ADVERTISEMENT

തിരുവനന്തപുരം ∙ അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രൻ ആയുധം സൂക്ഷിക്കുന്നത് കൃത്യത്തിനു തൊട്ടു മുൻപുവരെ ഇര കാണാത്ത തരത്തിൽ. കൈയിൽ ചുറ്റിയ തുണിക്കുള്ളിലാണ് രാജേന്ദ്രൻ കത്തി കരുതുക. മോഷണശ്രമത്തിനിടെ ചെറുത്തു നിൽപ്പുണ്ടാകുമ്പോൾ ഒരു കൈയിൽ ഒളിപ്പിച്ച കത്തി മറുകൈ കൊണ്ടെടുക്കും. കഴുത്തിനു നേരെയായിരിക്കും ആക്രമണം.

രാജേന്ദ്രൻ കൊല നടത്തുന്നത് പ്രത്യേക രീതിയിലാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത് പഴയ കൊലക്കേസുകളുടെ ചരിത്രം പരിശോധിച്ചപ്പോഴാണ്. തുണിക്കുള്ളിലെ മൂർച്ചയുള്ള ആയുധം ഒറ്റനോട്ടത്തിൽ ഇരയ്ക്കു തിരിച്ചറിയാൻ സാധിക്കില്ല എന്നതിനാലാണ് 5 കൊലകളും നടത്താൻ രാജേന്ദ്രൻ ഈ രീതി തിരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയതു തോർത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ചായിരുന്നു.

ഇതുവരെ കണ്ടെത്തിയ അഞ്ചു കൊലപാതകവും കഴുത്തു മുറിച്ചാണ്. റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ കോടതിയെ സമീപിച്ച് വിചാരണ നടപടി വൈകിക്കാനായിരുന്നു രാജേന്ദ്രന്റെ നീക്കം. പൊലീസ് അന്യായമായി പ്രതി ചേർത്തുവെന്നും കേസിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം. കോടതി ഇത് അംഗീകരിച്ചതോടെ വിചാരണ നടപടി തൽക്കാലത്തേക്ക് ഒഴിവായി.‌

വിനീത വിജയൻ, രാജേന്ദ്രൻ
വിനീത, രാജേന്ദ്രൻ

ഈ സമയം കൊണ്ട് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പക്ഷേ, കൊലപാതകം നടത്തിയത് രാജേന്ദ്രൻ തന്നെയെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തി. റിട്ട. ഉദ്യോഗസ്ഥൻ സുബയ്യ, വസന്തി, അബി ശ്രീ എന്നിവരാണു കൊല്ലപ്പെട്ടത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു രാജേന്ദ്രൻ കേരളത്തിലേക്ക് എത്തിയത്. അമ്പലമുക്ക് കൊലപാതകത്തിൽ ഉന്നത ഉദ്യോസ്ഥർക്കു മാത്രം മറുപടി പറയുന്ന രീതിയാണു രാജേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്.

വിനീതയുടെ കൊലപാതകത്തിൽ പിടിയിലായ ശേഷം ആദ്യദിനം ചോദ്യം ചെയ്യലിൽ പൂർണമായും നിസ്സഹകരിച്ചു. തുടർച്ചയായി മൊഴി മാറ്റുകയും വ്യക്തതയില്ലാത്ത മറുപടികൾ നൽകുകയും ചെയ്തു. പിന്നീട് തെളിവുകൾ ഹാജരാക്കിയതോടെയാണു കുറ്റസമ്മതം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

English Summary: Ambalamukku Vineetha Murder: Police findings about culprit Rajendran's modus operandi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com