണിയാണ്. ഒരാഴ്ചത്തെ അവധിക്ക് ശേഷം ചൈനീസ് വിപണി നാളെ നേട്ടത്തോടെ ആരംഭിച്ചേക്കാവുന്നത് ഏഷ്യൻ വിപണികൾക്ക് പ്രതീക്ഷയാണ്. 

യൂണിയൻ ബജറ്റ് 2022-23 

7.5 ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി പ്രഖ്യാപനങ്ങളുടെ പകിട്ടിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വികസനോന്മുഖ  ബജറ്റ് വ്യക്തമായ വരുമാന വർധനവിന്റെ പിൻബലത്തിൽ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ കഴിവുള്ളതാണ്. സാങ്കേതിക-അടിസ്ഥാന വളർച്ചയിൽ നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതാക്കാനുള്ള ശ്രമവും, ഗതാഗത വളർച്ചയ്ക്കൊപ്പം ചരക്ക് നീക്കം സുഗമമാക്കാനുള്ള പ്രഖ്യാപനങ്ങളും രാജ്യത്തിൻറെ മുഖച്ഛായ തന്നെ മാറ്റാൻ പോന്നതാണ്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ കറൻസി, ഡേറ്റ സെന്റർ പ്രഖ്യാപനങ്ങളും ബജറ്റിനെ മികവുറ്റതാക്കിയെങ്കിലും പണപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് ജനക്ഷേമ പ്രഖ്യാപനങ്ങളില്ലാതെ പോയത് അപ്രതീക്ഷിതമായി. 

ആർബിഐ

വികസനോന്മുഖ ബജറ്റിന് ശേഷം നാളെ ആരംഭിക്കുന്ന ഭാരതീയ റിസേർവ് ബാങ്കിന്റെ നയാവലോകന യോഗം റിപ്പോ നിരക്കിൽ കൈ വെച്ചേക്കില്ല എന്ന് വിപണി പ്രതീക്ഷിക്കുന്നു. . പണപ്പെരുപ്പ വർദ്ധനവിനാധാരം ഫുഡ് ഇൻഫ്‌ളേഷൻ തന്നെയായിരുന്നെന്നും അത് പതിയെ ക്രമപ്പെടുമെന്നുള്ള അനുമാനത്തിൽ തന്നെ ആർബിഐ തുടർന്നേക്കും.. ബാങ്കിങ്, ഇൻഷുറൻസ് ഓഹരി വിറ്റഴിക്കലിന് പിൻബലമേകുന്നതും,  കോവിഡ് ബാധിത മേഖലകൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതും,  ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്തുണയേകുന്നതുമായ പ്രഖ്യാപനങ്ങളും ബുധനാഴ്ച വിപണി ആർബിഐയിൽ നിന്നും പ്രതീക്ഷിക്കുന്നു. 

rbi

ഓഹരികളും സെക്ടറുകളും

എസ്ബിഐ ഇന്നലെ മികച്ച മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തിയത് ബാങ്കിങ് സെക്ടറിന് തന്നെ മുന്നേറ്റം നൽകിയേക്കും. സ്റ്റേറ്റ് ബാങ്ക് മുൻ വർഷത്തിൽ നിന്നും 62% വർദ്ധനവോടെ 8432 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം സ്വന്തമാക്കി. കരുതൽ തുകയിൽ കുറവ് വന്നതാണ്  ജൂണിൽ 6504 കോടി രൂപയും, സെപ്റ്റംബറിൽ 7626 കോടി രൂപയും അറ്റാദായം നേടിയ ബാങ്കിന് അനുകൂലമായത്. ലോൺ ബുക്കിന്റെ വളർച്ചയും, കിട്ടാക്കടാനുപാതം കുറയുന്നതും എസ്ബിഐയെ അതിദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാക്കുന്നു. 

ബജറ്റിലെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ എൽഐസിയുടെ ഐപിഓ നടപടികൾ ഫെബ്രുവരിയിൽ തന്നെ നടക്കുന്നത് ഇന്ത്യൻ ഓഹരി വിപണിക്ക് തന്നെ പുതിയ ഊർജ്ജം നൽകും. 

പൊതു മേഖല ഓഹരി വിറ്റഴിക്കൽ പ്രഖ്യാപനങ്ങൾ അടുത്ത തന്നെയുണ്ടായേക്കാവുന്നത് പൊതു മേഖല ബാങ്കിങ്, ഇൻഷുറൻസ് സെക്ടറുകൾക്ക് മുന്നേറ്റം നൽകിയേക്കാം. 

