ADVERTISEMENT

തിരുവനന്തപുരം ∙ അലങ്കാര ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രൻ ഓൺലൈൻ ട്രേഡിങ്ങിലും സജീവമായിരുന്നതായി പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട വിനീതയുടെ മാല പണയം വച്ചതിൽ 32,000 രൂപ ഓൺലൈൻ ട്രേഡിങ്ങിന് ഉപയോഗിച്ചു. പ്രതിയുമായി തമിഴ്നാട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

കൊലപാതകത്തിനുശേഷം പ്രതി തങ്ങിയ ലോഡ്ജിൽ ഉൾപ്പെടെയായിരുന്നു തെളിവെടുപ്പ്. വിനീതയുടെ കൊലപാതകത്തിനുശേഷം പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും ഇരുചക്ര വാഹനത്തിന്റെ ഉടമയും രാജേന്ദ്രനെ തിരിച്ചറിഞ്ഞു. കവർച്ച ചെയ്യുന്ന മുതലുകളിൽ വലിയൊരു ഭാഗവും ഓൺലൈൻ ട്രേഡിങ്ങിനായാണ് കൊടും ക്രിമിനലായ രാജേന്ദ്രൻ ഉപയോഗിച്ചിരുന്നത്.

വിനീതയുടെ മാല 95,000 രൂപയ്ക്കാണു പണയം വച്ചത്. ബിരുദധാരിയായ പ്രതി പണത്തിനു വേണ്ടിയായിരുന്നു ജീവനുകളെടുത്തത്. ഞായറാഴ്ച കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന രാജേന്ദ്രൻ തങ്ങിയത് കാവൽ കിണറിലെ ലോഡ്ജിലായിരുന്നു. ഇവിടെയെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

ലോഡ്ജിലെ രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. സ്ഥാപന നടത്തിപ്പുകാരൻ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിൽ നാല് കൊലപാതകങ്ങളിൽ രാജേന്ദ്രൻ പ്രതിയാണ്. വിരമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് പുറമേ മറ്റ് രണ്ടുപേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ട്.

വിനീതയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അമ്പലമുക്ക് -കുറവൻകൊണം ഭാഗത്ത്‌ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, ഉള്ളൂർ വരെ ലിഫ്റ്റ് നൽകിയ സ്‌കൂട്ടർ യാത്രികൻ, പേരൂർക്കടയിലേക്ക് തിരികെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഡ്രൈവർ എന്നിവർ പ്രതിയെ തിരിച്ചറിഞ്ഞു.

കവർന്ന മാല തമിഴ്‌നാട് അതിർത്തി പ്രദേശമായ പഴയകടയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം, കൊലപാതകം നടന്ന  അമ്പലമുക്കിലും പ്രതി ജോലി ചെയ്തിരുന്ന ഹോട്ടലിലും തെളിവെടുപ്പ് നടത്തും.

English Summary: Accused in Vineetha murder case is habitual offender; active in online trading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com