ADVERTISEMENT

തിരുവനന്തപുരം ∙ അമ്പലമുക്ക് കൊലക്കേസിലെ പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന്, കൊല്ലപ്പെട്ട വിനീതയുടെ മാതാപിതാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വിനീതയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം പ്രതീക്ഷിക്കുന്നതായി അമ്മ രാഗിണി പറഞ്ഞു.

‘അവൾ പോയതിന്റെ ദുഃഖം പറഞ്ഞറിയിക്കാനാകില്ല. അവളായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. വളരെ കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ വളർത്തിയത്. അവരിൽ ഒരാളെ മാരകമായി കുത്തി കൊലപ്പെടുത്തിയ ദുഷ്ടനെതിരെ വേണ്ട നടപടി സ്വീകരിക്കണം. ഇനിയും മറ്റുള്ളവർക്കെതിരെ ഇങ്ങനെ ഉണ്ടാകരുത്. അവൾക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് എനിക്ക് അറിയില്ല. 

vineetha-father-mother-son
വിനീതയുടെ അച്ഛനും അമ്മയും മകനും

അന്ന് എനിക്ക് നൈറ്റ് ഷിഫ്റ്റ് മാറുന്ന ദിവസമായിരുന്നു. സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. എനിക്ക് വേദന സഹിക്കാനാകുന്നില്ല’– വിനീതയുടെ അച്ഛൻ പറഞ്ഞു. 

‘ഭർത്താവ് മരിച്ചതോടെ അവൾ മാനസികമായി തകർന്നിരുന്നു. അത് മറികടക്കാനാണ് ജോലിക്കു വിട്ടത്. ഏതോ ഒരുത്തന്റെ കൈകൊണ്ട് എന്റെ കു‍ഞ്ഞ് മരിച്ചെന്ന് അറിഞ്ഞ ആ നിമിഷം മുതൽ തകർന്നു പോയതാണ്. ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഉണ്ടാകരുത്. ഒരു കുട്ടികളും ഇങ്ങനെ അനാഥരാകരുത്. അതിനു വേണ്ട നടപടി സർക്കാർ എടുക്കണം.’– വിനീതയുടെ അമ്മ പറ‍ഞ്ഞു.

ഞായറാഴ്ചയാണ് മാല മോഷണത്തിനിടെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി  വിനീതയെ രാജേന്ദ്രൻ എന്ന തമിഴ്നാട് സ്വദേശി കുത്തികൊലപ്പെടുത്തിയത്. ഇരട്ടക്കൊല ഉൾപ്പെടെ തമിഴ്നാട്ടിൽ നാലു കൊലക്കേസുകളിൽ പ്രതിയായ രാജേഷ് എന്ന രാജേന്ദ്രനെ  (49) പൊലീസ് അറസ്റ്റു ചെയ്തു.

English Summary : Thiruvananthapuram Vineetha murder, family reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com