മികച്ച റിസൾട്ടുകൾ പൊതു മേഖല ബാങ്കിങ് ഓഹരികളെ ദീർഘ കാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാക്കുന്നു. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നിവ മുന്നേറ്റം തുടരും. 

ബാങ്ക് ഓഫ് ബറോഡ മുൻ വർഷത്തിൽ നിന്നും അറ്റാദായം ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. കഴിഞ്ഞ പാദത്തിൽ 2087 കോടി ഡോളറിന്റെ അറ്റാദായം നേടിയ ബാങ്ക് മൂന്നാം പാദത്തിൽ 2200  കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. 8550 കോടി രൂപയുടെ പലിശ വരുമാനം സ്വാന്തമാക്കിയ ബാങ്ക് ഓഫ് ബറോഡയും കിട്ടാക്കടാനുപാതം മെച്ചപ്പെടുത്തി. 

ഐടിസിയും കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ട് പുറത്ത് വിട്ടു. ബജറ്റിൽ പുകയിലയെ വെറുതെ വിട്ടതും ഓഹരിക്കനുകൂലമാണ്. സിഎൽഎസ്എ ഓഹരിക്ക 300 രൂപയാണ് ലക്‌ഷ്യം കാണുന്നത്. 

ഐസിഐസിഐ ബാങ്കും, ആക്സിസ് ബാങ്കും, ഇൻഡസ് ഇന്ദ് ബാങ്കും, ബന്ധൻ ബാങ്കും നാളെ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റി മുന്നേറിയേക്കാം. 

എബിഎഫ്ആർഎലും മികച്ച മൂന്നാം പാദ ഫലപ്രഖ്യാപനം നടത്തിയത് ടെക്സ്റ്റൈൽ ഓഹരികൾക്ക് അനുകൂലമാണ്. ഓഹരി അടുത്ത തിരുത്തലിലോ, 300 രൂപക്ക് മുകളിൽ വന്നതിന് ശേഷമോ നിക്ഷേപത്തിന് പരിഗണിക്കാം. 

പിഎം ഗതി ശക്തി എന്ന പേരിൽ ഏഴു മേഖലകളിലായി ബജറ്റിൽ പ്രഖ്യാപിച്ച  ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഗതാഗത അനുബന്ധ വികസന പദ്ധതികൾ. ഇൻഫ്രാ, സിമന്റ്, മെറ്റൽ ഓഹരികൾക്ക്  ദീർഘ കാല മുന്നേറ്റം നൽകും. എൽ&ടി, കെഎൻആർ കൺസ്ട്രക്ഷൻ, എച്ച്ജി ഇൻഫ്രാ, ഐആർബി ഇൻഫ്രാ, ദിലിപ് ബിൽഡ്‌കോൺ മുതലായ ഇൻഫ്രാ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

സ്റ്റീൽ സ്ക്രാപ്പിന്റെ ആന്റി ഡംപിങ് തീരുവ ഒഴിവാക്കിയതും, ക്യാപെക്സ് വർദ്ധനവും ഇന്ത്യൻ മെറ്റൽ സെക്ടറിന് പ്രത്യേകിച്ച് സ്റ്റീൽ സെക്ടറിന് അനുകൂലമാണ്. ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്സ്, സെയിൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, ജിൻഡാൽ സോ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

tata-logo

പെട്രോളിയം കെമിക്കലുകളും, അസറ്റിക് ആസിഡ്, മീതൈൽ ആൽക്കഹോൾ തുടങ്ങിയവായുടെ തീരുവകൾ കുറയുന്നത് കെമിക്കൽ സെക്ടറിനും അനുകൂലമാണ്. എസ്ആർഎഫ്, ദീപക് നൈട്രേറ്റ്, നവീൻ ഫ്ലൂറിൻ, ലക്ഷ്മി ഓർഗാനിക്, എംഓഎൽ മുതലായ കെമിക്കൽ ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം. 

ഇലക്ട്രോണിക് മേഖലക്കായി ബജറ്റിൽ പ്രത്യേക പരാമർശമുണ്ടായത് ഡിക്‌സൺ, ആംബർ, ഹാവെൽസ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ ഓഹരികൾക്ക് അനുകൂലമാണ്. 

പ്രതിരോധ വാങ്ങലുകളുടെ  68% ഇന്ത്യയിൽ നിന്നായിരിക്കണമെന്ന പുതിയ ബജറ്റ് നിർദ്ദേശം  ഇന്ത്യൻ ഡിഫെൻസ് സെക്ടറിലേക്ക് കൂടുതൽ നിക്ഷേപം കൊണ്ട് വരും. . ബിഡിഎൽ, എച്ച്എഎൽ, എൽ&ടി, മാഹിന്ദ്ര, ഭാരത് ഫോർജ് ഓഹരികൾ  ശ്രദ്ധിക്കുക

വരാനിരിക്കുന്ന ബാറ്ററി സ്വാപ്പിങ് പോളിസി ടാറ്റ പവറിന് കൂടുതൽ സാദ്ധ്യതകൾ നൽകുന്നു.

ക്രൂഡ് ഓയിലിന്റെ വില മുന്നേറ്റം ഓഎൻജിസിക്കും, ഓയിൽ ഇന്ത്യക്കും അനുകൂലമാണ്. 

എൽഐസിയുടെ ഐപിഓക്ക് മുന്നോടിയായി സംവരണ ഓഹരികൾ സ്വന്തമാക്കാനായി പോളിസി ഉടമകളും, എൽഐസി ഏജന്റ്മാരും ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് സിഡിഎസ്എലിനും ബിഎസ്ഇക്കും അനുകൂലമാണ്. 

ബജറ്റിലെ കാർഗോ ടെർമിനൽ പ്രഖ്യാപനവും, മികച്ച റിസൾട്ടുകളും ലോജിസ്റ്റിക്സ് ഓഹരികൾക്ക് അനുകൂലമാണ്. വിആർഎൽ ലോജിസ്റ്റിക്സ്, ഓൾ കാർഗോ എന്നിവ ശ്രദ്ധിക്കുക. 

റിസൾട്ടുകൾ 

യൂണിയൻ ബാങ്ക്, ടിവിഎസ് മോട്ടോർസ്, ക്ലീൻ സയൻസ് & ടെക്, ഗ്ലാക്സോ, കെപിആർ മിൽസ് , ലിഖിത, മൈൻഡാ ഇൻഡസ്ട്രീസ്, ഗബ്രിയേൽ, ടെക്സ്മാകോ റെയിൽ, ബട്ടർ ഫ്ലൈ, ബന്നാരി അമ്മൻ ഷുഗർ, കാസ്ട്രോൾ ഇന്ത്യ മുതലായ കമ്പനികൾ നാളെ റിസൽട്ടുകൾ പ്രഖ്യാപിക്കുന്നു. 

india-bse
ചിത്രം: AFP

ഓഎൻജിസി, ഓയിൽ, പിഎഫ്സി, പവർ ഗ്രിഡ്, ടാറ്റ പവർ,ടാറ്റ കെമിക്കൽ,  വോൾട്ടാസ്, ഭാരതി എയർടെൽ, ബാറ്റ, മഹിന്ദ്ര , അശോക് ലെയ്‌ലാൻഡ്, ഹീറോ, എസ്കോര്ട്സ്, ഐആർസിടിസി, ഐജിഎൽ, എംജിഎൽ, സെയിൽ, ഹിൻഡാൽകോ, നാൽകോ, എൻഎംഡിസി, ട്രെന്റ്, പേജ് ഇൻഡസ്ട്രീസ്, രൂപ, നസാര, ഓൺ മൊബൈൽ, എസിസി, ഹെയ്‌ഡൽബെർഗ്, ബോഷ് , മതേഴ്സൺ സുമി, ശോഭ, അജ്‌മീര റിയൽറ്റി, എബിബി , സൺ ടിവി, അമര രാജ, എച്ച്ബിഎൽ പവർ, അപ്പോളോ ഹോസ്പിറ്റൽ, കിംസ്, കായ, ഫോർട്ടിസ്, ഡിവൈസ് ലാബ്, ഓൾ കാർഗോ, വി മാർട്ട്, എച്ച്എഎൽ മുതലായ ഓഹരികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 1.90 % കടന്നത് സ്വർണത്തിന് വിനയാണ്. രാജ്യാന്തര സ്വർണ വില 1800 ഡോളറിന് താഴേക്ക് പോന്നേക്കാം. 

ക്രൂഡ് ഓയിൽ 

റഷ്യ-യുക്രെ‌യ്ൻ പ്രശ്നം വീണ്ടും വഷളാകുന്നതും, ടെക്‌സാസിലെ അതി ശൈത്യം അമേരിക്കൻ ക്രൂഡ് ഓയിൽ ഉത്പാദനത്തെ ബാധിച്ചതും ഡബ്ലിയുടിഐ ഓയിൽ വില 2014ന് ശേഷം ആദ്യമായി 92 ഡോളർ കടത്തി. 93 കടന്ന ബ്രെന്റ് ക്രൂഡിന്റെ അടുത്ത ലക്‌ഷ്യം 97 ഡോളറാണ്.

English Summary: BSE Sensex and Indian Market: An Analysis from the Past Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com